ഡല്‍ഹിയെ നയിക്കാന്‍ വനിതാ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് അതിഷി മര്‍ലേന; നാല് മന്ത്രിമാരെ നിലനിര്‍ത്തി; മുകേഷ് കുമാര്‍ പുതുമുഖം

സത്യപ്രതിജ്ഞ ചെയ്ത് അതിഷി മര്‍ലേന

Update: 2024-09-21 11:55 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡല്‍ഹി രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ അതിഷിക്ക് പുറമെ ഗോപാല്‍ റായി, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്ലാവത് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. അരവിന്ദ് കെജ്രിവാള്‍ അടക്കം പങ്കെടുത്ത ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു ഡല്‍ഹി പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ.

കേജ്രിവാള്‍ മന്ത്രിസഭയിലുണ്ടായിരുന്ന ഗോപാല്‍ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരെ നിലനിര്‍ത്തിക്കൊണ്ടാണ് മന്ത്രിസഭാ അഴിച്ചുപണി. മുകേഷ് കുമാര്‍ അഹ്ലാവത് പുതുമുഖമാണ്. കേജ്രിവാള്‍ മന്ത്രിസഭയില്‍ ഏഴ് പേരായിരുന്നെങ്കില്‍ അതിഷി മന്ത്രിസഭയില്‍ ആറ് പേരെയുള്ളൂ.

മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെ അരവിന്ദ് കേജ്രിവാള്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു. ഡല്‍ഹിയില്‍ ആംആദ്മിയുടെ ഉറച്ച ശബ്ദമായ അതിഷിയല്ലാതെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേജ്രിവാളിന് മുന്നില്‍ മറ്റൊരു പേരുണ്ടായിരുന്നില്ല. ആംആദ്മി രാഷ്ട്രീയകാര്യ സമിതിയില്‍ കേജ്രിവാള്‍ അതിഷിയുടെ പേര് നിര്‍ദേശിച്ചു.

മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ളവര്‍ പിന്തുണച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയെത്തി. തൊട്ടടുത്ത ദിവസം അതിഷിയെ ഡല്‍ഹി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഈ മാസം 26, 27 തീയതികളില്‍ ഡല്‍ഹി നിയമസഭ സമ്മേളനം ചേരാനും തീരുമാനമുണ്ട്. നാളെ കെജ്രിവാള്‍ ജനത കി അദാലത്ത് എന്ന പേരില്‍ പൊതുപരിപാടി സംഘടിപ്പിക്കും. ജന്തര്‍മന്തറിലാണ് പരിപാടി.

Tags:    

Similar News