നടി രന്യ റാവുവിന്റെ സ്വര്‍ണ്ണക്കടത്ത് ബന്ധം കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയ ബിജെപിക്ക് തിരിച്ചടി; രന്യക്ക് 12 ഏക്കര്‍ ഭൂമി അനുവദിച്ചത് മുന്‍ ബിജെപി സര്‍ക്കാര്‍; അനുവദിച്ച ഭൂമിയില്‍ കമ്പനി ഒരു പ്രവര്‍ത്തനവും തുടങ്ങിയിട്ടില്ലെന്ന് സര്‍ക്കാര്‍

നടി രന്യ റാവുവിന്റെ സ്വര്‍ണ്ണക്കടത്ത് ബന്ധം കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയ ബിജെപിക്ക് തിരിച്ചടി; രന്യക്ക് 12 ഏക്കര്‍ ഭൂമി അനുവദിച്ചത് മുന്‍ ബിജെപി സര്‍ക്കാര്‍; അനുവദിച്ച ഭൂമിയില്‍ കമ്പനി ഒരു പ്രവര്‍ത്തനവും തുടങ്ങിയിട്ടില്ലെന്ന് സര്‍ക്കാര്‍

Update: 2025-03-10 10:55 GMT

ബംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുതലെടുപ്പിന് ശ്രമിച്ച ബിജെപിക്ക് തിരിച്ചടി. വിഷയത്തില്‍ കോണ്‍ഗ്രസിനെ പഴിചാരാന്‍ അവസരം കാത്തിരുന്നവര്‍ക്കാണ് വിവാദത്തില്‍ പുതുതായി ഉണ്ടായ ഡെവലപ്പുകള്‍ തിരിച്ചടിയായി മാറിയത്. രന്യയുടെ കമ്പനിക്ക് 12 ഏക്കര്‍ ഭൂമി അനുവദിച്ചത് ബിജെപി സര്‍ക്കാറായിരുന്നു. ഇക്കാര്യം അറിയാതെ കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചു ബിജെപി നേതാക്കള്‍ വെട്ടിലായി.

2023 ഫെബ്രുവരിയില്‍ ഉരുക്ക് പ്ലാന്റ് സ്ഥാപിക്കാന്‍ 12 ഏക്കര്‍ ഭൂമി അനുവദിച്ചതായി കണ്ടെത്തല്‍. കര്‍ണാടക മുന്‍ സര്‍ക്കാറാണ് രന്യയുടെ കമ്പനിക്ക് ഭൂമി അനുവദിച്ചത്. നടിയുടെ സ്വര്‍ണക്കടത്തില്‍ സിദ്ധരാമയ്യ സര്‍ക്കാറിലെ പ്രമുഖ മന്ത്രിക്ക് പങ്കുണ്ടെന്നും ഇതെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി കര്‍ണാടക പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര രംഗത്തുവന്നിരുന്നു. ഇതെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതോടെ ബി.ജെ.പി പെട്ടത്. ഭൂമി അനുവദിച്ചത് ബിജെപിയുടെ കാലത്താണെന്നാണ് വ്യക്തമായ വിവരം.

ഇതു സംബന്ധിച്ച രേഖയും കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്‌മെന്റ് ബോര്‍ഡ് (കെ.ഐ.എ.ഡി.ബി)പുറത്തുവിട്ടു. തുമകുരുവിലെ സിറ വ്യവസായ മേഖലയിലാണ് രന്യ റാവുവിന് പങ്കാളിത്തമുള്ള കമ്പനിക്ക് ഭൂമി അനുവദിച്ചത്. രന്യക്ക് കര്‍ണാടക സര്‍ക്കാര്‍ 12 ഏക്കര്‍ അനുവദിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ സംഭവത്തിന് രാഷ്ട്രീയമാനം കൈവന്നതോടെയാണ് വിശദീകരണവുമായി കെ.ഐ.എ.ഡി.ബി രംഗത്തുവന്നത്.

കര്‍ണാടകയില്‍ നിലവിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറില്‍ വ്യവസായ മന്ത്രി എം.ബി.പാട്ടീല്‍ നടിക്ക് ഭൂമി അനുവദിച്ചു എന്ന പ്രചാരണങ്ങള്‍ക്കിടയിലാണ് രേഖ പുറത്തുവിട്ടത്. തുമകുരു ജില്ലയിലെ സിറ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ റന്യയുടെ സ്ഥാപനമായ ക്‌സിറോഡ ഇന്ത്യക്ക് ഭൂമി അനുവദിക്കാനുള്ള നിര്‍ദേശത്തിന് 2023 ജനുവരി രണ്ടിനാണ് ബോര്‍ഡ് അംഗീകാരം നല്‍കിയത്. അതേ ദിവസം നടന്ന 137-ാമത് സംസ്ഥാന തല ഏകജാലക ക്ലിയറന്‍സ് കമ്മിറ്റി യോഗം അനുമതി നല്‍കി. തുടര്‍ന്ന് ഭൂമി അനുവദിക്കുന്നത് സംബന്ധിച്ച് 2023 ഫെബ്രുവരി 22 നാണ് ബിജെപി സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്.

2023 മേയില്‍ നടന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. രന്യയും സഹോദരനുമായിരുന്നു 2022ല്‍ രൂപീകരിച്ച കമ്പനിയുടെ ഡയറക്ടര്‍മാര്‍. ടി.എം.ടി കമ്പികള്‍ ഉള്‍പ്പെടെ നിര്‍മിക്കാനുള്ള പ്ലാന്‍സ് സ്ഥാപിക്കാനാണ് കമ്പനി അപേക്ഷ നല്‍കിയത്. 138 കോടിയുടെ പദ്ധതിയില്‍ 160 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കമ്പനി വാഗ്ദാനം നല്‍കിയിരുന്നു. തുടര്‍ന്ന് 2023 ജനുവരി രണ്ടാം തീയതി ചേര്‍ന്ന സംസ്ഥാന തല ഏകജാലക ക്ലിയറന്‍സ് കമ്മിറ്റി യോഗത്തിലാണ് കമ്പനിക്ക് ഭൂമി അനുവദിച്ചതെന്നും കെ.ഐ.എ.ഡി.ബി വ്യക്തമാക്കി. എന്നാല്‍ ഇതുവരെ അനുവദിച്ച ഭൂമിയില്‍ കമ്പനി ഒരു പ്രവര്‍ത്തനവും തുടങ്ങിയിട്ടില്ല.

കര്‍ണാടക ഡി.ജി.പി കെ. രാമചന്ദ്രറാവുവിന്റെ രാമചന്ദ്ര റാവുവിന്റെ ഭാര്യക്ക് ആദ്യ ഭര്‍ത്താവിലുള്ള മകളാണ് രന്യ റാവു. കെ. രാമചന്ദ്രറാവു നിലവില്‍ കര്‍ണാടക സ്റ്റേറ്റ് പൊലീസ് ഹൗസിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ചെയര്‍മാനും എം.ഡിയുമാണ്.

ദുബൈയില്‍ നിന്ന് 14.2 കിലോ സ്വര്‍ണം കടത്തുന്നതിനിടെയാണ് രന്യയെ ഡി.ആര്‍.ഐ സംഘം കസ്റ്റഡിയിലെടുത്തത്. നടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടുകോടി രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. ഡി.ആര്‍.ഐ കസ്റ്റഡി കാലാവധി കഴിഞ്ഞാലുടന്‍ രന്യയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

Tags:    

Similar News