കപൂര്‍ത്തല ഹൗസ് പ്രമുഖരുടെ വിവാഹസൗധമായി മാറി; കെജ്രിവാളിന്റെ മകളുടെ വിവാഹം പഞ്ചാബ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടത്തിയതില്‍ പരിഹാസവുമായി ബി.ജെ.പി; പുഷ്പ രണ്ടിലെ പാട്ടിനൊപ്പം നൃത്തച്ചുവടുകളുമായി കെജ്രിവാളും ഭാര്യയും
കപൂര്‍ത്തല ഹൗസ് പ്രമുഖരുടെ വിവാഹസൗധമായി മാറി
ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിതയുടെ വിവാഹത്തിന് പഞ്ചാബ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കപൂര്‍ത്തലഹൗസ് വേദിയാക്കിയതിനെ പരിഹസിച്ച് ബിജെപി. ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിദയുടെ വിവാഹ ചടങ്ങുകള്‍ നടന്നത് പഞ്ചാബ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കപൂര്‍ത്തല ഹൗസില്‍ വെച്ചായിരുന്നു. തുടര്‍ന്നാണ് ബി.ജെ.പി പഞ്ചാബ് സംസ്ഥാന പ്രസിഡന്റ് സുനില്‍ ഝാക്കര്‍ പരിഹാസവുമായെത്തിയത്.
'കപൂര്‍ത്തല ഹൗസില്‍ വെച്ച് മകളുടെ വിവാഹ ചടങ്ങുകള്‍ നടത്തിയ അരവിന്ദ് കെജ്‌രിവാളിന് അഭിവാദ്യങ്ങള്‍. കപൂര്‍ത്തല ഹൗസ് പ്രമുഖരുടെ വിവാഹ വേദിയായി മാറി'-എന്നായിരുന്നു ബി.ജെ.പി നേതാവിന്റെ പരിഹാസം. ഔചിത്യമൊക്കെ മറക്കൂ...പഞ്ചാബ് സര്‍ക്കാറിന്റെ പുതിയ സംരംഭമായി ബഹു. മുഖ്യമന്ത്രി ഇത് പ്രഖ്യാപിക്കുന്നത് ശരിയായ സമയത്താണ്. ഏതാണ്ട് പാപ്പരായ പഞ്ചാബ് സര്‍ക്കാറിന് വരുമാനം നേടാനുള്ള മറ്റൊരു മാതൃകയാണിതെന്നും ബി.ജെ.പി നേതാവ് കളിയാക്കി.
പഞ്ചാബ് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തിയാല്‍ ഔദ്യോഗിക വസതിയായി ഉപയോഗിക്കുന്നത് കപൂര്‍ത്തല ഹൗസാണ്. സംഭവ് ജയിനാണ് ഹര്‍ഷിതയുടെ വരന്‍. ഏപ്രില്‍ 17ന് കപൂര്‍ത്തല ഹൗസില്‍ നടന്ന വിവാഹ ചടങ്ങില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, അരവിന്ദ് കെജ്‌രിവാള്‍, ഭാര്യ സുനിത എന്നിവര്‍ നൃത്തം ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
പുഷ്പ 2 ചിത്രത്തിലെ പാട്ടിനൊപ്പമായിരുന്നു ഇവരുടെ നൃത്തച്ചുവടുകള്‍. കപൂര്‍ത്തല ഹൗസില്‍ വെച്ചായിരുന്നു എ.എ.പി നേതാവും രാജ്യസഭ എം.പിയുമായ രാഘവ് ഛദ്ദയുടെ വിവാഹാഘോഷങ്ങള്‍ നടന്നതും.