എന്‍ഡിഎ കൊടുങ്കാറ്റില്‍ ആദ്യം ആടിയുലഞ്ഞു; അന്തിമഘട്ടത്തില്‍ തിരിച്ചുവരവ്; കുടുംബത്തിന്റെ ശക്തികേന്ദ്രത്തില്‍ തേജസ്വിക്ക് നിറം മങ്ങിയ ജയം; കഴിഞ്ഞ തവണ 38000ല്‍ പരം വോട്ടുകള്‍ക്ക് ജയിച്ച രഘോപുരില്‍ ഭൂരിപക്ഷം 14,000ല്‍ പരം വോട്ടുകള്‍ മാത്രം

Update: 2025-11-14 14:57 GMT

പട്‌ന: ആര്‍ജെഡിയുടെ ശക്തികേന്ദ്രമായ രാഘോപൂര്‍ മണ്ഡലത്തില്‍ ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവിന് നിറംമങ്ങിയ ജയം. കഴിഞ്ഞ തവണ തേജസ്വി യാദവ് 38000ല്‍ പരം വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലത്തില്‍ ഇത്തവണ 14000ല്‍ പരം വോട്ടുകള്‍ക്കാണ് ജയിച്ചുകയറിയത്. ബിഹാറിലെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കെ സംസ്ഥാനത്തെങ്ങും എന്‍ഡിഎ തേരോട്ടത്തിന്റെ ചിത്രമാണ് ദൃശ്യമാകുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തെ കടപുഴക്കിയ എന്‍ഡിഎ കൊടുങ്കാറ്റില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ തേജസ്വി യാദവ് പരാജയത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ ആദ്യഘട്ടത്തിലുടലെടുത്തെങ്കിലും അവസാനഘട്ടത്തില്‍ തിരിച്ചുവരുകയായിരുന്നു. പ്രതിപക്ഷ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശുഭാപ്തി വിശ്വാസം കാത്തുസൂക്ഷിച്ച യുവ നേതാവിന് തന്റെ കുടുംബത്തിന്റെ ശക്തികേന്ദ്രമായ രഘോപുരില്‍ പോലും നിലയുറപ്പിക്കാന്‍ കഴിയാതെ വന്ന ചിത്രമായിരുന്നു തുടക്കത്തിലുണ്ടായത്. മഹാസഖ്യത്തിന് തെല്ലാശ്വാസം പകരുന്നതാണ് തേജസ്വിയുടെ വിജയം.

രാവിലെ മുതല്‍ ബിജെപിയുടെ സതീഷ് കുമാര്‍ പല കുറി തേജസ്വി യാദവിനെ ഞെട്ടിച്ച് മുന്നിലെത്തി. അതായത് പരമ്പരാഗതമായി ലാലു കുടുംബത്തിന് ഒപ്പം നില്‍ക്കുന്ന യാദവര്‍ പോലും തേജസ്വിയെ കൈവിട്ടു എന്നാണ് ഫലം നല്‍കുന്ന സൂചനകള്‍. തേജസ്വി യാദവിന്റെ മണ്ഡലത്തില്‍ ബിജെപി നടത്തിയ മുന്നേറ്റം ബീഹാറിന്റെ മൊത്തത്തിലുള്ള ചിത്രമാണ് കാട്ടിത്തന്നത്. യാദവ് വോട്ടുകളില്‍ പോലും ബിജെപി-ജെഡിയു സഖ്യമായ എന്‍ഡിഎ മുന്നണിയ്ക്ക് വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞു എന്നത് ലാലു കുടുംബത്തിനോടുള്ള അടുപ്പം കുറയുന്നതിന്റെ സൂചന കൂടിയാണ്.

