'പതിറ്റാണ്ടുകളായി ഭരിച്ചവര്‍ നിങ്ങളെ സ്വയം നശിക്കാന്‍ വിട്ട് എസി മുറികളില്‍ ജീവിതം ആസ്വദിച്ചു; എന്നാല്‍, മോദിക്ക് അതിന് കഴിഞ്ഞില്ല': ചുവപ്പുപതാക മാറ്റി ത്രിവര്‍ണ പതാക പാറിച്ചു; ഛത്തീസ്ഗഡില്‍ മാവോവാദം അവസാനിപ്പിച്ചു; ആദിവാസികളെ വഞ്ചിച്ചവരെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി
മാവോവാദം അവസാനിപ്പിച്ചെന്ന് പ്രധാനമന്ത്രി
റായ്പുര്‍: ഛത്തീസ്ഗഡില്‍ മാവോവാദികളുടെ ആധിപത്യം അവസാനിപ്പിച്ച് നാടിനെ വികസനത്തിന്റെ പാതയിലേക്ക് നയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിറ്റാണ്ടുകളായി മാവോവാദികള്‍ പ്രതിനിധാനം ചെയ്തിരുന്ന ചുവപ്പു പതാക മാറ്റി എല്ലായിടത്തും ത്രിവര്‍ണ പതാക സ്ഥാപിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്ത് മാത്രമെത്തി ആദിവാസികളെ വഞ്ചിച്ചവരെ രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി, താന്‍ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ക്കൊപ്പം നിന്നുവെന്നും വിശദീകരിച്ചു.
ഛത്തീസ്ഗഡിലെ അടല്‍ നഗര്‍-നവ റായ്പുരില്‍ രജത് മഹോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'ഭരണഘടന പിന്തുടരുന്നുവെന്നും സാമൂഹിക നീതിയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നവര്‍ സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ആദിവാസികള്‍ക്കെതിരെ അനീതി കാട്ടി. മാവോവാദികളുടെ സാന്നിധ്യം കാരണം അടിസ്ഥാന സൗകര്യ വികസനം നടക്കാതെ പോവുകയും പ്രദേശത്ത് ജോലി ചെയ്യുന്ന അധ്യാപകരും ഡോക്ടര്‍മാരും കൊല്ലപ്പെടുകയും ചെയ്തു,' പ്രധാനമന്ത്രി പറഞ്ഞു.
നക്‌സലിസത്തില്‍ നിന്നും മാവോവാദി ഭീകരവാദത്തില്‍ നിന്നും ഛത്തീസ്ഗഡിനെ മോചിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും, കഴിഞ്ഞ 55 വര്‍ഷമായി നിങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014ല്‍ അധികാരത്തിലെത്തിയപ്പോള്‍ മാവോവാദികളില്‍ നിന്ന് നാടിനെ മോചിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്തത് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
ബിജാപുരിലെ ചിക്കപാലി ഗ്രാമത്തില്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം വൈദ്യുതി സ്ഥാപിച്ചതും, അബുജ്മര്‍ ഗ്രാമത്തില്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി ഒരു സ്‌കൂള്‍ നിര്‍മ്മിച്ചതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 'മാവോവാദികളെ പ്രതിനിധാനം ചെയ്യുന്ന ചുവപ്പുപതാക മാറ്റി അവിടങ്ങളില്‍ മൂവര്‍ണക്കൊടി സ്ഥാപിച്ചു. നക്‌സലൈറ്റുകള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് ഭരണഘടന അംഗീകരിച്ചുവെന്നും സാഹചര്യങ്ങള്‍ മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായി ഭരിച്ചവര്‍ നിങ്ങളെ സ്വയം നശിക്കാന്‍ വിട്ട് എസി മുറികളില്‍ ജീവിതം ആസ്വദിച്ചു. എന്നാല്‍, മോദിക്ക് അതിന് കഴിഞ്ഞില്ല,' അദ്ദേഹം പറഞ്ഞു.
മാവോവാദി ഭീകരവാദം മൂലം ഛത്തീസ്ഗഡില്‍ നല്ലൊരു വിദ്യാലയമോ ആശുപത്രിയോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാവോവാദികളുടെ ഭീതി കാരണം പ്രദേശത്ത് വികസനം മുരടിക്കുകയായിരുന്നു. ഈ സാഹചര്യങ്ങള്‍ മാറ്റിയെടുക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി പ്രധാനമന്ത്രി വിലയിരുത്തി.
