മുഡ ഭൂമി ഇടപാട് അഴിമതിക്കേസില്‍ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണം; ചുമതല മൈസൂരു ലോകായുക്ത പൊലീസിന്; മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

മുഡ ഭൂമി ഇടപാട് കേസില്‍ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണം

Update: 2024-09-25 10:44 GMT

ബെംഗളൂരു: മൈസൂരു മുഡ ഭൂമി ഇടപാട് അഴിമതികേസില്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലോകായുക്ത. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മൈസൂരു ലോകായുക്ത പൊലീസാണ് കേസ് അന്വേഷിക്കേണ്ടത്. മൂന്ന് മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം.

ഗവര്‍ണര്‍ക്കെതിരെ സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ നല്‍കിയ അനുമതിക്കെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. സാധാരണ ഗവര്‍ണര്‍ മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ അസാധാരണ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് സ്വന്തം നിലയില്‍ തീരുമാനിക്കാം. അത്തരമൊരു സാഹചര്യം ആണിതെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്.

സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാര്‍വതിക്ക് മൈസൂരുവില്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയില്‍ ലോകായുക്തയില്‍ എബ്രഹാം പരാതി നല്‍കിയിരുന്നു. സിദ്ധരാമയ്യ, ഭാര്യ, മകന്‍ എസ് യതീന്ദ്ര, മുഡയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരുകളിലാണ് പരാതി നല്‍കിയത്. ഭൂമി കുംഭകോണത്തില്‍ സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും മുഡ, അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് മറ്റൊരു ആക്ടിവിസ്റ്റായ സ്‌നേഹമയി കൃഷ്ണയും ആരോപിച്ചിരുന്നു.

തന്റെ ഭാര്യക്ക് ലഭിച്ച ഭൂമി 1998-ല്‍ സഹോദരന്‍ മല്ലികാര്‍ജുന സമ്മാനിച്ചതാണെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടിരുന്നു. എന്നാല്‍ 2004-ല്‍ മല്ലികാര്‍ജുന ഇത് അനധികൃതമായി സ്വന്തമാക്കുകയും സര്‍ക്കാരിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വ്യാജരേഖ ചമച്ച് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തുവെന്ന് ആക്ടിവിസ്റ്റ് കൃഷ്ണ ആരോപിച്ചു. 2014ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയാണ് പാര്‍വതി ഈ ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

Tags:    

Similar News