'വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം; മന്ത്രിയുടെ ഖേദപ്രകടനം സ്വീകാര്യമല്ല'; സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ വിജയ് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ സുപ്രീം കോടതി
മന്ത്രി വിജയ് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: കേണല്‍ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മദ്ധ്യപ്രദേശ് മന്ത്രി വിജയ് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. മന്ത്രിയുടെ ഖേദപ്രകടനം സ്വീകാര്യമല്ലെന്നും വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പൊതുപ്രവര്‍ത്തകനും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനുമാണ്. വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ മദ്ധ്യപ്രദേശ് ഡിജിപിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. വനിതാ ഉദ്യോഗസ്ഥ ഉള്‍പ്പെടെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സംഘത്തെ നയിക്കുന്നത്. മേയ് 28ന് മുന്‍പായി പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു.
വിദ്വേഷപരാമര്‍ശത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ വിജയ് ഷാ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി മന്ത്രിയെ സൂപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. മന്ത്രിയുടെ ഖേദപ്രകടനം സ്വീകാര്യമല്ലെന്നും പൊതുപ്രവര്‍ത്തകനും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനുമായ മന്ത്രി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും കോടതി വ്യക്തമാക്കി. കേസില്‍ മന്ത്രിയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു.
ഭീകരരുടെ സഹോദരിയെന്നാണ് സോഫിയ ഖുറേഷിയെ പൊതുപരിപാടിയില്‍ വിജയ് ഷാ അഭിസംബോധന ചെയ്തത്. നമ്മുടെ പെണ്‍മക്കളെ വിധവകളാക്കിയ ഭീകരരെ പാഠം പഠിപ്പിക്കാനായി അവരുടെ സഹോദരിയെ തന്നെ അയച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. ഈ പരാമര്‍ശം വിവാദമായതോടെ മന്ത്രി വിജയ് ഷാ മാപ്പ് പറയുകയും ചെയ്തിരുന്നു. പിന്നാലെ വിജയ് ഷായ്ക്കെതിരെ കേസെടുക്കാന്‍ മദ്ധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാന പൊലീസ് മേധാവിയോടാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. വിദ്വേഷ പരാമര്‍ശത്തില്‍ തനിക്കെതിരായി എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി വിജയ് ഷാ സുപ്രീംകോടതിയെ സമീപിച്ചത്.