ബിഹാറില്‍ എന്‍ഡിഎയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി; ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ വീതം മത്സരിക്കും; ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് 29 സീറ്റ് നല്‍കി; ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയും ഉപേന്ദ്ര കുശ്വാഹയുടെയും പാര്‍ട്ടിയും ആറ് സീറ്റുകളില്‍ വീതം മത്സരിക്കും; എന്‍ഡിഎ സഖ്യം പോരാട്ടത്തിന് തയ്യാറായി; ആകാംക്ഷ ഇന്ത്യ സഖ്യത്തിന്റെ സീറ്റുവിഭജനം എന്താകുമെന്ന്

ബിഹാറില്‍ എന്‍ഡിഎയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി

Update: 2025-10-12 14:28 GMT

പട്‌ന: രാജ്യം കാതോര്‍ത്തിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഒരു മുഴം മുമ്പേ എന്‍ഡിഎ സഖ്യം. ബിഹാറില്‍ എന്‍ഡിഎ സീറ്റ് വിഭജനത്തില്‍ ധാരണയായതോടെയാണ് സഖ്യം തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ മത്സരിക്കാനാണ് തീരമാനം. ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് 29 സീറ്റ് നല്‍കി. തനിക്ക് കൂടുതല്‍ ചിരാഗ് പസ്വാന്‍ ആവശ്യപ്പെട്ടിരുന്നു. 39 സീറ്റുകള്‍ വേണമെന്നാണ് ചിരാഗ് പസ്വാന്‍ ആവശ്യപ്പെട്ടത്.

ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയും ഉപേന്ദ്ര കുശ്വാഹയുടെയും പാര്‍ട്ടിയും 6 സീറ്റുകളില്‍ വീതം മത്സരിക്കും. 243 അംഗ നിയമസഭയാണ് ബിഹാറിലേത്. ചിരാഗ് പാസ്വാന്റെ എല്‍ജെപി 40 മുതല്‍ 50 സീറ്റുകള്‍ വരെയാണ് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 29 സീറ്റിന് അപ്പുറം നല്‍കാനാവില്ലെന്ന് ബിജെപി അറിയിക്കുകയായിരുന്നു. 15 സീറ്റുകള്‍ ആവശ്യപ്പെട്ട ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയാണ് ആറു സീറ്റുകളില്‍ ഒതുങ്ങിയത്.

ഇത്തവണ തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ ധര്‍മേന്ദ്ര പ്രധാനെ നിയോഗിച്ചതിന് പിന്നിലും ബിജെപിക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷം നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ ബിജെപി നിയോഗിച്ചത് ധര്‍മേന്ദ്ര പ്രധാനെ ആയിരുന്നു. കടുത്ത സര്‍ക്കാര്‍ വിരുദ്ധ തരംഗമുണ്ടായിട്ടും ഹരിയാനയില്‍ ബിജെപിക്ക് തുടര്‍ഭരണം കിട്ടിയത് ഏവരെയും ഞെട്ടിച്ചിരുന്നു.

മതിയായ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ തനിച്ച് മല്‍സരിക്കുമെന്ന് കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം, ആര്‍എല്‍എം എന്നീ പാര്‍ട്ടികള്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്‍ ഉള്‍പ്പെടെ നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം നിലപാട് മയപ്പെടുത്തുകയായിരുന്നു.

അതേസമയം ഇന്ത്യാ സഖ്യത്തിലെ സീറ്റ് വിഭജനമാണ ഇനി പൂര്‍ത്തിയാകാനുള്ളത്. ബിജെപി സംഖ്യം തയ്യാറായതോടെ കഴിഞ്ഞ തവണ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ഇത്തവണ 55-ഓളം സീറ്റുകള്‍ ലഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കഴിഞ്ഞ തവണ 144 സീറ്റുകളില്‍ മത്സരിച്ച ആര്‍ജെഡി 135 എണ്ണത്തില്‍ മത്സരിച്ചേക്കും. സിപിഐ (എംഎല്‍) 30 സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഐ 24 സീറ്റും സിപിഎം 11 സീറ്റും ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ മുകേഷ് സഹാനി ഇടഞ്ഞു നില്‍ക്കുന്നതും ഇന്ത്യാ സഖ്യത്തിനു തലവേദനയാണ്. ഇദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് നേരിട്ട് ചര്‍ച്ച നടത്തുന്നതായാണറിയുന്നത്. എന്‍ഡിഎ സീറ്റു വിഭജനം പൂര്‍ത്തിയായതോടെ ഇന്ത്യ സഖ്യത്തിന്റെ സീറ്റുവിഭജനം എന്താകുമെന്നാണ് ആകാംക്ഷ.

മഹാസഖ്യത്തിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നാണ് നേതാക്കള്‍ പറയുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഡല്‍ഹിയില്‍ എത്തി. 60 സീറ്റുകള്‍ വേണമെന്ന് ഇടതു പാര്‍ട്ടികളുടെ ആവശ്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സീറ്റ് വിതരണത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും തീരുമാനമെടുക്കാന്‍ ആര്‍ജെഡി, ലാലുപ്രസാദ് യാദവിനെ ചുമതലപ്പെടുത്തിയിരുന്നു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമില്ല.

കോണ്‍ഗ്രസ് 78 സീറ്റുകള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്, അതേസമയം 48 സീറ്റുകള്‍ വരെയാണ് ആര്‍ജെഡിയുടെ വാഗ്ദാനം. 60 സീറ്റുകള്‍ വേണമെന്നാണ് ഇടതു പാര്‍ട്ടികളുടെ ആവശ്യം. അതേസമയം 140 സീറ്റുകളില്‍ ആകും ആര്‍ജെഡി മത്സരിക്കുക. പുതുമുഖങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. വിജയ സാധ്യത ഉള്ള സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കോണ്‍ഗ്രസ്. നാളെയോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നണ് കരുന്നത്.

Tags:    

Similar News