ഇംഎംഎസിന് ശേഷം പാര്‍ട്ടിയെ നയിക്കാന്‍ കേരളത്തില്‍ നിന്നുള്ള നിയോഗം ഇഎംഎസിന്റെ ഡല്‍ഹിയിലെ പഴയ സഹായിയ്ക്ക്; സംഗീതവും സിനിമയും ഫുട്‌ബോളും സാഹിത്യവും എല്ലാം വഴങ്ങുന്ന ഓള്‍റൗണ്ടര്‍; ഇഷ്ടം വിഎസിനെയെങ്കിലും താക്കോല്‍ സ്ഥാനത്ത് എത്തുന്നത് പിണറായിയുടെ പിന്തുണയില്‍; എംഎ ബേബി സിപിഎം ജനറല്‍ സെക്രട്ടറി

Update: 2025-04-06 04:55 GMT

മധുര: എം.എ.ബേബി സിപിഎം ജനറല്‍ സെക്രട്ടറി. ബംഗാള്‍ ഘടകവും അശോക് ധവ്‌ളയും എതിര്‍ത്തെങ്കിലും ബേബിയെ ആക്കാന്‍ പി.ബിയില്‍ ധാരണയുണ്ടായി. കേന്ദ്ര കമ്മറ്റിയും ഇത് അംഗീകരിച്ചു. വോട്ടെടുപ്പില്ലാതെയാണ് അംഗീകരിച്ചത്. പിബിയിലെ ഭൂരിപക്ഷം കേന്ദ്ര കമ്മറ്റിയിലെത്തിയപ്പോള്‍ എതിരില്ലാത്ത തിരഞ്ഞെടുപ്പായി. എംഎ ബേബി, അശോക് ധവ്‌ള, ആന്ധ്രയില്‍നിന്നുള്ള ബി.വി.രാഘവുലു, ബംഗാള്‍ സെക്രട്ടറി മുഹമ്മദ് സലീം എന്നിവരും ജനറല്‍സെക്രട്ടറി പദത്തിലേക്കുള്ള സാധ്യതാ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍, വിശാല മതനിരപേക്ഷ ജനാധിപത്യസഖ്യം വേണമെന്ന നിലപാടിനെ എതിര്‍ത്തതും ആന്ധ്ര ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളും രാഘവുലുവിനു പ്രതികൂല ഘടകങ്ങളായി. അടുത്തവര്‍ഷം തിരഞ്ഞെടുപ്പു നടക്കുന്ന ബംഗാളില്‍ ശ്രദ്ധിക്കാനാണു സലീമിനു താല്‍പര്യം. ഇതിനൊപ്പം കേരളാ ഘടകത്തിന്റെ മേല്‍കോയ്മയും ബേബിയെ തുണച്ചു. ഇഎംഎസിന് ശേഷം കേരള ഘടകത്തില്‍ നിന്നും ജനറല്‍ സെക്രട്ടറിയാകുന്ന മലയാളിയാണ് ബേബി. മലയാളിയായ പ്രകാശ് കാരാട്ട് ഡല്‍ഹിയിലെ പ്രവര്‍ത്തന മികവിലാണ് നേരത്തെ ജനറല്‍ സെക്രട്ടറിയായിരുന്നത്. അതായത് സിപിഎം ജനറല്‍ സെക്രട്ടറിയാകുന്ന മൂന്നാം മലയാളിയാണ് ബേബി.

