സംസ്ഥാന സര്‍ക്കാര്‍ വായ്പയെടുത്ത് പണം സോണിയാഗാന്ധിക്ക് വകമാറ്റി; ദുരിതാശ്വാസ നിധി വകമാറ്റിയെന്ന് കങ്കണയുടെ ആരോപണം; തെളിവ് നല്‍കിയില്ലെങ്കില്‍ അപകീര്‍ത്തിക്കേസ് നല്‍കുമെന്ന് ഹിമാചല്‍ സര്‍ക്കാര്‍

കങ്കണയുടേത് ബൗദ്ധിക പാപ്പരത്തം

Update: 2024-09-23 12:12 GMT

ഷിംല: സംസ്ഥാന സര്‍ക്കാര്‍ വായ്പയെടുത്ത് പണം സോണിയാഗാന്ധിക്ക് വകമാറ്റി നല്‍കിയെന്ന മണ്ഡി എം.പി. കങ്കണ റണൗട്ടിന്റെ പ്രസ്താവനയ്ക്കെതിരെ ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ്. എം.പിയുടെ ആരോപണം തെളിയിക്കാന്‍ മന്ത്രി വിക്രമാദിത്യസിങ് വെല്ലുവിളിച്ചു. കങ്കണയുടേത് ബൗദ്ധിക പാപ്പരത്തമാണെന്ന് വിക്രമാദിത്യസിങ് പരിഹസിച്ചു. തെളിവ് നല്‍കിയില്ലെങ്കില്‍ അപകീര്‍ത്തിക്കേസ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രത്തില്‍നിന്ന് വരുന്നതോ സംസ്ഥാനത്തിന്റെ വികസന ഫണ്ടുകളോ സോണിയാഗാന്ധിക്ക് വകമാറ്റിയെന്ന് പറയുന്നതിനേക്കാള്‍ വലിയ ബുദ്ധിശൂന്യമായ പ്രസ്താവന വേറെയില്ല. ഒരു രൂപയെങ്കിലും വകമാറ്റിയതായി തെളിയിക്കാന്‍ ബി.ജെ.പി. എം.പിയെ വെല്ലുവിളിക്കുകയാണ്. അതിന് സാധിച്ചില്ലെങ്കില്‍ അടിസ്ഥാനരഹിതമായ പ്രസ്താവനയില്‍ സോണിയാഗാന്ധിയോട് മാപ്പുപറയണം. ഇല്ലെങ്കില്‍ അപകീര്‍ത്തിക്കേസ് നല്‍കുമെന്നും അദ്ദേഹം അടിവരയിട്ടു.

മണാലിയിലെ ബി.ജെ.പി. പരിപാടിയിലായിരുന്നു കങ്കണയുടെ പരാമര്‍ശം. അഴിമതി വ്യാപകമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഖജനാവുകള്‍ അവര്‍ കാലിയാക്കി. കടംവാങ്ങി പണം സോണിയാഗാന്ധിക്ക് നല്‍കുന്നു. ഇത് ഹിമാചല്‍ പ്രദേശ് ഖജനാവ് പൊള്ളയാക്കി. ദുരന്തങ്ങളും കോണ്‍ഗ്രസും സംസ്ഥാനത്ത് പതിറ്റാണ്ടുകള്‍ പിന്നോട്ടടിച്ചു. നിലവിലെ സര്‍ക്കാരിനെ വേരോടെ പിഴുതെറിയാന്‍ അഭ്യാര്‍ഥിക്കുന്നു. ദുരന്തനിവാരണത്തിന് പണം നല്‍കുമ്പോള്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് പോകേണ്ടത്. എന്നാലിവിടെ സോണിയാ ദുരിതാശ്വാസ നിധിയിലേക്കാണ് പോകുന്നതെന്നുമായിരുന്നു കങ്കണയുടെ പരാമര്‍ശം. ബി.ജെ.പി. അംഗത്വ കാമ്പയിന്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

Tags:    

Similar News