ഗണേശ പൂജയില്‍ എല്ലാവരും പങ്കെടുക്കാറുണ്ട്; സമൂഹത്തിനെ വിഭജിക്കുന്നവരാണ് ഇതിനെ എതിര്‍ക്കുന്നത്; ചീഫ് ജസ്റ്റിസിന്റെ വസതിയിലെ പൂജയെ ന്യായീകരിച്ച് നരേന്ദ്ര മോദി
കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ഗണപതിവിഗ്രഹത്തെ അഴിക്കുള്ളിലാക്കി
ന്യൂഡല്‍ഹി: ഗണേശ പൂജയില്‍ കോണ്‍ഗ്രസിന് അസ്വസ്ഥതയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗണേശ പൂജയില്‍ എല്ലാവരും പങ്കെടുക്കാറുണ്ട്. സമൂഹത്തിനെ വിഭജിക്കുന്നവരാണ് ഇതിനെ എതിര്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒഡീഷയിലെ ഭുവനേശ്വറില്‍ ചില പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ വച്ചാണു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വസതിയിലെ പൂജയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് മോദി സംസാരിച്ചത്.
''ഞാന്‍ ഗണപതി പൂജയില്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസ് അസ്വസ്ഥരാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ഗണപതിവിഗ്രഹത്തെ അഴിക്കുള്ളിലാക്കി. അധികാരത്തോട് ആര്‍ത്തിയുള്ളവര്‍ക്കാണ് ഗണേശ പൂജ പ്രശ്‌നമാകുന്നത്. ഗണേശോത്സവം ഞങ്ങള്‍ക്കു വെറുമൊരു വിശ്വാസത്തിന്റെ മാത്രം കാര്യമല്ല. സ്വാതന്ത്ര്യസമര കാലത്ത് ലോക്മാന്യ തിലക്, ഗണേശ പൂജയിലൂടെയാണു രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ചത്. ഇന്നും ഗണേശ പൂജയില്‍ എല്ലാ വിഭാഗങ്ങളും പങ്കെടുക്കുന്നു. ബ്രിട്ടിഷുകാരുടെ കാലത്ത് ഗണേശോത്സവത്തിനെതിരെ പ്രശ്‌നമുണ്ടായിരുന്നു. ഇപ്പോള്‍ അതേ കാര്യത്തിന് സാക്ഷികളാകുകയാണ്. ഇന്നും സമൂഹത്തെ വിഭജിക്കേണ്ടവര്‍ക്ക് ഗണേശോത്സവത്തോട് പ്രശ്‌നമുണ്ട്. ഈ വിദ്വേഷം രാജ്യത്തിന് ഭീഷണിയാണ്'' മോദി പറഞ്ഞു.
സെപ്റ്റംബര്‍ 11നാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും ഭാര്യ കല്‍പന ദാസും സ്വന്തം വസതിയില്‍ ഗണപതി പൂജയ്ക്കായി പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഇതുസംബന്ധിച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിനു പിന്നാലെ വിവാദം ഉടലെടുക്കുകയായിരുന്നു. ജുഡീഷ്യറിയുടെ സുതാര്യതയെക്കുറിച്ചും പെരുമാറ്റച്ചട്ടത്തെക്കുറിച്ചും പ്രതിപക്ഷം ചോദ്യമുന്നയിച്ചിരുന്നു.
ചീഫ് ജസ്റ്റിസിനും പത്‌നി കല്‍പ്പന ദാസിനുമൊപ്പമാണ് മോദി കഴിഞ്ഞ ദിവസം പൂജയില്‍ പങ്കെടുത്തത്. എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവുമുണ്ടാകട്ടെയെന്ന് ആശംസിച്ച പ്രധാനമന്ത്രി ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമമായ എക്‌സിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.
അതേസമയം, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ ഗണപതി പൂജയില്‍ പങ്കെടുത്ത പ്രധാനമന്ത്രിയ്ക്ക് എതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് നരേന്ദ്ര മോദിയ്ക്ക് അനുവാദം നല്‍കിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു. ഇത്തരം പ്രവണതകള്‍ പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കുന്നതിനും ഭരണഘടനയുടെ പരിധിക്കുള്ളില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്ന ജുഡീഷ്യറിക്ക് വളരെ മോശമായ സൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.ഗണേശ പൂജയില്‍ എല്ലാവരും പങ്കെടുക്കാറുണ്ട്; സമൂഹത്തിനെ വിഭജിക്കുന്നവരാണ് ഇതിനെ എതിര്‍ക്കുന്നത്; ചീഫ് ജസ്റ്റിസിന്റെ വസതിയിലെ പൂജയെ ന്യായീകരിച്ച് നരേന്ദ്ര മോദി