പൊളിറ്റ് ബ്യൂറോയില്‍നിന്നു പ്രായപരിധി കാരണത്താല്‍ വിരമിക്കുന്നവരില്‍ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍, സുഭാഷിണി അലി എന്നിവരുടെ സേവനം തുടര്‍ന്നും പ്രയോജനപ്പെടുത്താന്‍ എന്തുസംവിധാനമാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്നു വ്യക്തമാകേണ്ടതുണ്ട്. പ്രായപരിധി കഴിഞ്ഞെങ്കിലും മുഖ്യമന്ത്രിയായതിനാല്‍ പിണറായി വിജയന് പിബിയില്‍ തുടരാന്‍ ഇളവു നല്‍കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. അഞ്ചുദിവസമായി മധുരയില്‍ നടക്കുന്ന സി.പി.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് വൈകീട്ട് റെഡ് വളന്റിയര്‍ മാര്‍ച്ചിന്റെ അകമ്പടിയുള്ള പൊതുസമ്മേളനത്തോടെ സമാപിക്കും. വൈകീട്ട് മൂന്നിന് റിങ് റോഡ് ജങ്ഷനുസമീപം എന്‍. ശങ്കരയ്യ സ്മാരക ഗ്രൗണ്ടിലാണ് പൊതുസമ്മേളനം. ഏപ്രില്‍ രണ്ടിന് പി.ബി കോഓഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനത്തില്‍ ബേബിയാകും താരം. സിപിഎമ്മിന്റെ ദാര്‍ശനിക മുഖമാണ് ബേബി. സാസ്‌കാരിക മേഖലയിലും മികവ് കാട്ടി. എന്തും വഴങ്ങുന്ന ഓള്‍റൗണ്ടറായ ബേബി എന്നും സിപിഎം പ്രത്യയ ശാസ്ത്രത്തെ മാത്രം മുറുകെ പിടിച്ച വ്യക്തിയാണ്. രണ്ടു തവണ രാജ്യസഭാ അംഗമായി ഡല്‍ഹിയില്‍ നിറഞ്ഞു. ഇഎംഎസിന്റെ സഹായിയായും പ്രവര്‍ത്തിച്ചു. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. രണ്ടാം മുണ്ടശ്ശേരി എന്ന പേരും ബേബിയ്ക്ക് കിട്ടി. ഇഎംഎസിന്റെ സന്തത സഹചാരി ആയിരുന്ന ബേബി പിന്നീട് വിഎസിന്റെ വിശ്വസ്തനായി. കൊല്ലം ലോക്‌സഭയിലെ അപ്രതീക്ഷിത തോല്‍വിയോടെയാണ് കേരള രാഷ്ട്രീയത്തില്‍ നിന്നും വീണ്ടും ഡല്‍ഹിയിലേക്ക് ബേബി കളം മാറ്റി പിടിച്ചത്. വിഎസിനെ ഇഷ്ടപ്പെട്ടിരുന്ന ബേബി പിണറായി വിജയന്റെ പിന്തുണയില്‍ സിപിഎമ്മിനെ നയിക്കാന്‍ എത്തുന്നുവെന്നതാണ് ശ്രദ്ധേയം.

സമ്മേളനം രാഷ്ടീയ പ്രമേയവും ഭേദഗതികളും ഇതിനകം അംഗീകരിച്ചു. വെള്ളിയാഴ്ച വൈകീട്ട് പി.ബി അംഗം ബി.വി. രാഘവലു അവതരിപ്പിച്ച കരട് സംഘടന റിപ്പോര്‍ട്ടില്‍ ശനിയാഴ്ച രാത്രിയോടെ ചര്‍ച്ച പൂര്‍ത്തിയായി. കേരളത്തില്‍നിന്ന് പി.എ. മുഹമ്മദ് റിയാസ്, പി.കെ. ബിജു, ഡോ. ആര്‍. ബിന്ദു എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചക്ക് ബി.വി. രാഘവലുവും പി.ബി കോ ഓഡിനേറ്റര്‍ പ്രകാശ് കാരാട്ടും ഞായറാഴ്ച രാവിലെ മറുപടി നല്‍കും. സംഘടന റിപ്പോര്‍ട്ട് അംഗീകരിച്ച ശേഷം പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും പി.ബി അംഗങ്ങളെയും ജനറല്‍ സെക്രട്ടറിയെയും തെരഞ്ഞെടുക്കും. ഇതിന് മുന്നോടിയായാണ് നിലവില കേന്ദ്ര കമ്മറ്റി ബേബിയെ ജനറല്‍ സെക്രട്ടറിയായി മുമ്പോട്ട് വയ്ക്കുന്നത്. നിലവിലെ പി.ബിയുടെ അവസാന യോഗം ശനിയാഴ്ച വൈകീട്ട് ചേര്‍ന്ന് 75 വയസ്സ് പ്രായപരിധിയിലും പുതിയ ജനറല്‍ സെക്രട്ടറിയുടെ കാര്യത്തിലും ധാരണയുണ്ടാക്കിയിരുന്നു.

ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബിയുടെ പേര് കുറച്ചുകാലമായി ചര്‍ച്ചയിലുണ്ട്. പാര്‍ട്ടിയിലെ സീനിയോറിറ്റിയും ദേശീയതലത്തിലെ പ്രവര്‍ത്തന പരിചയവും മുതല്‍ക്കൂട്ടാണ്. മാത്രമല്ല കേരളത്തിന്റെ പിന്തുണയും. പാര്‍ട്ടിക്ക് ഭരണമുള്ള ഏക സംസ്ഥാനം കേരളമാണ്. അതിനാല്‍ തന്നെ കേരളാഘടകത്തിന്റെ നിലപാട് നിര്‍ണായകമാണ്. അതിലുപരി മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. പിണറായി കഴിഞ്ഞാല്‍ പൊളിറ്റ് ബ്യൂറോയില്‍ സീനിയര്‍ എം.എ.ബേബിയാണ്. ബേബി എസ്‌ഐഫ്‌ഐ ദേശീയ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ പിന്‍ഗാമിയായത് സീതാറാം യച്ചൂരിയാണ്. ചര്‍ച്ചകള്‍ മുന്നോട്ടു പോകുന്നതിന് ഇടയിലാണ് സംഘടനാ റിപ്പോര്‍ട്ടമായി രാഘവുലു ശ്രദ്ധയില്‍ എത്തിയത്. ബംഗാള്‍ ഘടകവും രാഘവുവുലിനെ പിന്തുണയ്ക്കുന്നുവെന്ന സൂചനകളും ലഭിക്കുന്നു. നേരത്തെ ബംഗാള്‍ ഘടകം അശോക് ധാവ്‌ളെയെ പിന്തുണയ്ക്കുന്നതായി സൂചനയുണ്ടായിരുന്നു. ബേബി വരുന്നത് കേരളഘടകത്തിന്റെ മേല്‍ക്കോയ്മയ്ക്ക് ഇടയാകുമെന്ന ചിന്തയാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാടിനു പിന്നില്‍. യച്ചൂരിയും രാഘവുലുവും തെലങ്കാനയില്‍ നിന്നുള്ളവരാണ്. കിസാന്‍ സഭ ദേശീയ പ്രസിഡന്റാണ് അശോക് ധാവ്‌ളെ. മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാവാണെങ്കിലും ദേശീയതലത്തില്‍ പ്രവര്‍ത്തന പരിചയമുണ്ട്. കര്‍ഷകരുടെ ലോങ് മാര്‍ച്ചിലൂടെ ശ്രദ്ധേനായിരുന്നു. തുടക്കം മുതല്‍ ധാവ്‌ളെയ്ക്ക് മുന്‍തൂക്കവും ലഭിച്ചിരുന്നു. പക്ഷേ ബേബിക്ക് വേണ്ടി പിണറായി എത്തിയപ്പോള്‍ എല്ലാം വെറുതെയായി.

നിലവില്‍ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയാണ് മുഹമ്മദ് സലീം. തൃണമൂല്‍ തരംഗത്തില്‍ സംസ്ഥാനത്ത് സിപിഎമ്മിന് അടിതെറ്റിയപ്പോഴും അടുത്തകാലം വരെ സലീം പിടിച്ചുനിന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. സലിം ബംഗാളില്‍ കൂടുതല്‍ സജീവമാകും.

Tags:    

Similar News