അയ്യോ..നിങ്ങൾ തീർന്നെന്ന് വിചാരിച്ചോ..; ഹരിയാന മാത്രമല്ല..വേറെയും സംസ്ഥാനങ്ങൾ ഉണ്ട്; തെളിവുകൾ സഹിതം ഓരോന്നായി പുറത്തുവിടും..!!; വോട്ട് ചോരിയിൽ വീണ്ടും പ്രതികരിച്ച് രാഹുൽ ഗാന്ധി
ഡൽഹി: വോട്ടർ പട്ടികയിലെ പരിഷ്കാരങ്ങൾ വോട്ട് കവർച്ച മറച്ചുവെക്കാനുള്ള ശ്രമങ്ങളാണെന്നും, ഇതിന് പിന്നിൽ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ ഒത്തുകളിയുണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ഹരിയാനയിൽ നടന്ന വോട്ട് ക്രമക്കേടുകളെക്കുറിച്ച് പുറത്തുവന്ന വിവരങ്ങൾക്ക് പിന്നാലെ, സമാനമായ രീതിയിൽ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വോട്ട് മോഷണം നടന്നിട്ടുണ്ടെന്നും, ഇതിൻ്റെ കൂടുതൽ തെളിവുകൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിലെ പച്മറിയിൽ പാർട്ടി ജില്ലാ, നഗര പ്രസിഡന്റുമാർക്കുള്ള പരിശീലന ക്യാമ്പിൽ സംസാരിക്കവേയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. "ഹരിയാനയിലെ വോട്ട് മോഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചപ്പോൾ, മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി ഇതേ ചെയ്തിട്ടുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി. ഞങ്ങളുടെ പക്കൽ എല്ലാ തെളിവുകളും ഉണ്ട്, അവ ഓരോന്നായി പുറത്തുവിടും. ഇത് വെറും തുടക്കം മാത്രമാണ്," അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എന്നിവർ ഇതിൽ നേരിട്ട് പങ്കാളികളാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ഇങ്ങനെയുള്ള കൂട്ടുകെട്ടുകളിലൂടെ ഭാരതാംബയെ ഇവർ നശിപ്പിക്കുകയാണ് അദ്ദേഹം ആരോപിച്ചു.