ഗൂഗ്ള്‍ ജെമിനി എ.ഐ ടൂള്‍ ഉപയോഗിച്ച സര്‍വേ; ബിഹാറില്‍ ഇന്ത്യസഖ്യത്തിന്റെ വിജയം പ്രവചിച്ച് ജേണോ മിറര്‍; 140 സീറ്റ് വരെ ലഭിക്കുമെന്ന് പ്രവചനം; തേജസ്വി - രാഹുല്‍ കൂട്ടുകെട്ടിന് ആശ്വാസം നല്‍കിയ ഒരേയൊരു എക്‌സിറ്റ് പോള്‍ ഫലിക്കുമോ?
പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ ഭൂരിഭാഗം എക്‌സിറ്റ് പോളുകളും എന്‍.ഡി.എ സഖ്യത്തിന്റെ അധികാരത്തുടര്‍ച്ചയാണ് പ്രവചിച്ചത്. എന്നാല്‍ തേജസ്വി-രാഹുല്‍ കൂട്ടുകെട്ടിലുള്ള മഹാസഖ്യത്തിന്റെ വിജയം പ്രവചിച്ച് ശ്രദ്ധ നേടുകയാണ് ജേണോ മിറര്‍. ഹിന്ദി ന്യൂസ് പോര്‍ട്ടലായ ജേണോ മിററിന്റെ എക്‌സിറ്റ് പോളില്‍ മഹാസഖ്യം 130 മുതല്‍ 140 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ്. എന്‍.ഡി.എ ഭരണത്തുടര്‍ച്ച നേടില്ലെന്നും 100 മുതല്‍ 110 സീറ്റുകളിലൊതുങ്ങുമെന്നും അവര്‍ പ്രവചിക്കുന്നു. അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എം മൂന്നുമുതല്‍ നാലു സീറ്റുകള്‍ വരെ നേടുമെന്നും പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് അടക്കമുള്ള മറ്റുപാര്‍ട്ടികള്‍ക്ക് മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നുമാണ് ജേണോ മിററിന്റെ സര്‍വേ ഫലം.
അതേസമയം, ബിഹാറില്‍ നിതീഷ് കുമാറിന്റെ ഭരണം തുടരുമെന്നാണ് മറ്റെല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത്. 130ലേറെ സീറ്റുകളാണ് എല്ലാ എക്‌സിറ്റ് പോളുകളും എന്‍ഡിഎ സഖ്യത്തിന് പ്രവചിക്കുന്നത്. 122 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ഇന്ത്യാ സഖ്യം 100ലേറെ സീറ്റ് കടക്കുമെന്നു പ്രവചിക്കുന്നത് നാല് എക്‌സിറ്റ് പോളുകള്‍ മാത്രമാണ്. ഏറെ അവകാശവാദവുമായി എത്തിയ പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി വലിയ ചലനമുണ്ടാക്കില്ലെന്നും പ്രവചിക്കുന്നു. ചില എക്‌സിറ്റ് പോളുകള്‍ ജന്‍ സുരാജിന് പരമാവധി അഞ്ച് സീറ്റ് പ്രവചിക്കുമ്പോള്‍ മറ്റു ചിലത് പൂജ്യം സീറ്റ് മാത്രമാണ് നല്‍കുന്നത്.
വേറിട്ട പ്രവചനം
2021മുതലാണ് ഹിന്ദി ന്യൂസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സര്‍വീസായ ജേണോ മിറര്‍ ആരംഭിച്ചത്. ഗൂഗ്ള്‍ ജെമിനി എ.ഐ ടൂള്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ സര്‍വേ നടത്തിയത്. സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളായ ദലിതുകളുടെയും മുസ്‌ലിംകളുടെയും പ്രശ്‌നങ്ങളുമാണ് പൊതുവെ ജേണോ മിറര്‍ കവര്‍ ചെയ്യുന്നത്.
