താമരയും നമസ്തേയും ആഗോള സൗഹൃദത്തിന്റെ അടയാളം; ബ്രിക്സ്-2026 ലോഗോയില്‍ ഇന്ത്യന്‍ പെരുമ; 2016 ലെ ലോഗോയ്ക്ക് സമാനം; മാനവികതയ്ക്ക് പ്രഥമ പരിഗണന; ബ്രിക്‌സ് ഉച്ചകോടിയുടെ ലോഗോയും വെബ്സൈറ്റും എസ് ജയശങ്കര്‍ പുറത്തിറക്കി

ബ്രിക്‌സ് ഉച്ചകോടിയുടെ ലോഗോയും വെബ്സൈറ്റും എസ് ജയശങ്കര്‍ പുറത്തിറക്കി

Update: 2026-01-13 11:24 GMT

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ്-2026 ഉച്ചകോടിയുടെ ഔദ്യോഗിക ലോഗോയും വെബ്‌സൈറ്റും തീമും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പ്രകാശനം ചെയ്തു. 2016-ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ഉച്ചകോടിയുടെ ലോഗോയ്ക്ക് ഏറെക്കുറെ സമാനമായ രൂപകല്‍പ്പനയാണ് പുതിയ ലോഗോയ്ക്കും നല്‍കിയിരിക്കുന്നത്. താമരയും അതിനുനടുവില്‍ കൈകൂപ്പി നമസ്‌തേ പറയുന്ന തരത്തിലുള്ള ഇതളുകളുമാണ് ലോഗോയിലുള്ളത്. ലോഗോയുടെ ഈ സമാനത പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.


നീല, മഞ്ഞ, ഓറഞ്ച്, പച്ച, ചുവപ്പ് എന്നീ നിറങ്ങളിലാണ് ലോഗോ തയാറാക്കിയിരിക്കുന്നത്. ബ്രിക്‌സ് രാജ്യങ്ങളിലെ ഐക്യത്തെയും വ്യക്തിത്വത്തെയും തുല്യതയെയും ഈ നിറങ്ങള്‍ പ്രതിനിധീകരിക്കുന്നുവെന്ന് പ്രകാശന ചടങ്ങില്‍ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. സുസ്ഥിരത, കരുത്ത്, നൂതനത്വം, സഹകരണം എന്നിവയിലാണ് ഈ വര്‍ഷത്തെ ബ്രിക്‌സ് ഉച്ചകോടിയുടെ ഊന്നല്‍. 'മനുഷ്യത്വത്തിന് ഒന്നാം സ്ഥാനം', 'ജന കേന്ദ്രീകൃത സമീപനം' എന്നിവയിലൂടെ പ്രതിരോധശേഷി, നൂതനത്വം, സഹകരണം എന്നിവ വളര്‍ത്താനാണ് ഇന്ത്യയുടെ അധ്യക്ഷപദം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അഞ്ച് നിറങ്ങള്‍ ബ്രിക്‌സ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നു. ഐക്യം, വ്യക്തിത്വം, തുല്യത എന്നിവയാണ് ലോഗോയിലൂടെ വിദേശകാര്യ മന്ത്രാലയം വിഭാവനം ചെയ്യുന്നത്.



ആഗോളതലത്തിലും മേഖലാതലത്തിലുമുള്ള വെല്ലുവിളികള്‍ ബ്രിക്‌സ് ചര്‍ച്ച ചെയ്യുമെന്നും, പരസ്പര സഹകരണത്തിലൂടെ ഇവയെ മറികടക്കുമെന്നും ജയശങ്കര്‍ പറഞ്ഞു. 2026 ജനുവരി ഒന്നിനാണ് ഇന്ത്യ ബ്രസീലില്‍ നിന്ന് ബ്രിക്‌സിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാണ് ബ്രിക്‌സിന്റെ സ്ഥാപകാംഗങ്ങള്‍. ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യുഎഇ, ഇന്തൊനീഷ്യ, സൗദി അറേബ്യ എന്നിവ പിന്നീട് അംഗങ്ങളായി ചേര്‍ന്നു. ബെലറൂസ്, ബൊളീവിയ, ക്യൂബ, കസാഖിസ്ഥാന്‍, മലേഷ്യ, നൈജീരിയ, തായ്‌ലന്‍ഡ്, ഉഗാണ്ട, ഉസ്‌ബെക്കിസ്ഥാന്‍, വിയറ്റ്‌നാം എന്നിവ ബ്രിക്‌സിന്റെ പങ്കാളി രാജ്യങ്ങളാണ്. ഈ ഉച്ചകോടിയിലൂടെ സുപ്രധാന ആഗോള വിഷയങ്ങളില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ സഹകരണവും കൂട്ടായ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

വിമര്‍ശനം

ലോഗോ 2016-ലേതിന്റെ തനിയാവര്‍ത്തനമാണെന്നും പുത്തന്‍ പരീക്ഷണങ്ങള്‍ രൂപകല്‍പ്പനയില്‍ ഇല്ലെന്നും സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആളുകള്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.



Tags:    

Similar News