ബിഹാറില്‍ എല്ലാ സര്‍ക്കാര്‍ ജോലികളിലും 35 ശതമാനം സ്ത്രീസംവരണം; തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വമ്പന്‍ പ്രഖ്യാപനവുമായി എന്‍ഡിഎ സര്‍ക്കാര്‍; ബിഹാര്‍ യൂത്ത് കമ്മീഷന്റെ രൂപീകരണവും പ്രഖ്യാപിച്ച് നിതീഷ് കുമാര്‍
ബിഹാറില്‍ എല്ലാ സര്‍ക്കാര്‍ ജോലികളിലും 35 ശതമാനം സ്ത്രീസംവരണം
പട്ന: സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം പ്രഖ്യാപിച്ച് ബിഹാര്‍ സര്‍ക്കാര്‍. മാസങ്ങള്‍ക്കുള്ളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിന്റെ വമ്പന്‍ പ്രഖ്യാപനം. 'സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങളിലെ എല്ലാ വിഭാഗങ്ങളിലേക്കും, തലങ്ങളിലേക്കും, തരങ്ങളിലേക്കും നേരിട്ടുള്ള നിയമനങ്ങളില്‍ ബിഹാറിലെ സ്ഥിര താമസക്കാരായ വനിതകള്‍ക്ക് മാത്രമായി 35% സംവരണം ഏര്‍പ്പെടുത്തും' എന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രഖ്യാപനം.
'പൊതു സേവനങ്ങളില്‍ എല്ലാ തലങ്ങളിലും വകുപ്പുകളിലും സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനാണ് സര്‍ക്കാരിന്റെ ശ്രമം. കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുകയും ബിഹാറിലെ ഭരണത്തിലും ഭരണനിര്‍വ്വഹണത്തിലും വലിയ പങ്ക് വഹിക്കുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യ'മെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. പട്‌നയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ബിഹാറില്‍ സ്ഥിരതാമസക്കാരായ സ്ത്രീകളായ ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലികളിലേക്കുള്ള റിക്രൂട്ട്മെന്റുകളില്‍ 35 ശതമാനം സംവരണമാണ് ബിഹാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും തൊഴില്‍പരിശീലനം നല്‍കാനും സംസ്ഥാനത്ത് യൂത്ത് കമ്മീഷന്‍ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ ജോലികളില്‍ വനിതാസംവരണം സംബന്ധിച്ചും പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
കഴിഞ്ഞമാസം സംസ്ഥാനത്തെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ തുകയും സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. 400 രൂപയില്‍നിന്ന് 1100 രൂപയായാണ് പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചത്. ജൂലായ് മുതല്‍ വര്‍ധിപ്പിച്ച തുക അര്‍ഹരായവര്‍ക്ക് ലഭിക്കുമെന്നും എല്ലാമാസവും പത്താംതീയതി പെന്‍ഷന്‍ അക്കൗണ്ടിലെത്തുമെന്നും മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പറഞ്ഞിരുന്നു.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായിരിക്കും ബിഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന. ഇതിനുമുന്നോടിയായാണ് നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ വനിതാസംവരണം ഉള്‍പ്പെടെയുള്ള വമ്പന്‍പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ യുവാക്കളുടെ ഉന്നമനവും ക്ഷേമവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ബിഹാര്‍ യുവജന കമ്മീഷന്‍ സര്‍ക്കാരിനെ ഉപദേശിക്കുമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. യുവാക്കള്‍ക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകളുമായി കമ്മീഷന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കമ്മീഷന് ഒരു ചെയര്‍പേഴ്സണ്‍, രണ്ട് വൈസ് ചെയര്‍പേഴ്സണ്‍മാര്‍, 45 വയസ്സിന് താഴെയുള്ള ഏഴ് അംഗങ്ങള്‍ എന്നിവര്‍ ഉണ്ടായിരിക്കും. സംസ്ഥാനത്തിന് പുറത്ത് പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെയും തൊഴിലാളികളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതും കമ്മീഷന്റെ ചുമതലയാണ്.
സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജോലികളില്‍ ബിഹാര്‍ സ്വദേശികളായ യുവാക്കള്‍ക്ക് മുന്‍ഗണന ലഭിക്കുന്നുണ്ടോ എന്നതും കമ്മീഷന്‍ നിരീക്ഷിക്കും. മദ്യം, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ സാമൂഹിക തിന്മകള്‍ തടയുന്നതിനുള്ള പരിപാടികള്‍ തയ്യാറാക്കുക എന്നതും കമ്മീഷന്റെ ചുമതലയാണ്. അത്തരം കാര്യങ്ങളില്‍ കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശകള്‍ നല്‍കുമെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.ബിഹാറിലെ യുവാക്കളെ സ്വാശ്രയരും, വൈദഗ്ധ്യമുള്ളവരും, തൊഴില്‍ സജ്ജരുമാക്കുകയും വരും തലമുറകള്‍ക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് കമ്മീഷന്റെ ലക്ഷ്യമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.