ബാബുലാല്‍ മറണ്ടി ധന്‍വര്‍ മണ്ഡലത്തില്‍ ജനവിധി തേടും; ചമ്പായ് സോറനും ഷിബു സോറന്റെ മരുമകള്‍ സീത സോറനും പട്ടികയില്‍; ഝാര്‍ഖണ്ഡില്‍ 68 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെപി

നീര യാദവ് കൊദര്‍മയില്‍ നിന്ന് മത്സരിക്കും

Update: 2024-10-19 14:53 GMT

റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. 66 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറണ്ടി ധന്‍വര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് എന്‍.ഡി.എ മുന്നണിയിലെ സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനമായത്.

മുന്‍ മുഖ്യമന്ത്രിയും ജെ.എം.എം. നേതാവുമായിരുന്ന ചമ്പായ് സോറന്‍, മുന്‍മുഖ്യമന്ത്രി ഷിബു സോറന്റെ മരുമകളുമായ സീത സോറന്‍ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ചമ്പായ് സരായ്കെല്ലയില്‍ നിന്നും സീത ജംതാരയില്‍ നിന്നും ഗീത ബാല്‍മുച്ചു ചായ്ബാസയില്‍ നിന്നും മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത കോഡ ജനനാഥ്പുരില്‍ നിന്നും മീര മുണ്ട പോറ്റ്കയില്‍ നിന്നുമാണ് ജനവിധി തേടുന്നത്.

ഝാര്‍ഖണ്ഡിലെ പ്രധാന ബി.ജെ.പി. നേതാവായ നീര യാദവ് കൊദര്‍മയില്‍ നിന്ന് മത്സരിക്കും. ഗാണ്ഡേയില്‍ മുനിയ ദേവി, സിന്ദ്രിയില്‍ താരാ ദേവിസ നിര്‍സയില്‍ അപനാര്‍ന സെന്‍ഗുപ്തയും മത്സരിക്കുമെന്നാണ് ബി.ജെ.പി. അറിയിച്ചിരിക്കുന്നത്.

ആകെയുള്ള 81 സീറ്റുകളില്‍ ബി.ജെ.പി 68 സീറ്റിലും സഖ്യകക്ഷിയായ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ (എ.ജെ.എസ്.യു) പത്ത് സീറ്റിലും ജെ.ഡി.യു രണ്ട് സീറ്റിലും ലോക് ജനശക്തി പാര്‍ട്ടി ഒരു സീറ്റിലുമാണ് മത്സരിക്കുക. രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ടം നവംബര്‍ 13-നും രണ്ടാം ഘട്ടം 20നുമായിരിക്കും. നവംബര്‍ 23-നാണ് വോട്ടെണ്ണല്‍.

Tags:    

Similar News