ദൈനിക് ഭാസ്‌കര്‍, മാട്രിസ്, പീപ്ള്‍സ് ഇന്‍സൈറ്റ്, പീപ്ള്‍സ് പള്‍സ് അടക്കം ഏഴ് എക്‌സിറ്റ് പോളുകളാണ് എന്‍.ഡി.എയുടെ വിജയം പ്രവചിച്ചത്. എന്‍.ഡി.എക്ക് 145-160 സീറ്റുകള്‍ ലഭിക്കുമെന്നാണ് ദൈനിക് ഭാസ്‌കറിന്റെ പ്രവചനം. മഹാസഖ്യത്തിന് 73-91 സീറ്റുകള്‍ വരെ ലഭിക്കാമെന്നും അവര്‍ വിലിരുത്തുന്നു. ജന്‍സൂരജിന് 0-3 ഉം മറ്റ് പാര്‍ട്ടികള്‍ക്ക് 5-10 വരെ സീറ്റുകള്‍ ലഭിച്ചേക്കാമെന്നും കണക്കുകൂട്ടുന്നുണ്ട്.
എന്‍.ഡി.എക്ക് 147-167 സീറ്റുകള്‍ ലഭിച്ചേക്കാമെന്നാണ് മാട്രിസിന്റെ സര്‍വേ ഫലം. മഹാസഖ്യത്തിന് 70-90 സീറ്റുകള്‍ ലഭിക്കുമെന്നും അവര്‍ പ്രവചിക്കുന്നു. ജന്‍ സുരാജ് പാര്‍ട്ടി 0-2ഉം മറ്റ് പാര്‍ട്ടികള്‍ക്ക് 2-8 ഉം സീറ്റുകള്‍ കിട്ടുമെന്നാണ് കരുതുന്നത്.
പീപ്ള്‍സ് ഇന്‍സൈറ്റിന്റെ കണക്കനുസരിച്ച് എന്‍.ഡി.എക്ക് 133-148 വരെ സീറ്റുകള്‍ ലഭിക്കും. മഹാസഖ്യത്തിന് 87-102ഉം. ജന്‍സുരാജിന് 0-2, മറ്റുള്ളവര്‍ 3-6 എന്നിങ്ങനെയാണ് കണക്ക്.
എന്‍.ഡി.എക്ക് 133-159 സീറ്റുകളും മഹാസഖ്യത്തിന് 75-101 സീറ്റുകളും ജന്‍സുരാജിന് 0-5ഉം മറ്റുള്ളവര്‍ക്ക് 2-8ഉം സീറ്റുകളാണ് പീപ്ള്‍സ് പള്‍സ് പ്രവചിക്കുന്നത്. എന്നാല്‍ ഈ എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസ് തള്ളിയിരുന്നു.
ബിഹാറിലെ 243 അംഗ നിയമസഭയില്‍ 122സീറ്റുകളാണ് കേവല ഭൂരിപക്ഷം തികക്കാന്‍ വേണ്ടത്. ഒറ്റക്കു തന്നെ എന്‍.ഡി.എക്ക് കേവല ഭൂരിപക്ഷം തികക്കാന്‍ കഴിയുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം. മഹാസഖ്യത്തിന് 100 സീറ്റുകള്‍ പോലും ഒറ്റ സര്‍വേയും പ്രവചിക്കുന്നില്ല.
സംസ്ഥാനത്ത് നവംബര്‍ ആറ്, 11 തീയതികളിലായി രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് പൂര്‍ത്തീകരിച്ചത്. അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നത്. നവംബര്‍ 14ന് ഫലമറിയാം. കനത്ത പോളിങ്ങാണ് രണ്ടുഘട്ടത്തിലും രേഖപ്പെടുത്തിയത്. രണ്ടാംഘട്ടത്തില്‍ വൈകീട്ട് അഞ്ച് മണിവരെ 67.14ശതമാനമാണ് പോളിങ്. രണ്ടാം ഘട്ടത്തില്‍ 45,399 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്.
