യഥാര്‍ഥത്തില്‍ ഉറക്കം കെടാന്‍ പോകുന്നത് പ്രധാനമന്ത്രിയുടേത്; നടത്തിയത് രാഷ്ട്രീയ പ്രസംഗം; പഹല്‍ഗാം ഭീകരാക്രമണത്തിന് പാക്കിസ്ഥാനെതിരെ ശക്തമായി നടപടി ആവശ്യപ്പെടുമ്പോള്‍ പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തുന്നതിലാണ് മോദിക്ക് ശ്രദ്ധ: കെ.സി.വേണുഗോപാല്‍

യഥാര്‍ഥത്തില്‍ ഉറക്കം കെടാന്‍ പോകുന്നത് പ്രധാനമന്ത്രിയുടേത്

Update: 2025-05-02 12:10 GMT

ന്യൂഡല്‍ഹി: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കമ്മിഷനിങ് വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് രാഷ്ട്രീയ പ്രസംഗമാണെന്ന് കുറ്റപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യ മുന്നണിയുടെയും ഉറക്കം കെടുത്താന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി, പാക്കിസ്ഥാനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിക്കുന്ന ഈ നിമിഷത്തിലും പ്രധാനമന്ത്രിയെ പോലുള്ളവര്‍ തരംതാഴ്ന്ന പരാമര്‍ശങ്ങള്‍ നടത്തുന്നത് ഖേദകരമാണെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യ മുന്നണിയിലെയും നേതാക്കളുടെ ഉറക്കം കെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ പാക്കിസ്ഥാനെതിരെ ശക്തമായി നടപടി ആവശ്യപ്പെടുമ്പോള്‍ പ്രതിപക്ഷത്തിന്റെ ഉറക്കം കെടുത്തുന്നതിലാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധ. പ്രധാനമന്ത്രിയുടെ മുന്‍ഗണന എന്താണെന്ന് വ്യക്തമാണ്.

പാക്കിസ്ഥാനെതിരെ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് സംസാരിക്കുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല. പ്രതിപക്ഷത്തിന്റെ ഉറക്കം കെടുന്ന കാര്യത്തെക്കുറിച്ചാണെങ്കില്‍, അതെന്തിനാണെന്ന് പ്രധാനമന്ത്രി വരും ദിവസങ്ങളില്‍ അറിയും. അദ്ദേഹം കഴിഞ്ഞദിവസം പ്രഖ്യാപിച്ച ജാതി സെന്‍സസ് നടപ്പാക്കാനുള്ള സമയക്രമം പ്രഖ്യാപിക്കാനും പഹല്‍ഗാം ആക്രമണത്തില്‍ 26 പേരെ കൊന്നൊടുക്കിയ പാക്കിസ്ഥാനോടുള്ള മറുപടി ഇന്ത്യയെക്കൊണ്ട് കൊടുപ്പിക്കാനും പ്രധാനമന്ത്രിയില്‍ സമ്മര്‍ദം ചെലുത്താനുള്ള നടപടി ഇന്ത്യ മുന്നണിയുടെ ഭാഗത്തുനിന്നുണ്ടാകും.

യഥാര്‍ഥത്തില്‍ ഉറക്കം കെടാന്‍ പോകുന്നത് പ്രധാനമന്ത്രിയുടേതായിരിക്കും.'' കെ.സി.വേണുഗോപാല്‍ മാധ്യമങ്ങളോടു പറഞ്ഞു. അദാനിയെ പ്രീണിപ്പിക്കലാണ് പ്രധാനമന്ത്രിയുടെ മുന്‍ഗണനയെന്ന് വ്യക്തമാണെന്ന് കെ.സി.വേണുഗോപാല്‍ പിന്നീട് എക്‌സിലെ കുറിപ്പില്‍ വ്യക്തമാക്കി.

Tags:    

Similar News