രാജ്യത്തെ സൈന്യം ജനസംഖ്യയുടെ 10 ശതമാനത്തിന്റെ നിയന്ത്രണത്തില്‍; 500 വലിയ കമ്പനികളുടെ പട്ടിക എടുത്താല്‍, പിന്നാക്ക-ദളിത് വിഭാഗങ്ങളില്‍ നിന്നുള്ള ഒരാളെപ്പോലും കണ്ടെത്താന്‍ കഴിയില്ല; അവരെല്ലാം ഉയര്‍ന്ന 10 ശതമാനത്തില്‍ നിന്നുള്ളവര്‍; ഉയര്‍ന്ന ജാതിക്കാരെ സൂചിപ്പിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ വിവാദം; രൂക്ഷ വിമര്‍ശനവുമായി ബിജെപി

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ വിവാദം

Update: 2025-11-04 14:47 GMT

ബിഹാര്‍: ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനം വരുന്ന ഒരു വിഭാഗം ഇന്ത്യന്‍ സൈന്യത്തെ നിയന്ത്രിക്കുന്നുവെന്നും, 90 ശതമാനം വരുന്ന ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സമൂഹത്തില്‍ മതിയായ പ്രാതിനിധ്യമില്ലെന്നും അദ്ദേഹം ആരോപിച്ചു. ഈ 10 ശതമാനം വിഭാഗം ഉയര്‍ന്ന ജാതിക്കാരെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സമുദായത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ചും, 500 വലിയ കമ്പനികളുടെ പട്ടികയില്‍ പിന്നാക്ക, ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവരെ കാണാനില്ലെന്നതിനെയും കുറിച്ച് സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. 'രാജ്യത്തെ 90 ശതമാനം ജനങ്ങളും ദളിത്, മഹാദളിത്, പിന്നാക്ക, അതിപിന്നാക്ക, അല്ലെങ്കില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരാണ്. 90 ശതമാനം ആളുകളും സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ആദിവാസി വിഭാഗങ്ങളില്‍ നിന്നാണ് വരുന്നത്. ഇന്ത്യയിലെ 500 വലിയ കമ്പനികളുടെ പട്ടികയെടുത്താല്‍, പിന്നാക്ക, ദളിത് സമുദായങ്ങളില്‍ നിന്നുള്ള ആരെയും നിങ്ങള്‍ക്കവിടെ കാണാന്‍ കഴിയില്ല. അവരെല്ലാം ആ പത്ത് ശതമാനത്തില്‍ നിന്നാണ് വരുന്നത്. എല്ലാ ജോലികളും അവര്‍ക്കാണ് ലഭിക്കുന്നത്. സായുധസേനയുടെ നിയന്ത്രണം അവര്‍ക്കാണ്. ബാക്കിയുള്ള 90 ശതമാനം ജനതയെ എവിടെയും പ്രതിനിധീകരിക്കുന്നതായി കാണാന്‍ കഴിയില്ല,' അദ്ദേഹം പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

'രാജ്യത്തെ 90 ശതമാനം ജനങ്ങള്‍ക്കും ഇടമുള്ള, അവര്‍ക്ക് അന്തസ്സോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ കഴിയുന്ന ഒരിന്ത്യയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് എപ്പോഴും പിന്നാക്കക്കാര്‍ക്ക് വേണ്ടി പോരാടിയിട്ടുണ്ട്,' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാഹുലിന്റെ പ്രസ്താവനയ്ക്ക് എതിരെ ബിജെപി നേതാവ് സുരേഷ് നഖ്വ രംഗത്തെത്തി. 'രാഹുല്‍ ഗാന്ധി ഇപ്പോള്‍ സൈന്യത്തില്‍ ജാതി കണ്ടെത്താന്‍ ശ്രമിക്കുകയും 10% ആളുകളാണ് അത് നിയന്ത്രിക്കുന്നതെന്ന് പറയുകയും ചെയ്യുന്നു. പ്രധാനമന്ത്രി മോദിയോടുള്ള വിദ്വേഷത്തിന്റെ പേരില്‍, അദ്ദേഹം ഇതിനകം ഇന്ത്യയെ വെറുക്കുന്നതിന്റെ അതിരുകള്‍ കടന്നുപോയിരിക്കുന്നു.'

ഇത് ആദ്യമായല്ല രാഹുല്‍ ഗാന്ധി സൈന്യത്തെക്കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഓഗസ്റ്റില്‍, അദ്ദേഹത്തിന്റെ ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ സുപ്രീം കോടതി അദ്ദേഹത്തെ ശാസിച്ചിരുന്നു - 'അരുണാചല്‍ പ്രദേശില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനികരെ തല്ലിച്ചതയ്ക്കുകയാണ്' എന്നതായിരുന്നു ആ പരാമര്‍ശം.

ചൈനീസ് സൈന്യം 2,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ പ്രദേശം കൈവശപ്പെടുത്തി എന്നും അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ സൈനികരെ 'തല്ലിച്ചതയ്ക്കുന്നു' എന്നും കോണ്‍ഗ്രസ് എംപി അവകാശപ്പെട്ടിരുന്നു. ഈ പ്രസ്താവനകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിച്ഛായയെ അപമാനിക്കുകയും കളങ്കപ്പെടുത്തുകയും ചെയ്തു എന്ന് ആരോപിച്ച് ലഖ്നൗവിലെ ഒരു റിട്ടയേര്‍ഡ് പ്രതിരോധ ഉദ്യോഗസ്ഥന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ഇത് കാരണമായി.

ഈ പരാതി റദ്ദാക്കാനുള്ള അപേക്ഷ അലഹബാദ് ഹൈക്കോടതി നേരത്തെ നിരസിച്ചിരുന്നു, അതിനെത്തുടര്‍ന്നാണ് ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയിലെ വാദം കേള്‍ക്കുന്നതിനിടെ, ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനകളുടെ വിശ്വാസ്യതയും അടിസ്ഥാനവും ചോദ്യം ചെയ്തുകൊണ്ട് വാക്കാലുള്ള നിരീക്ഷണങ്ങള്‍ നടത്തി. 'നിങ്ങള്‍ ഒരു യഥാര്‍ത്ഥ ഇന്ത്യക്കാരനാണെങ്കില്‍ ഇങ്ങനെയൊന്നും പറയില്ല,' എന്നും കോടതി അഭിപ്രായപ്പെട്ടു.

Tags:    

Similar News