വീണ്ടും ബ്രേയ്ക്ക്ഫാസ്റ്റ് നയതന്ത്രം! മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഡി കെ ശിവകുമാര്‍ വിളമ്പിയത് നാടന്‍ കോഴിക്കറിയും ഇഡലിയും ദോശയും ഉപ്പുമാവും ഒപ്പം കാപ്പിയും; ഹൈക്കമാന്‍ഡ് നീക്കം വിജയം കാണുമോ? ഇരുവരെയം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചേക്കും; നേതാക്കളുടെ വടംവലി തുടരവേ സംസ്ഥാന ഭരണം താളംതെറ്റിയെന്ന് ആരോപിച്ചു ബിജെപി
വീണ്ടും ബ്രേയ്ക്ക്ഫാസ്റ്റ് നയതന്ത്രം!
ബെംളൂരു: കര്‍ണാടകത്തിലെ മുഖ്യമന്ത്രി തര്‍ക്കത്തില്‍ വീണ്ടും ബ്രേയ്ക്ക്ഫാസ്റ്റ് നയതന്ത്രവുമായി കോണ്‍ഗ്രസ് നേതൃത്വം. ഇക്കുറി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വസതിയിലാണ് പ്രാതല്‍. നാടന്‍ കോഴിക്കറി, ഇഡലിയും ദോശയും ഉപ്പുമാവും ഒപ്പം ആവിപറക്കുന്ന കാപ്പിയുമാണ് ശിവകുമാര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കായി ഒരുക്കിയത്. ചൊവ്വാഴ്ച രാവിലെയോടെയാണ് സിദ്ധരാമയ്യ, ഡി.കെ ശിവകുമാറിന്റെ വസതിയില്‍ പ്രാതലിനെത്തിയത്.
ആദ്യം ബെംഗളൂരു റൂറല്‍ എം.പിയായ ഡി.കെ. സുരേഷിന്റെ നേതൃത്വത്തില്‍ പൂക്കൂട കൈമാറിയും ഷാളണിയിച്ചും സ്വീകരണം. പിന്നാലെ, പ്രാതലിലേക്ക്, വീട്ടിലുണ്ടാക്കിയ വിഭസമൃദ്ധമായ ഭക്ഷണത്തിനൊപ്പം ചൂടേറിയ ചര്‍ച്ചയും കാപ്പിയും. കഴിഞ്ഞ ദിവസമാണ് കൂടിക്കാഴ്ച സംബന്ധിച്ച് വിവരങ്ങള്‍ വെളിപ്പെടുത്തി ഡി.കെ സമൂഹമാധ്യമമായ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചത്. മുഖ്യമന്ത്രിയെ വീട്ടിലേക്ക് പ്രാതലിന് ക്ഷണിച്ചിട്ടുണ്ടെന്നും ഇരുവരും ഒരുമിച്ച് ഒറ്റക്കെട്ടായി നീങ്ങുന്നത് ചര്‍ച്ചചെയ്യാനും കര്‍ണാടകയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ യോജിച്ചുള്ള ശ്രമങ്ങള്‍ അരക്കിട്ടുറപ്പിക്കാനുമാണ് ചര്‍ച്ചയെന്നും ഡി.കെ വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ച സിദ്ധരാമയ്യയുടെ ക്ഷണം സ്വീകരിച്ച് ഡി.കെ അദ്ദേഹത്തിന്റെ വസതിയില്‍ പ്രാതലിനെത്തിയിരുന്നു. തുടര്‍ന്ന്, അധികാരത്തര്‍ക്കത്തില്‍ വിട്ടുവീഴ്ചയുണ്ടാവുന്നുവെന്ന സന്ദേശം നല്‍കി ഇരുവരും ഒന്നിച്ച് വാര്‍ത്തസമ്മേളനം നടത്തുകയും ചെയ്തു. തങ്ങള്‍ക്കിടയില്‍ ഭിന്നതയില്ലെന്നും കര്‍ണാടകയുടെ ക്ഷേമമാണ് ലക്ഷ്യമെന്നുമായിരുന്നു പ്രതികരണം.അധികാരമാറ്റമടക്കം വിഷയങ്ങളില്‍ ഹൈകമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുമെന്നും ഇരുവരും വ്യക്തമാക്കി.
