ടിവികെ തൂത്തുക്കുടി സെന്‍ട്രല്‍ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചു; വിജയ്യുടെ കാര്‍ തടഞ്ഞും നടന്റെ വീടിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയും പ്രതിഷേധം; പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച വനിതാ നേതാവ് ഗുരുതരാവസ്ഥയില്‍
ചെന്നൈ: രണ്ടു വര്‍ഷത്തിലേറെ സജീവമായി പ്രവര്‍ത്തിച്ചിട്ടും തൂത്തുക്കുടിയില്‍ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ടിവികെ (തമിഴക വെട്രി കഴകം) വനിതാ നേതാവ് ഗുരുതരാവസ്ഥയില്‍. തൂത്തുക്കുടി സ്വദേശി അജിത ആഗ്നലാണു ജീവനൊടുക്കാന്‍ ശ്രമിച്ചത്. ടിവികെ തൂത്തുക്കുടി സെന്‍ട്രല്‍ ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അജിത ആഗ്നലും അനുയായികളും കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രസിഡന്റ് വിജയ്യുടെ കാര്‍ തടയുകയും നടന്റെ വീടിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നു തൂത്തുക്കുടിയിലേക്കു മടങ്ങിയതിനു പിന്നാലെയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.
ടിവികെയുടെ തൂത്തുക്കുടി സെന്‍ട്രല്‍ ജില്ലാ സെക്രട്ടറിയായി തന്നെ നിയമിക്കുമെന്നായിരുന്നു അജിത പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞദിവസം തൂത്തുക്കുടി ജില്ലാ ഭാരവാഹികളുടെ പട്ടിക വിജയ് പുറത്തിറക്കിയപ്പോള്‍ അവരുടെ പേരുണ്ടായിരുന്നില്ല. തുടര്‍ന്ന് അജിത പാര്‍ട്ടി ആസ്ഥാനത്ത് പ്രതിഷേധം നടത്തുകയും അനുയായികളോടൊപ്പം വിജയ്യുടെ കാര്‍ തടയുകയും ചെയ്തു. പിന്നീട് പാര്‍ട്ടി ആസ്ഥാനത്തിന്റെ പ്രവേശനകവാടത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി. അതിനു ശേഷമായിരുന്നു ആത്മഹത്യശ്രമം. ടിവികെ നേതാവ് വിജയ്യുടെ കൂടെ മാത്രമായിരിക്കും അവസാന ശ്വാസംവരെ തന്റെ രാഷ്ട്രീയയാത്രയെന്ന് അജിത സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
പാര്‍ട്ടി രൂപീകരിക്കപ്പെട്ടത് മുതല്‍ ടിവികെയുടെ സജീവ പ്രവര്‍ത്തകയായ അജിത പതിനഞ്ചിലേറെ ഉറക്കഗുളികകള്‍ കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ് യുവതി. ചൊവ്വാഴ്ചയാണ് സാമുവല്‍ രാജ് എന്നയാളെ തൂത്തുക്കുടി സെന്‍ട്രലിന്റെ ജില്ലാ സെക്രട്ടറിയായി വിജയ് പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ അജിത കടുത്ത എതിര്‍പ്പ് ഉയര്‍ത്തി. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സാമുവല്‍ സജീവമായിരുന്നില്ലെന്നും താനാണ് സെക്രട്ടറി പദത്തിന് അര്‍ഹയെന്നും അവര്‍ മുതിര്‍ന്ന നേതാക്കളെ അറിയിച്ചു. തുടര്‍ന്ന് ടിവികെ ആസ്ഥാനമായ പനയൂരില്‍ വിജയ്‌യുടെ കാര്‍ തടഞ്ഞും ഓഫിസിന് മുന്നില്‍ ധര്‍ണ ഇരുന്നും അജിതയും അനുയായികളും പ്രതിഷേധിച്ചു. പ്രതിഷേധത്തിന് പിന്നാലെ അജിതയ്‌ക്കെതിരെ വലിയ സൈബര്‍ ആക്രമണവും ഉണ്ടായി. ഡിഎംകെയുടെ ചാരയെന്നടക്കം ടിവികെ അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ എഴുതിയതോടെ യുവതി മാനസികമായി തകര്‍ന്നു.
അതിനിടെ ക്രിസ്മസ്, പുതുവത്സരാശംസ നേര്‍ന്നു സ്ഥാപിച്ച ബാനറില്‍ തന്റെ ചിത്രമില്ലെന്ന് ആരോപിച്ചു പ്രാദേശിക ഘടകം സെക്രട്ടറി ഭീഷണിപ്പെടുത്തിയതില്‍ മനം നൊന്ത് ടിവികെ യുവജന വിഭാഗം നേതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ശുചിമുറി വൃത്തിയാക്കാനുപയോഗിക്കുന്ന ദ്രാവകം കുടിച്ച് അത്യാസന്ന നിലയിലായ തിരുവള്ളൂര്‍ പൂണ്ടി സൗത്ത് യൂണിയന്‍ യുവജന വിഭാഗം സെക്രട്ടറി വിജയ് സതീഷ് എന്ന സത്യനാരായണനെ തിരുവള്ളൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വാര്‍ഡില്‍ ക്രിസ്മസ്, പുതുവത്സര ആശംസകള്‍ നേര്‍ന്ന് വലിയ ബാനര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതില്‍ ടിവികെ യൂണിയന്‍ സെക്രട്ടറി വിജയ് പ്രഭുവിന്റെ ഫോട്ടോ ചേര്‍ക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ സത്യനാരായണനെ ഭീഷണിപ്പെടുത്തുകയും മറ്റൊരു ബാനര്‍ തയാറാക്കി മുന്‍പുണ്ടായിരുന്ന ബാനറിനു മുന്‍പില്‍ കെട്ടുകയുമായിരുന്നു.
