സാമൂഹിക പരിവര്‍ത്തനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തി; അദ്ദേഹത്തിന്റെ ശക്തമായ നയങ്ങള്‍ യുവാക്കളെ സംഘപരിവാറിലേക്ക് അടുപ്പിച്ചു; മോഹന്‍ ഭാഗവതിന്റെ എഴുപത്തിയഞ്ചാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റ കഠിനാദ്ധ്വാനത്തെ വാഴ്ത്തി മോദി
മോഹന്‍ ഭാഗവതിന്റെ എഴുപത്തിയഞ്ചാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റ കഠിനാദ്ധ്വാനത്തെ വാഴ്ത്തി മോദി
ന്യൂഡല്‍ഹി: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ എഴുപത്തിയഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോഹന്‍ ഭാഗവത് കഠിനാധ്വാനിയായ വ്യക്തിത്വമാണെന്നും, ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനിന്നുകൊണ്ട് സംഘടനയെ നയിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സാഹോദര്യവും സമത്വവും ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സാമൂഹിക പരിവര്‍ത്തനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് മോഹന്‍ ഭാഗവത്. അദ്ദേഹത്തിന്റെ ശക്തമായ നയങ്ങള്‍ സംഘപരിവാറിനെ യുവാക്കളുമായി അടുപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. പൊതു സംവാദങ്ങളിലും ചര്‍ച്ചകളിലും അദ്ദേഹം സജീവമായി പങ്കെടുക്കുന്നത് സംഘടനയുടെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് ഇത് സംഘടനയ്ക്ക് വലിയ നേട്ടമാണ്.
അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതില്‍ മോഹന്‍ ഭാഗവതും നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരും പങ്കാളികളായിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഗ്രാമപ്രദേശങ്ങളിലും പിന്നാക്ക പ്രദേശങ്ങളിലും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ദരിദ്രരും അധസ്ഥിതരും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള ധാരണ നല്‍കി. മോഹന്‍ ഭാഗവതിന്റെ പിതാവ് മധുകര്‍റാവു ഭാഗവതും രാഷ്ട്രനിര്‍മ്മാണത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകനെ ഇന്ത്യയുടെ പുനരുജ്ജീവനത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രചോദിപ്പിച്ചത് ഈ പാരമ്പര്യമാണ്.