മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ സഖ്യം; തുടര്‍നടപടി തേടി പ്രതിപക്ഷം പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും; ബിഹാറിലെ തിരഞ്ഞെടുപ്പ് ക്രമക്കേട് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് നോട്ടീസ് നല്‍കാന്‍ നീക്കം; നീക്കം ഇന്ത്യാ മുന്നണിക്ക് തന്നെ പ്രതികൂലമായി മാറുമെന്നും വിലയിരുത്തല്‍
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ സഖ്യം
ന്യൂഡല്‍ഹി: കേന്ദ്ര മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ സഖ്യം മുന്നോട്ട്. തിങ്കളാഴ്ച രാവിലെ ചേര്‍ന്ന പ്രതിപക്ഷകക്ഷിയോഗത്തിലാണ് തീരുമാനം എടുത്തത്. തിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങാനാണ് ഇന്ത്യ സഖ്യം തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ പ്രാരംഭചര്‍ച്ചകളാണ് നടന്നിട്ടുള്ളത്. തുടര്‍നടപടി തേടി പ്രതിപക്ഷം പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും. എന്നാല്‍ ഇംപീച്ച്മെന്റ് നടപടിയ്ക്കായി ലോക്സഭയിലും രാജ്യസഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാകണം.
രാഷ്ട്രപതിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷനെ നീക്കം ചെയ്യുന്ന കാര്യത്തില്‍ യാതൊരുവിധ അധികാരവുമില്ല. സഭകളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ബിഹാറിലെ തിരഞ്ഞെടുപ്പ് ക്രമക്കേട് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് നോട്ടീസ് നല്‍കാനുള്ള നീക്കത്തിലേക്ക് പ്രതിപക്ഷം നീങ്ങുന്നത്. പ്രമേയം പാസാകാന്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം വേണമെന്നിരിക്കെ അത്രയും അംഗങ്ങള്‍ ഇന്ത്യ സഖ്യത്തിനില്ലാത്തത് പ്രതികൂലമായി മാറാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ കര്‍ശന നടപടികളിലേക്ക് ഇന്ത്യാ സംഖ്യം കടക്കുമോ എന്നാണ് അറിയേണ്ടത്.
ഓഗസ്റ്റ് ഏഴിനാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര-ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലും വന്‍തോതില്‍ കൃത്രിമം നടന്നുവെന്ന ഗുരുതര ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തെളിവുകള്‍ നിരത്തി രംഗത്തെത്തിയത്. വ്യാജവിലാസങ്ങളില്‍ വന്‍തോതില്‍ വോട്ടര്‍മാര്‍, ഒരേവിലാസത്തില്‍ നിരവധി വോട്ടര്‍മാര്‍. ഒരാള്‍ക്ക് മൂന്ന് സംസ്ഥാനത്ത് വരെ വോട്ട് എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ക്ക് ആധാരമായി വോട്ടര്‍പട്ടികയും വിലാസങ്ങളിലെ പൊരുത്തക്കേടുകളും നിരത്തുന്ന തെളിവുകളും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ വീഡിയോ വാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ വന്‍തോതിലുള്ള വോട്ട് മോഷണം നടന്നതായി രാഹുല്‍ ആരോപിച്ചു. ബാംഗ്ലൂര്‍ സെന്‍ട്രലിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ മഹാദേവപുര ഒഴിച്ച് ആറിടത്തെ വോട്ടുകളില്‍ കോണ്‍ഗ്രസിന് 85,000 വോട്ട് ലീഡുണ്ടായിരുന്നു. എന്നാല്‍ മഹാദേവപുരയിലെ മാത്രം വോട്ട് കൂട്ടിയപ്പോള്‍ 35,000 വോട്ടിന് ബിജെപി സ്ഥാനാര്‍ഥി ജയിച്ചു. ഈ ഒരേയൊരു നിയമസഭാ മണ്ഡലത്തില്‍ മാത്രം 1,14,000 വോട്ടാണ് ബിജെപിക്ക് അധികമായി കിട്ടിയത്. ഇത് സര്‍വത്ര തിരിമറിയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളില്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ വ്യാജമാണെന്നും രാഹുല്‍ ആരോപിച്ചു.
രാജ്യത്ത് തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാണിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഭരണവിരുദ്ധ വികാരം ഇല്ലാത്തതിന് എപ്പോഴും ഒരു കാരണം ഉണ്ടാകാറുണ്ടെന്ന് പറഞ്ഞ രാഹുല്‍ പുല്‍വാമയും ഓപ്പറേഷന്‍ സിന്ദൂറും ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയില്‍, അഞ്ച് വര്‍ഷം കൊണ്ട് ഉണ്ടായതിനേക്കാള്‍ കൂടുതല്‍ വോട്ടര്‍മാരെ 5 മാസം കൊണ്ട് പുതുതായി ചേര്‍ത്തതും, വൈകുന്നേരം 5 മണിക്ക് ശേഷം പോളിംഗ് ശതമാനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായതും സംശയങ്ങള്‍ ജനിപ്പിക്കുന്നതാണെന്ന് രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയില്‍ വോട്ടര്‍ പട്ടികയില്‍ സംഭവിച്ച വോട്ടര്‍മാരുടെ വര്‍ധനയും കുതിച്ചു ചാട്ടവും സംശയകരമാണെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാരുണ്ടെന്നും രാഹുല്‍ ആരോപിച്ചു. തെളിവുകള്‍ ഇല്ലാതിരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കുന്നതായും രാഹുല്‍ ആരോപിച്ചു. വോട്ടര്‍പട്ടികയുടെ ഇലക്ട്രോണിക് ഡാറ്റ നല്‍കാത്തത് കൃത്രിമം കണ്ടെത്തുമെന്നത് കൊണ്ടാണെന്നും രാഹുല്‍ പറഞ്ഞു.