'നിങ്ങളെന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയവരെ കാലപുരിക്കയച്ചു; സീറോ ടോളറന്‍സ് നയം ആവിഷ്‌കരിച്ച് നടപ്പാക്കിയതിലൂടെ ഒട്ടേറെ ക്രിമിനലുകള്‍ കൊല്ലപ്പെട്ടു; പ്രയാഗ്രാജിലെ എന്നെപ്പോലുള്ള നിരവധി സ്ത്രീകള്‍ക്ക് മുഖ്യമന്ത്രി നീതി ലഭ്യമാക്കി'; യോഗി ആദിത്യനാഥിന് നന്ദി പറഞ്ഞ് എസ് പി എംഎല്‍എ

യോഗി ആദിത്യനാഥിന് നന്ദി പറഞ്ഞ് എസ് പി എംഎല്‍എ

Update: 2025-08-14 09:42 GMT

ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ സീറോ ടോളറന്‍സ് നയം ആവിഷ്‌കരിച്ച് നടപ്പാക്കിയതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നന്ദിപറഞ്ഞ് പ്രതിപക്ഷ എംഎല്‍എ പൂജാ പാല്‍. യുപി നിയമസഭയിലെ സമാജ്വാദി പാര്‍ട്ടി അംഗമാണ് പൂജ. ഇവരുടെ ഭര്‍ത്താവ് രാജു പാലിനെ കൊലപ്പെടുത്തിയ ഗുണ്ടാനേതാവ് അതിഖ് അഹമ്മദിനെ ഉന്മൂലനം ചെയ്തതിനാണ് യോഗിക്ക് പൂജ നന്ദി അറിയിച്ചത്.

വിഷന്‍ ഡോക്യുമെന്റ് 2037-നുമേല്‍ നടന്ന 24 മണിക്കൂര്‍ മാരത്തണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് യോഗിയോടുള്ള നന്ദി പൂജ അറിയിച്ചത്. ബിഎസ്പി എംഎല്‍എ ആയിരുന്ന രാജു പാല്‍, 2005-ല്‍ പ്രയാഗ്രാജില്‍വെച്ചാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. അലഹാബാദ് വെസ്റ്റ് മണ്ഡലത്തില്‍ അതീഖ് അഹമ്മദിന്റെ സഹോദരന്‍ അഷ്റഫിനെ ആയിരുന്നു അന്ന് രാജു പരാജയപ്പെടുത്തിയത്. ഗുണ്ടാത്തലവനും എസ്പി മുന്‍ എംപിയുമായ അതിഖ് 2023-ലാണ് കൊല്ലപ്പെട്ടത്.

എന്റെ ഭര്‍ത്താവിനെ (രാജു പാല്‍) കൊലപ്പെടുത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. മറ്റാരും എന്നെ കേള്‍ക്കാതിരുന്നപ്പോള്‍ അതിന് തയ്യാറാകുകയും എനിക്ക് നീതി ലഭ്യമാക്കുകയും ചെയ്ത മുഖ്യമന്ത്രിയോട് ഞാന്‍ നന്ദി പറയുന്നു. സീറോ ടോളറന്‍സ് നയം ആവിഷ്‌കരിച്ച് നടപ്പാക്കിയതിലൂടെ അതീഖ് അഹമ്മദിനെ പോലുള്ള ക്രമിനലുകള്‍ കൊല്ലപ്പെട്ടു. അതുവഴി പ്രയാഗ്രാജിലെ എന്നെപ്പോലുള്ള നിരവധി സ്ത്രീകള്‍ക്ക് മുഖ്യമന്ത്രി നീതി ലഭ്യമാക്കി. ഇന്ന് സംസ്ഥാനമൊട്ടാകെ മുഖ്യമന്ത്രിയെ വീക്ഷിക്കുന്നത് വിശ്വാസത്തിലൂന്നിയാണ്, പൂജ പറഞ്ഞു. എന്റെ ഭര്‍ത്താവിന്റെ കൊലപാതകി അതീഖ് അഹമ്മദിനെ മുഖ്യമന്ത്രി കുഴിച്ചുമൂടി, പൂജാ പാല്‍ കൂട്ടിച്ചേര്‍ത്തു.

അനുജനെ തോല്‍പ്പിച്ചതിന്റെ പക

രാജുപാല്‍ അതിഖ് അഹമ്മദിന്റെ അനുജനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചതിന്റെ പക കാരണമാണ് രാജുപാലിനെ കൊലപ്പെടുത്തിയത്. 18 വെടിയുണ്ടകളാണ് രാജുപാലിന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്തത്. പിന്നീട് സിബിഐ അന്വേഷണത്തിലാണ് കൊല നടത്തിയത് അതിഖ് അഹമ്മദാണെന്ന് തെളിഞ്ഞത്. അതിന് തൊട്ട് മുന്‍പ് സമാജ് വാദി പാര്‍ട്ടിയുടെ എംപിയായി അതിഖ് അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജുപാല്‍ കൊല്ലപ്പെടുന്നതിന് വെറും 11 ദിവസം മുന്‍പാണ് പൂജാപാലിനെ വിവാഹം ചെയ്തിരുന്നത്.

രാജുപാല്‍ കൊല്ലപ്പെട്ടതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ പൂജാപാല്‍ അലഹബാദ് വെസ്റ്റില്‍ നിന്നും മത്സരിച്ചെങ്കിലും അതിഖ് അഹമ്മദിന്റെ അനുജന്‍ അഷറഫിനോട് പരാജയപ്പെട്ടു. പിന്നീട് 2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടപ്പില്‍ ഇതേ സീറ്റില്‍ ബിഎസ് പിയ്ക്ക് വേണ്ടി വീണ്ടും മത്സരിച്ചപ്പോള്‍ പൂജാ പാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയോട് തോറ്റു. പക്ഷെ 2022ല്‍ പൂജാ പാല്‍ ചാലി മണ്ഡലത്തില്‍ നിന്നും ജയിച്ച് എംഎല്‍എ ആയി മാറി.

അതീഖ് അഹമ്മദ് വധം

ഗുണ്ടയായ അതീഖ് അഹമ്മദ് ഈയിടെ യുപിയില്‍ മൂന്ന് യുവാക്കളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ജേണലിസ്റ്റുകളെപ്പോലെ പൊലീസുകാര്‍ക്കിടയില്‍ നുഴഞ്ഞു കയറിയാണ് ഇവര്‍ അതിഖ് അഹമ്മദിനെ കൊലപ്പെടുത്തിയത്. നിരവധി പിടിച്ചുപറിക്കേസുകള്‍, കൊലപാതകങ്ങള്‍, ഭീഷണിപ്പെടുത്തലുകള്‍, തട്ടിക്കൊണ്ടുപോകലുകള്‍ എന്നിവയില്‍ പ്രതിയാണ് അതീഖ് അഹമ്മദ്. അദ്ദേഹത്തിന്റെ കൗമാരക്കാരനായ മകനെയും ശത്രുക്കള്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

Tags:    

Similar News