ഉത്തര്‍പ്രദേശ് കോൺഗ്രസ്സിൽ അഴിച്ചുപണി; സംസ്ഥാന ഘടകങ്ങളടക്കം എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ട് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ; താഴെത്തട്ട് മുതൽ പാർട്ടിയെ ശക്തിപ്പെടുത്തുക ലക്ഷ്യം

Update: 2024-12-06 05:55 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോൺഗ്രസ് പാർട്ടിയെ പുനഃസംഘടിപ്പിക്കാൻ ലക്ഷ്യമിട്ട് സുപ്രധാന നീക്കങ്ങൾ. സംഘടനാതലത്തില്‍ അടിമുടി അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. സംസ്ഥാന ഘടകങ്ങളടക്കം എല്ലാ കമ്മിറ്റികളും ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിരിച്ചുവിട്ടു. പ്രദേശ്, ജില്ലാ, സിറ്റി, ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. സംസ്ഥാന കമ്മിറ്റിയുടെ പുനഃസംഘടനയും താഴേത്തട്ടില്‍മുതൽ പാർട്ടിയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് സൂചന. ഈ കമ്മിറ്റികളിലേക്ക് പുതിയ നേതൃത്വത്തെ നിയമിക്കുമെന്നാണ് വിവരം.

ഉത്തർപ്രദേശിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ പങ്കാളിത്തമില്ലായ്മയെ തുടർന്നാണ് നടപടിയെന്നാണ് മനസ്സിലാക്കേണ്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പിന്നാലെ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാനായിരുന്നു മുന്നണിയുടെ തീരുമാനം. അജയ് റായിയാണ് നിലവിലെ പ്രദേശ് കമ്മിറ്റി പ്രസിഡന്റ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരാണസിയില്‍ മത്സരിച്ച അജയ് റായ്‌, പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പരാജയപ്പെട്ടിരുന്നു.

പുതിയ നീക്കങ്ങൾ താഴേത്തട്ടിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള നിർണായക ചുവടുവെപ്പാകുമെന്നാണ് കണക്ക് കൂട്ടൽ. സംഘടനാപരമായ വിടവുകൾ പരിഹരിക്കുന്നതിലും നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളാണിതെന്നാണ് സൂചന.

Tags:    

Similar News