തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊടുങ്കാറ്റായി മഹായുതി സഖ്യം; വോട്ടെണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപിയുടെയും സഖ്യകക്ഷികളുടേയും കുതിപ്പ്; കോണ്‍ഗ്രസ് - താക്കറെ - പവാര്‍ കക്ഷികള്‍ നിരാശയില്‍; ബിഹാറിന് പിന്നാലെ വാണിജ്യതലസ്ഥാനത്തും താമരക്കാലം; മഹാ വികാസ് അഘാഡി തകരുന്നു

Update: 2025-12-21 08:22 GMT

മുംബൈ: മഹാരാഷ്ട്ര തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യത്തിന് മുന്നേറ്റം. മഹാരാഷ്ട്രയിലെ 246 നഗരസഭകളിലേക്കും 42 നഗര്‍ പഞ്ചായത്തുകളിലേക്കും നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മഹായുതി സഖ്യം വന്‍ മുന്നേറ്റമാണ് നടത്തുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന ഭരണസഖ്യം ബഹുദൂരം മുന്നിലാണ്. ആകെയുള്ള 6,859 സീറ്റുകളില്‍ 3,120 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളാണ് ലീഡ് ചെയ്യുന്നത്. ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം) 600 സീറ്റുകളിലും എന്‍സിപി (അജിത് പവാര്‍ വിഭാഗം) 200 സീറ്റുകളിലും മുന്നേറ്റം തുടരുന്നു.

246 മുന്‍സിപ്പില്‍ കൗണ്‍സിലുകളില്‍ 146ലേറെ എണ്ണത്തില്‍ ബിജെപി സഖ്യം മുന്നേറുകയാണ്. 99 മുന്‍സിപ്പില്‍ കൗണ്‍സിലും മുന്നേറുന്നത് ബി.ജെ.പിയാണ്. 42 കൗണ്‍സിലുകളില്‍ മുന്നേറ്റവുമായി ശിവസേനയാണ് രണ്ടാമത്. എന്‍.സി.പി അജിത് പവാര്‍ വിഭാഗത്തിന് 28 മുന്‍സിപ്പില്‍ കൗണ്‍സിലുകളില്‍ മുന്നേറ്റമുണ്ട്. നഗര്‍ പഞ്ചായത്തുകളില്‍ 26 ഇടത്ത് ബിജെപിയും അഞ്ചിടത്ത് ശിവസേനയും മൂന്നിടത്ത് എന്‍സിപിയും മുന്നിലുണ്ട്. കോണ്‍ഗ്രസിന് മൂന്നിടത്താണ് മുന്നിലെത്താനായത്.

മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ 25 ഇടത്ത് കോണ്‍ഗ്രസാണ് മുന്നില്‍. 24 ഇടത്ത് സ്വതന്ത്രര്‍ മുന്നിലുണ്ട്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ മുന്നേറ്റം ഒമ്പത് സീറ്റുകളില്‍ ഒതുങ്ങി. എന്‍.സി.പി 11 സീറ്റുകളിലും വിജയിച്ചു. വോട്ടെണ്ണല്‍ തുടങ്ങിയ ഉടനെ തന്നെ ബി.ജെ.പി മൂന്ന് സീറ്റില്‍ എതിരില്ലാതെ വിജയിച്ചിരുന്നു.

തെരഞ്ഞെടുപ്പ് നടന്ന 288 തദ്ദേശ സ്ഥാപനങ്ങളില്‍ 214 ഇടത്തും മഹായുതി സഖ്യം അധികാരം ഉറപ്പിച്ചു കഴിഞ്ഞു. അതേസമയം, പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്ക് (എംവിഎ) വെറും 52 തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമേ മുന്നിലെത്താന്‍ സാധിച്ചുള്ളൂ. പ്രതിപക്ഷ നിരയില്‍ ശിവസേന യുബിടി (145), കോണ്‍ഗ്രസ് (105), എന്‍സിപി ശരദ് പവാര്‍ വിഭാഗം (122) എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. ഒരു പതിറ്റാണ്ടിന് ശേഷം നടന്ന ഈ തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന ബിഎംസി (മുംബൈ കോര്‍പ്പറേഷന്‍) തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ശക്തിപ്രകടനമായാണ് വിലയിരുത്തപ്പെടുന്നത്.

സംസ്ഥാനത്തെ കര്‍ഷക പ്രതിസന്ധിയും സ്ത്രീക്ഷേമ പദ്ധതികളിലെ പോരായ്മകളും ഉയര്‍ത്തി പ്രതിപക്ഷം ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രചാരണ രംഗത്തെ ഏകോപനമില്ലായ്മ അവര്‍ക്ക് തിരിച്ചടിയായി. കോണ്‍ഗ്രസ് വിദര്‍ഭ മേഖലയില്‍ സജീവമായപ്പോള്‍ ശിവസേന യുബിടി നേതാക്കളെ താഴെത്തട്ടില്‍ കാണാനില്ലായിരുന്നു എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതിനു വിപരീതമായി മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും നേരിട്ട് പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഭരണസഖ്യത്തിന്റെ നീക്കം ഗ്രാമീണ മേഖലകളിലടക്കം വലിയ വിജയം കാണുകയായിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും ഈ വിജയം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്.

വിദര്‍ഭ, പശ്ചിമ മഹാരാഷ്ട്ര മേഖലകളില്‍ ബിജെപി വലിയ മുന്നേറ്റമാണ് നടത്തുന്നത്. നാഗ്പൂര്‍ മേഖലയിലെ ഭൂരിഭാഗം നഗര്‍ പഞ്ചായത്തുകളിലും മഹായുതി സഖ്യം അധികാരമുറപ്പിച്ചു. മറാഠ്വാഡ മേഖലയില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ മഹാ വികാസ് അഘാഡിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ കൊങ്കണ്‍ മേഖലയില്‍ ചിലയിടത്ത് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം കരുത്ത് തെളിയിച്ചു. പുനെ തദ്ദേശ സ്ഥാപനങ്ങളില്‍ അജിത് പവാര്‍ വിഭാഗം നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നു. നാസിക്കില്‍ ഷിന്‍ഡെ വിഭാഗം ശിവസേനയ്ക്കും ബിജെപിക്കുമാണ് മേല്‍ക്കൈ.

വിദര്‍ഭ, പശ്ചിമ മഹാരാഷ്ട്ര മേഖലകളില്‍ ബിജെപി വലിയ മുന്നേറ്റമാണ് നടത്തുന്നത്. നാഗ്പൂര്‍ മേഖലയിലെ ഭൂരിഭാഗം നഗര്‍ പഞ്ചായത്തുകളിലും മഹായുതി സഖ്യം അധികാരമുറപ്പിച്ചു. മറാഠ്വാഡ മേഖലയില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ മഹാ വികാസ് അഘാഡിക്ക് കഴിഞ്ഞിട്ടില്ല. ഇന്നത്തെ ഫലം വരാനിരിക്കുന്ന ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലും സ്വാധീനം ചെലുത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. ഇന്നത്തെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ മുംബൈയിലും മഹായുതി സഖ്യത്തിന് അനുകൂലമായ കാറ്റടിക്കാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Tags:    

Similar News