'വിജയ് ആദ്യം തൃഷയുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങണം!' ബിജെപി നേതാവിന്റെ അശ്ലീല പരാമര്‍ശത്തില്‍ പ്രതിഷേധം കടുക്കുന്നു; ഇത്രയും മോശം പ്രസ്താവന ഉന്നതനായ ഒരാളില്‍നിന്ന് പ്രതീക്ഷിച്ചില്ലെന്ന് തൃഷ; നൈനാര്‍ നാഗേന്ദ്രനെതിരെ നിയമപോരാട്ടത്തിന് താരം

Update: 2026-02-16 10:48 GMT

ചെന്നൈ: ടി.വി.കെ പ്രസിഡന്റും നടനുമായ വിജയ്യുമായി ബന്ധപ്പെടുത്തി തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് നടി തൃഷ കൃഷ്ണന്‍. രാഷ്ട്രീയത്തിലിറങ്ങണമെങ്കില്‍ വിജയ് ആദ്യം തൃഷയുടെ വീട് വിട്ടുപുറത്തുവരണമെന്നായിരുന്നു ബിജെപി നേതാവിന്റെ പരാമര്‍ശം. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചതിന് പിന്നാലെയാണ് നിയമപരമായ നിലപാട് വ്യക്തമാക്കി തൃഷ രംഗത്തെത്തിയിരിക്കുന്നത്. അനാദരവിനെതിരെ എപ്പോഴും ശബ്ദമുയര്‍ത്തും എന്ന് തൃഷ തന്റെ എക്‌സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി. ഇതിന് പിന്നാലെ തൃഷയുടെ നിയമോപദേശകന്‍ നിത്യേഷ് നടരാജ് ഒരു ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കി. ഉന്നത രാഷ്ട്രീയ പദവിയിലിരിക്കുന്ന ഒരാളില്‍ നിന്ന് ഇത്രയും മോശമായതും അനുചിതവുമായ പരാമര്‍ശം പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

വിജയ്യുടെ രാഷ്ട്രീയ പ്രവേശത്തെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ടിവികെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് വെല്ലുവിളിയാകുമെന്ന പ്രസ്താവനയെയും പരിഹസിച്ചുകൊണ്ടാണ് നാഗേന്ദ്രന്‍ ഈ വിവാദ പരാമര്‍ശം നടത്തിയത്. വിജയ് രാഷ്ട്രീയത്തില്‍ പരിചയസമ്പത്ത് നേടണമെങ്കില്‍ ആദ്യം 'തൃഷയുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങണം' എന്നാണ് നാഗേന്ദ്രന്‍ പരിഹസിച്ചത്.

താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നില്ലെന്നും രാഷ്ട്രീയ നിലപാടുകളില്‍ എന്നും നിഷ്പക്ഷത പാലിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തൃഷ പ്രസ്താവനയിലൂടെ വ്യക്തമാക്കി. തന്റെ തൊഴിലിലൂടെ മാത്രം അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും, വ്യക്തിജീവിതം പൊതുചര്‍ച്ചകള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ ഉള്ള വിഷയമാക്കരുതെന്നും തൃഷയുടെ വക്താവ് പറഞ്ഞു. തനിക്ക് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്നും അവര്‍ കര്‍ശനമായി ആവശ്യപ്പെട്ടു.

തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരം ഡി.എം.കെ.യും ടി.വി.കെ.യും തമ്മിലാണെന്ന സേലം റാലിയിലെ വിജയ്യുടെ പ്രസംഗമാണ് നൈനാര്‍ നാഗേന്ദ്രനെ പ്രകോപിതനാക്കിയത്. വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം. രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ വിജയ് വീട്ടില്‍നിന്ന് പുറത്തിറങ്ങണം. മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കണം. നിര്‍ഭാഗ്യമെന്നുപറയട്ടെ, വിജയ്ക്ക് ഒന്നും അറിയില്ല. തൃഷയെ വിട്ട് പുറത്തിറങ്ങിയാല്‍മാത്രമേ എല്ലാം നടക്കൂ. നല്ലനേതാക്കള്‍ നയിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് നല്ലരീതിയില്‍ സംസാരിക്കണമെന്നും നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് നടി രംഗത്തെത്തിയിരിക്കുന്നത്. തന്റെ അഭിഭാഷകന്‍ മുഖേനയാണ് താരം 'അനാദരവ് എപ്പോഴും തുറന്നുകാട്ടപ്പെടണം' എന്ന കുറിപ്പോടെ സമൂഹമാദ്ധ്യമത്തില്‍ പ്രതികരണമറിയിച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം

എന്റെ ക്ലയിന്റ്, പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നടി തൃഷ കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം, താഴെപ്പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് ഞാന്‍ ഈ കമ്മ്യൂണിക് പുറപ്പെടുവിക്കുന്നു:

1. എന്റെ ക്ലയിന്റിനെക്കുറിച്ച് മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന മോശം പരാമര്‍ശത്തെ കുറിച്ചുള്ളതാണിത്.

2. സംസ്ഥാനത്തെ രാഷ്ട്രീയ രംഗത്ത് ഉയര്‍ന്ന പദവി വഹിക്കുന്ന ഒരാള്‍ ഇത്രയും മോശമായതും അനുചിതവുമായ പരാമര്‍ശം നടത്തുമെന്ന് എന്റെ ക്ലയിന്റ് ഒരിക്കലും പ്രതീക്ഷിച്ചില്ല.

3. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും അങ്ങനെ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്റെ ക്ലയിന്റ് വ്യക്തമാക്കുന്നു. കൂടാതെ എന്റെ ക്ലയിന്റ് മുന്‍കാലങ്ങളില്‍ നിലകൊണ്ടിരുന്നതുപോലെ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ അവര്‍ എപ്പോഴും നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്.

4. എന്റെ ക്ലയിന്റ് രാഷ്ട്രീയ ചിന്തകളിലൂടെയല്ല മറിച്ച് അവരുടെ കലയാല്‍ മാത്രമേ നിര്‍വചിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഏറ്റവും പ്രധാനമായി വ്യക്തിജീവിതമൊരിക്കലും പൊതു വ്യാഖ്യാനത്തിനോ സംവാദത്തിനോ വിഷയമാക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തികള്‍ പൊതു സംവാദത്തില്‍ ഉത്തരവാദിത്തവും സമത്വവും നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.

5. എന്റെ കക്ഷിയുടെ പേര് അവരെ ബാധിക്കാത്ത കാര്യങ്ങളില്‍ ഉള്‍പ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.ഡി.എം.കെയുടെ ഏക എതിരാളി ടി.വി.കെയാണെന്ന വിജയ്യുടെ വാദത്തിന് മറുപടിയായി മാദ്ധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു നൈനാര്‍ നാഗേന്ദ്രന്‍. 'രാഷ്ട്രീയത്തിലിറങ്ങണമെങ്കില്‍ വിജയ് ആദ്യം തൃഷയുടെ വീട് വിട്ടുപുറത്തുവരണം. സ്വന്തം കുടുംബത്തോടെങ്കിലും സ്നേഹം കാണിക്കണം. അദ്ദേഹത്തിന് അനുഭവങ്ങളില്ല, പാവം. തൃഷയെ വിട്ട് പുറത്തിറങ്ങിയാല്‍ മാത്രമേ എല്ലാം നടക്കൂ. മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കണം. നല്ല നേതാക്കള്‍ നയിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് നല്ല രീതിയില്‍ സംസാരിക്കണം. മേല്‍ക്കൂരയില്‍ കയറി കോഴിയെ പിടിക്കാനാകാത്ത ആള്‍ക്ക് ആകാശത്തേറി വൈകുണ്ഠത്തില്‍ പോകാനാകുമോ' എന്നായിരുന്നു പരാമര്‍ശം. പരാമര്‍ശത്തിനെതിരെ പ്രതിഷേധമുയര്‍ന്നെങ്കിലും നാഗേന്ദ്രന്‍ പരാമര്‍ശം പിന്‍വലിക്കാന്‍ വിസമ്മതിച്ചിരുന്നു.

Tags:    

Similar News