ചൊവ്വാഴ്ച പ്രാതല്‍ ചര്‍ച്ചക്ക് ശേഷവും ഇതേ വാക്കുകള്‍ സിദ്ധരാമയ്യ ആവര്‍ത്തിച്ചു. തങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ ഭിന്നതയില്ലെന്നും ഹൈകമാന്‍ഡ് തീരുമാനിച്ച് നിര്‍ദേശിക്കുന്നത് അനുസരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. കഴിഞ്ഞ ദിവസം സിദ്ധരാമയ്യയുടെ ക്ഷണം സ്വീകരിച്ച ഡി.കെ. ശിവകുമാര്‍ അദ്ദേഹത്തിന്റെ വസതിയില്‍ പ്രാതലിനെത്തിയിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട ഇരുവരും നേതൃമാറ്റമടക്കം വിഷയങ്ങളില്‍ ഹൈകമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
മുഖ്യമന്ത്രി പദത്തിനായി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും തമ്മില്‍ വടംവലി കനക്കുന്നതിനിടെ സംസ്ഥാന ഭരണം അടിമുടി താളംതെറ്റിയതായി ആരോപിച്ച് ബി.ജെ.പിയടക്കം പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിച്ച ഡി.കെ.ശിവകുമാര്‍ ഈ ആരോപണങ്ങളെ തള്ളി. സംസ്ഥാനത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നും പ്രതിപക്ഷത്തിന്റേത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും ഡി.കെ വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രി പദത്തിനായി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും തമ്മില്‍ വടംവലി കനക്കുന്നതിനിടെ സംസ്ഥാന ഭരണം അടിമുടി താളംതെറ്റിയതായി ആരോപിച്ച് ബി.ജെ.പിയടക്കം പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിച്ച ഡി.കെ.ശിവകുമാര്‍ ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞിരുന്നു. സംസ്ഥാനത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നും പ്രതിപക്ഷത്തിന്റേത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും ഡി.കെ വ്യക്തമാക്കി.
ഇരുവരും തമ്മിലുള്ള അധികാരവടംവലി തലവേദനയായതോടെയാണ് വിഷയത്തില്‍ ദേശീയ നേതൃത്വം ഇടപെട്ടത്. തുടര്‍ന്ന്, ഹൈകമാന്‍ഡ് നിര്‍ദേശമനുസരിച്ചായിരുന്നു ശനിയാഴ്ച സിദ്ധരാമയ്യയുടെ വസതിയിലെ പ്രാതല്‍ ചര്‍ച്ച. 2028 തെരഞ്ഞെടുപ്പാണ് അജണ്ടയായതെന്നായിരുന്നു കൂടിക്കാഴ്ചക്ക് പിന്നാലെ സിദ്ധരാമയ്യയുടെ വിശദീകരണം. '2028 തെരഞ്ഞെടുപ്പായിരുന്ന ഞങ്ങളുടെ അജണ്ട. തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ ഭരണത്തിലേക്ക് തിരിച്ചെത്തിക്കുന്നതാണ് ചര്‍ച്ചയായത്.
ഒന്നിച്ച് മുന്നോട്ടുപോകാന്‍ ഞങ്ങള്‍ തമ്മില്‍ ധാരണയിലായി. ഞങ്ങള്‍ക്കടിയില്‍ അഭിപ്രായ വ്യത്യാസങ്ങളൊന്നും നിലവിലില്ല, ഭാവിയില്‍ ഉണ്ടാവുകയുമില്ല'- സിദ്ധരാമയ്യ പറഞ്ഞു. വിഷയത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേത് ആണെന്നും താനായാലും ശിവകുമാറായാലും ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. പിന്നീട് സമൂഹമാധ്യമത്തില്‍ ഡി.കെ ശിവകുമാറും സമാന നിലപാടുകള്‍ ആവര്‍ത്തിച്ചു.
2023ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം വീതംവെക്കാമെന്ന് തീരുമാനിച്ചിരുന്നു എന്നാണ് ശിവകുമാര്‍ പക്ഷത്തിന്റെ വാദം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ നേതൃത്വം തയാറായിരുന്നില്ല. നിലവില്‍ സിദ്ധരാമയ്യ രണ്ടര വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ മാറി തനിക്ക് മുഖ്യമന്ത്രി പദം നല്‍കണം എന്നാണ് ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍, ഇരുവര്‍ക്കുമിടയില്‍ അധികാരകൈമാറ്റമടക്കം വിഷയങ്ങളില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ ഇനിയും അന്തിമമായിട്ടില്ലെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. പടിപടിയായി ഡി.കെ ശിവകുമാറിനെ ഉയര്‍ന്ന പദവികളില്‍ എത്തിക്കാന്‍ ധാരണയായി എന്നാണ് നിലവില്‍ ഇതുസംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍. ചൊവ്വാഴ്ച പ്രാതല്‍ ചര്‍ച്ചയിലും ഇരുവിഭാഗത്തിന്റെയും നിര്‍ണായക ആവശ്യങ്ങള്‍ ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ടുകള്‍. വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരാനാണ് ഇരുവരോടും ഹൈകമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
