കെജ്രിവാളിന് പുതിയ കുരുക്ക്; മദ്യനയക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്. ഗവര്‍ണറുടെ അനുമതി; ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങവേ ആം ആദ്മി പാര്‍ട്ടി്ക്ക് മുന്നില്‍ അടുത്ത പ്രതിസന്ധി

മദ്യനയക്കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്. ഗവര്‍ണറുടെ അനുമതി;

Update: 2024-12-21 07:55 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും കുരുക്ക്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെജ്രിവാളിനെതിരായ നീക്കം ശക്തമായി. ഇതിന്റെ ഭാഗമായി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അനുമതി നല്‍കി.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. കെജ്രിവാള്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷമായ ബി.ജെ.പി. ഉന്നയിച്ച ഏറ്റവും വലിയ ആരോപണങ്ങളിലൊന്നാണ് മദ്യനയ കുംഭകോണം. മദ്യവില്‍പ്പന സ്വകാര്യവത്കരിച്ച ഡല്‍ഹിയിലെ എ.എ.പി. സര്‍ക്കാരിന്റെ മദ്യനയമാണ് കേസിന്റെ അടിസ്ഥാനം. മദ്യക്കമ്പനികളില്‍നിന്ന് കൈക്കൂലി വാങ്ങി എ.എ.പി. നേതാക്കള്‍ അഴിമതി നടത്തിയെന്നാണ് കേസ്. വിവാദമായതോടെ സര്‍ക്കാര്‍ നയം പിന്‍വലിച്ചിരുന്നു.

ലെഫ്. ഗവര്‍ണറുടെ ശുപാര്‍ശയില്‍ ആദ്യം സി.ബി.ഐ. കേസെടുത്തു. പിന്നാലെ ഇ.ഡി.യും രംഗത്തിറങ്ങുകയായിരുന്നു. അരവിന്ദ് കെജ്രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ഇ.ഡി. ആരോപിക്കുന്നു. ലഭിച്ച പണം ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ചെന്നും ആരോപണമുണ്ട്.

കേസില്‍ ഇ.ഡി. മാര്‍ച്ച് 21-ന് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന് സെപ്റ്റംബറില്‍ ജാമ്യം ലഭിച്ചു. പിന്നീട് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി എന്ന നിലയിലല്ല മത്സരം. ഇവിടെ കോണ്‍ഗ്രസ് തനിച്ചു മത്സരിക്കും. ഇതോടെ മദ്യ അഴിമതിയും കെജ്രാവിളിനെതിരെ കോണ്‍ഗ്രസ് പ്രചരണ ആയുധമാക്കിയേക്കും.

Tags:    

Similar News