മിസ്റ്റര്‍ മോദി, ജനനായകന്റെ റിലീസ് തടയാനുള്ള ശ്രമം തമിഴ്‌സംസ്‌കാരത്തിന് നേരേയുള്ള ആക്രമണമാണ്; തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല; വിജയ്‌യെ പിന്തുണച്ചും കേന്ദ്രത്തിന് എതിരെ ആരോപണം ഉന്നയിച്ചും രാഹുല്‍ ഗാന്ധി
മിസ്റ്റര്‍ മോദി, ജനനായകന്റെ റിലീസ് തടയാനുള്ള ശ്രമം തമിഴ്‌സംസ്‌കാരത്തിന് നേരേയുള്ള ആക്രമണമാണ്
ന്യൂഡല്‍ഹി: വിജയ് യുടെ ജനനായകന്‍ സിനിമയുടെ റിലീസ് വൈകുന്നതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇത് തമിഴ് സംസ്‌കാരത്തിന് നേരെയുള്ള ആക്രമണമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്നും എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയമാണ് സിനിമയുടെ റിലീസ് തടയാന്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
'ജനനായകന്‍ തടയാനുള്ള ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ ശ്രമം തമിഴ് സംസ്‌കാരത്തിന് നേരെയുള്ള ആക്രമണമാണ്. മിസ്റ്റര്‍ മോദി, തമിഴ് ജനതയുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല,' എന്ന് രാഹുല്‍ ഗാന്ധി എക്‌സിലൂടെ വ്യക്തമാക്കി.
നിലവിലുള്ള നിയമങ്ങള്‍ക്കും സിനിമാറ്റോഗ്രാഫ് ആക്ടിനും വിധേയമായാണ് നടപടികളെന്നും രാഷ്ട്രീയ പ്രേരിതമല്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.
വിജയ് രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി അഭിനയിച്ച അവസാന ചിത്രമാണ് എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജന നായകന്‍'. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ. നാരായണ നിര്‍മ്മിച്ച ഈ ചിത്രം ജനുവരി ഒമ്പതിനാണ് ആദ്യം റിലീസ് നിശ്ചയിച്ചിരുന്നത്.
എന്നാല്‍, സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതും ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ തീര്‍പ്പാകാത്തതുമാണ് സിനിമയുടെ റിലീസ് മാറ്റിവെക്കാന്‍ കാരണമായത്. സിനിമയ്ക്ക് ഉടന്‍ 'U/A' സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന തമിഴ്‌നാട് ഹൈക്കോടതി ഉത്തരവ് ശനിയാഴ്ച ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ വിധി ചോദ്യം ചെയ്തുകൊണ്ട്, നിര്‍മ്മാതാക്കള്‍ പ്രദര്‍ശനാനുമതി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന വിജയ്യുടെ അവസാന ചിത്രം എന്ന നിലയില്‍, 'ജന നായകന്‍' നിലവില്‍ രാഷ്ട്രീയ ശ്രദ്ധയും നിയമപരമായ വെല്ലുവിളികളും നേരിടുന്നത് തുടരുകയാണ്.
