മഹാരാഷ്ട്രയിലെ ആ 'മഹാനേതാ' ഫഡ്‌നാവിസ് തന്നെ! ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും; ഇന്ന് ഗവര്‍ണറെ കാണും, സത്യപ്രതിജ്ഞ നാളെ വൈകീട്ട് മുംബൈ ആസാദ് മൈതാനത്ത്; ഏകനാഥ് ഷിന്‍ഡെയും അജിത് പവാറും ഉപമുഖ്യമന്ത്രിമാരായേക്കും; ചര്‍ച്ചകളില്‍ ഷിന്‍ഡേയുടെ പിണക്കം തീര്‍ത്തെന്ന് സൂചന

Update: 2024-12-04 07:08 GMT

മുംബൈ: ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേൽക്കും. മുംബൈയില്‍ ഇന്നു ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗം ഫഡ്‌നാവിസിനെ നേതാവായി തെരഞ്ഞെടുത്തതോടെയാണ് ദിവസങ്ങൾ നീണ്ട സസ്പെൻസ് അവസാനിച്ചത്. മൂന്നാം തവണയാണ് ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്. എൻസിപിയുടെ അജിത് പവാറിനൊപ്പം ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയായേക്കും എന്നാണ് വിവരം.

ഫഡ്‌നാവിസും ഷിൻഡെയും പവാറും വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മുംബൈയിലെ ആസാദ് മൈതാനിയിൽ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.

നിയമസഭയിലേക്ക് വിജയിച്ച ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ കേന്ദ്രനിരീക്ഷകരായി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവര്‍ സംബന്ധിച്ചു. യോഗത്തിൽ വിജയ് രൂപാണിയാണ് ഫഡ്‌നാവിസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. മുതിർന്ന ബിജെപി നേതാക്കളായ സുധീർ മുൻഗന്തിവാർ, പങ്കജ മുണ്ടെ എന്നിവർ ഈ നിർദ്ദേശം ഏകകണ്ഠമായി അംഗീകരിച്ചതോടെയാണ് ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനമായത്.

അതേസമയം, ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യം മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയിരുന്നു. 288 സീറ്റുകളിൽ 235 എണ്ണത്തിലും ജയിച്ചാണ് അവർ വീണ്ടും അധികാരത്തിലെത്തിയത്. ഇതിൽ ബിജെപിക്ക് 132, ശിവസേനയ്ക്ക് 57, എൻസിപിക്ക് 41 സീറ്റുകളിലുമാണ് വിജയിച്ചത്.

എന്നാൽ തെരഞ്ഞെടുപ്പിൽ വലിയ വിജ്യം നേടിയിട്ടും മുഖ്യമന്ത്രിയെ സംബന്ധിച്ച് ധാരണയിലെത്താൻ കഴിയാതെ മഹായുതി സഖ്യം പ്രതിസന്ധിയിലായിരുന്നു. ഏക്നാഥ് ഷിൻഡെയെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് ശിവസേനയും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തിയതോടെയാണ് മുഖ്യ മന്ത്രി തീരുമാനത്തിൽ അനിശ്ചിതത്വം ഉണ്ടായത്. ശേഷം ഇന്ന് രാവിലെ നടന്ന നിർണായക യോഗത്തിലാണ് സമവായമുണ്ടായത്. 

Tags:    

Similar News