സ്വപ്നലോകത്ത് ജീവിക്കുന്ന രാഹുലിന് താഴെ നടക്കുന്നത് അറിയില്ല; മോദിയെ തൊടാൻ നിങ്ങൾക്കാവില്ല; ആ കസേരയ്ക്ക് നിങ്ങൾ അർഹനല്ല; പഞ്ചാബിൽ കോൺഗ്രസ് തകരുമെന്നും നവ്‌ജ്യോത് കൗർ സിദ്ദു
ചണ്ഡീഗഢ്: കോൺഗ്രസ് വിട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി പഞ്ചാബ് മുൻ എംഎൽഎ നവ്ജ്യോത് കൗർ സിദ്ദു. യാഥാർത്ഥ്യബോധമില്ലാതെ രാഹുൽ ഗാന്ധി സ്വപ്നലോകത്താണ് ജീവിക്കുന്നതെന്നും, അദ്ദേഹം പറയുന്നതും ചെയ്യുന്നതും തമ്മിൽ വലിയ അന്തരമുണ്ടെന്നും അവർ ആരോപിച്ചു. പഞ്ചാബ് കോൺഗ്രസ് ഘടകത്തിലെ അഴിമതി തുറന്നുകാട്ടിയ നവ്ജ്യോത് കൗർ, അടുത്ത വർഷം നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയം നേരിടുമെന്നും പ്രവചിച്ചു.
രാഹുൽ ഗാന്ധി അടിത്തട്ടിൽ പ്രവർത്തിച്ചിട്ടില്ലെന്നും താഴെത്തട്ടിൽ എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിനറിയില്ലെന്നും നവ്ജ്യോത് കൗർ സിദ്ദു വ്യക്തമാക്കി. "ഗ്രൗണ്ട് സീറോയിൽ എന്താണ് നടക്കുന്നതെന്ന് അറിയുന്നത് വളരെ പ്രധാനമാണ്. താഴെത്തട്ടിൽ നിലകൊള്ളുന്നത് അത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു," അവർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധിയുമായി താരതമ്യം ചെയ്ത അവർ, മോദിക്കെതിരെ വിരൽ ചൂണ്ടാനോ അഴിമതി ആരോപിക്കാനോ രാഹുലിന് സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി. "പ്രധാനമന്ത്രി മോദിക്കെതിരെ വിരൽ ചൂണ്ടാം. അദ്ദേഹത്തെ തൊടാൻ ശ്രമിക്കൂ. അദ്ദേഹത്തിന്റെ കയ്യിൽ ഒരു പൈസയെങ്കിലുമുണ്ടോ? അദ്ദേഹത്തിനെതിരെ എന്തെങ്കിലും ഫയലുകളുണ്ടോ? അദ്ദേഹത്തിനെതിരെ ഒന്നുമില്ല. രാഹുൽ ഗാന്ധി നന്നായി അർഥവത്തായി സംസാരിക്കും. എന്നാൽ അദ്ദേഹം ചെയ്യുന്നതും പറയുന്നതും തമ്മിൽ വലിയ അന്തരമുണ്ട്," അവർ കൂട്ടിച്ചേർത്തു.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന്റെ ഭാഗത്തുനിന്നുണ്ടായ അനീതിയെക്കുറിച്ച് രാഹുലിനെ അറിയിക്കാൻ എട്ടുമാസത്തോളം കൂടിക്കാഴ്ചക്ക് ശ്രമിച്ചതായി നവ്ജ്യോത് കൗർ സിദ്ദു വെളിപ്പെടുത്തി. "നിങ്ങളുടെ പാർട്ടി പഞ്ചാബിൽ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് നിങ്ങളോട് പറയാൻ ഞാൻ ഒരു കൂടിക്കാഴ്ച ആവശ്യപ്പെട്ടു. അവർ ടിക്കറ്റുകൾ ഇതിനോടകം വിറ്റുകഴിഞ്ഞു. നിങ്ങൾക്ക് താഴെ എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നില്ലെങ്കിൽ, ഖേദത്തോടെ പറയട്ടെ, നിങ്ങൾ ആ കസേരയ്ക്ക് അർഹനല്ല. നിങ്ങൾ ചെയ്യുന്നതിന് നിങ്ങളാണ് ഉത്തരവാദി," അവർ പറഞ്ഞു.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജാ വാറിങ്ങിനെതിരെ ഗുരുതര ആരോപണമാണ് അവർ ഉന്നയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിനായി നേതൃത്വം 500 കോടി രൂപ ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു. ഈ പരാമർശത്തെത്തുടർന്ന് അവരെ നേരത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
62-കാരിയായ നവ്ജ്യോത് കൗർ സിദ്ദു മുൻപ് ബി.ജെ.പിയിൽ അംഗമായിരുന്നു. 2012 മുതൽ 2016 വരെ ബി.ജെ.പി എം.എൽ.എ ആയിരുന്ന അവർ പിന്നീട് ഭർത്താവ് നവ്ജ്യോത് സിങ് സിദ്ദുവിനൊപ്പം കോൺഗ്രസിൽ ചേരുകയായിരുന്നു. പഞ്ചാബിനു വേണ്ടി താനും ഭർത്താവും പല പദവികളും ഉപേക്ഷിച്ചുവെന്നും എന്നാൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും നവ്ജ്യോത് കൗർ കുറ്റപ്പെടുത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം നേരിടുമെന്നും അവർ പ്രവചിച്ചു.