രഘോപുര്‍ ആര്‍ജെഡിയുടെ ശക്തികേന്ദ്രമാണ്. മുന്‍പ്, തേജസ്വി യാദവിന്റെ പിതാവും ആര്‍ജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവും അദ്ദേഹത്തിന്റെ അമ്മ റാബ്രി ദേവിയും ഈ സീറ്റില്‍ വിജയിച്ചിട്ടുണ്ട്. 2015 മുതല്‍ തേജസ്വിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2020-ലെ തിരഞ്ഞെടുപ്പില്‍ 38,000-ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ഈ സീറ്റില്‍ വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി സതീഷ് കുമാര്‍ യാദവാണ് മണ്ഡലത്തില്‍ തേജസ്വിക്കെതിരെ ആദ്യഘട്ടത്തില്‍ ലീഡ് നേടിയിരുന്നത്. 15 വര്‍ഷം മുന്‍പ് രാഘോപുരില്‍ ലാലു യാദവിന്റെ ഭാര്യ റാബ്രി ദേവിയെ പരാജയപ്പെടുത്തി സതീഷ് കുമാര്‍ രാഷ്ട്രീയ ജനതാദളിന് ഏല്‍പ്പിച്ച ശക്തമായ ആഘാതത്തിന്റെ ആവര്‍ത്തനം വീണ്ടും സംഭവിക്കുമോയെന്നായിരുന്നു രാജ്യം ഉറ്റുനോക്കിയത്.

ആര്‍ജെഡിയില്‍ നിന്നാണ് സതീഷ് കുമാര്‍ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ബിഹാറിലെ ജനസംഖ്യയുടെ ഏകദേശം 15 ശതമാനം വരുന്ന യാദവ സമുദായത്തിലെ ഒരു പ്രമുഖ നേതാവായ അദ്ദേഹം 2005-ല്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിലേക്ക് മാറുകയും രാഘോപുരില്‍ നിന്ന് മത്സരിക്കുകയും ചെയ്തു. എന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന റാബ്രി ദേവി നിര്‍ണായക വിജയം നേടി. 25,000-ത്തിലധികം വോട്ടുകള്‍ക്കായിരുന്നു വിജയം. 2010ല്‍ വീണ്ടും തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ സതീഷ് കുമാര്‍ 13,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച് മണ്ഡലത്തില്‍ ആര്‍ജെഡിയെ പരുങ്ങലിലാക്കി. 2015ല്‍ തേജസ്വി യാദവിനെ കളത്തിലിറക്കി ആര്‍ജെഡി മണ്ഡലം തിരിച്ചുപിടിച്ചു. 2020ലും വിജയം ആവര്‍ത്തിച്ചു. രണ്ടു തവണയും 40 ശതമാനത്തില്‍ താഴേ വോട്ടുമാത്രമാണ് സതീഷ് കുമാറിന് നേടാനായത്. എന്നാല്‍ ഇത്തവണ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. കടുത്ത പോരാട്ടത്തിനാണ് മണ്ഡലം സാക്ഷിയായത്. സഹോദരന്‍ തേജ് പ്രതാപ് യാദവ് സ്ഥാപിച്ച പാര്‍ട്ടിയായ ജന്‍ശക്തി ജനതാദളിലെ പ്രേം കുമാര്‍ ആണ് മണ്ഡലത്തില്‍ തേജസ്വി യാദവിന് കടുത്ത പ്രതിസന്ധിക്ക് വഴി തുറന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

2020 ല്‍ കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം നഷ്ടമായ മഹാസഖ്യത്തിന്റെ തിരിച്ചുവരവിന്റെ പ്രതീക്ഷകളെ തൂത്തെറിയുന്ന കാഴ്ചയ്ക്കാണ് ബിഹാര്‍ സാക്ഷിയായത്. തൊഴിലില്ലായ്മയും പിന്നാക്കാവാസ്ഥയും സജീവ ചര്‍ച്ചയാക്കി യുവതയുടെ നേതാവായി തേജസ്വിയെ മുന്‍നിര്‍ത്തി ഭരണം പിടിക്കാമെന്ന മഹാസഖ്യത്തിന്റെ പദ്ധതികള്‍ക്ക് കൃത്യമായ പദ്ധതികളും പ്രഖ്യാപനങ്ങളുമായി എന്‍ഡിഎ സഖ്യം പ്രതിരോധം തീര്‍ത്തു.

Similar News