ശ്രീകാന്ത് ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രി പദം; ആഭ്യന്തര വകുപ്പിനായും അവകാശവാദം; ഒടുവില്‍ ബി.ജെ.പിയ്ക്ക് ഷിന്‍ഡെ വഴങ്ങുമോ? 'മഹായുതി' സര്‍ക്കാരിന് നിരുപാധികം പിന്തുണ നല്‍കുമെന്ന് ഷിന്‍ഡെയുടെ പ്രതികരണം; ദേവേന്ദ്ര ഫഡ്നാവീസ് മുഖ്യമന്ത്രിയാകും; എല്ലാം നിരീക്ഷിച്ച് ആര്‍ എസ് എസ്; 'മഹാ നാടകം' തുടരും
മഹാരാഷ്ട്രയില്‍ സമവായമെന്ന് സൂചന
മുംബൈ: മഹാരാഷ്ട്രയില്‍ ദിവസങ്ങളായി നീളുന്ന അനിശ്ചിതത്വത്തിന് വിരാമമിട്ട് മഹായുതി സര്‍ക്കാര്‍ രൂപീകരണം ഉടന്‍ സാധ്യമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം വന്‍ ഭൂരിപക്ഷം ഉറപ്പാക്കി ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രി പദവി സംബന്ധിച്ച് അന്തിമ തീരുമാനം ആയിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ച് ശിവസേന നേതാവ് എക്‌നാഥ് ഷിന്‍ഡെ രംഗത്ത് എത്തിയതോടെ മഹായുതിയിലെ തര്‍ക്കങ്ങള്‍ക്ക് വിരാമമാകുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്.
മുന്നണിയില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടിയ ബി.ജെ.പി. മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിമുറുക്കിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷമായി പങ്കിടണമെന്ന നിലപാടാണ് ശിവസേന നേതാവ് എക്‌നാഥ് ഷിന്‍ഡെ ആദ്യം ഉന്നിയിച്ചത്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ബി.ജെ.പിയ്ക്ക് ഷിന്‍ഡെ വഴങ്ങിയെന്നാണ് വിവരം. പ്രധാനമന്ത്രിയും അമിത് ഷായും ചേര്‍ന്നായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. ബി.ജെ.പി. തീരുമാനത്തെ ശിവസേന പിന്തുണയ്ക്കുമെന്ന് ഷിന്‍ഡെ സൂചിപ്പിച്ചു. സത്യപ്രതിജ്ഞ ഡിസംബര്‍ അഞ്ചിന് നടക്കുമെന്നും അദ്ദേഹം സൂചന നല്‍കി. ജനങ്ങളെ സേവിക്കുന്നത് തുടരാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ദിവസങ്ങളായി നീളുന്ന അനിശ്ചിതത്വത്തിന് വിരാമമായെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഏക്‌നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കി തര്‍ക്കം തീര്‍ത്തേക്കുമെന്നാണ് സൂചന. ഇക്കാര്യം പക്ഷേ, ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നുമാണ് ഏക്‌നാഥ് ഷിന്‍ഡെ മാധ്യമങ്ങളോട് പറഞ്ഞത്. മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ആരാണെങ്കിലും അവര്‍ക്ക് നിരുപാധികമുള്ള പിന്തുണ നല്‍കുമെന്ന് ഷിന്‍ഡെ വ്യക്തമാക്കി.
വലിയൊരു ജനവിധിയാണ് ജനങ്ങള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ചത്. അതുകൊണ്ടുതന്നെ ജനങ്ങളോട് മറുപടി പറയാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ഉപമുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സ്ഥാനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ച് ഞങ്ങള്‍ അമിത് ഷായുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും, ഇനി മുന്നണിയിലെ നേതാക്കളായ അജിത് പവാര്‍, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുമെന്നുമാണ് ഷിന്‍ഡെ മാധ്യമങ്ങളോട് അറിയിച്ചത്.
തെരഞ്ഞെടുപ്പ് മാമാങ്കവും തിരക്കിട്ട പ്രചാരണങ്ങളുമായി കഴിഞ്ഞ ഏതാനും മാസങ്ങള്‍ ഓട്ടത്തിലായിരുന്നതിനാല്‍ ഇപ്പോള്‍ അല്‍പം വിശ്രമിക്കാനാണ് തന്റെ ഗ്രാമത്തിലേക്ക് എത്തിയതെന്ന് സ്വദേശമായ സതാറയില്‍ ഇരുന്നുകൊണ്ട് ഷിന്‍ഡെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം അനുഭവപ്പെട്ട ശാരീരിക അസ്വാസ്ഥ്യങ്ങളെല്ലാം മാറി, പനിയില്‍ നിന്ന് മുക്തിനേടി, ആരോഗ്യനില മെച്ചപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ ആരോഗ്യം മെച്ചപ്പെട്ടിരിക്കുന്നു. തിരക്കേറിയ ഇലക്ഷന്‍ ഷെഡ്യൂള്‍ കഴിഞ്ഞതിനാല്‍ ഇവിടെ വിശ്രമിക്കാന്‍ വന്നതാണ്. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം കഴിഞ്ഞ 2.5 വര്‍ഷമായി ഒറ്റ ദിവസം പോലും ഞാന്‍ അവധിയെടുത്തിട്ടില്ല. ആളുകള്‍ ഇപ്പോഴും എന്നെ കാണാന്‍ വരികയാണ്. ഈ സര്‍ക്കാര്‍ ജനങ്ങളെ കേള്‍ക്കുന്ന സര്‍ക്കാരാണ്. പാര്‍ട്ടി നേതൃത്വത്തിന് എല്ലാവിധ പിന്തുണയും നിരുപാധികം നല്‍കുന്നതായി ഞാന്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം ഞാന്‍ നിലകൊള്ളുക തന്നെ ചെയ്യും.
കഴിഞ്ഞ രണ്ടര വര്‍ഷത്തെ മഹായുതി സര്‍ക്കാരിന്റെ പ്രവര്‍ത്തനം ചരിത്രത്തിലിടം നേടുന്നതാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് ഈ ജനവിധി. പ്രതിപക്ഷ നേതാവിനെ പോലും തെരഞ്ഞെടുക്കാന്‍ കഴിയാത്ത വിധം ജനവിധി വന്നത് മറാഠികള്‍ സ്വീകരിച്ച തീരുമാനത്തിന്റെ ഭാഗമായാണ്. മഹായുതി സഖ്യത്തിലെ മൂന്ന് പ്രധാന കക്ഷികളും തമ്മില്‍ വ്യക്തമായ പരസ്പരധാരണയുണ്ട്. മുഖ്യമന്ത്രിയാരെന്ന് നാളെ തീരുമാനിക്കും. ഏകനാഥ് ഷിന്‍ഡെ പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയമാണ് ബി.ജെ.പി. നേതൃത്വം നല്‍കുന്ന മഹായുതി സഖ്യത്തിന് ലഭിച്ചത്. 288 സീറ്റുകളില്‍ 230 ലും മഹായുതി സഖ്യമാണ് ജയിച്ചത്. 132 സീറ്റുകള്‍ നേടി ബി.ജെ.പി. ഏറ്റവും വലിയ ഒറ്റ കക്ഷിയായി. ഷിന്ദെ നേതൃത്വം നല്‍കുന്ന ശിവസേന 57 സീറ്റിലും അജിത് പവാറിന്റെ എന്‍.സി.പി. 41 ഇടത്തുമാണ് വിജയിച്ചത്.