ബിഹാറില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്; ദലിത് മുഖം രാജേഷ് കുമാര്‍ പുതിയ അദ്ധ്യക്ഷന്‍; രാഹുല്‍ ബ്രിഗേഡിലെ നേതാവ് ലാലു പ്രസാദ് യാദവിനും പ്രിയങ്കരന്‍; പാര്‍ട്ടി അടിത്തറ വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കമാന്‍ഡ്

ബിഹാറില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്; ദലിത് മുഖം രാജേഷ് കുമാര്‍ പുതിയ അദ്ധ്യക്ഷന്‍

Update: 2025-03-20 11:52 GMT

പറ്റ്‌ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖം മിനുക്കാന്‍ കോണ്‍ഗ്രസ്. ഇതിനായി പാര്‍ട്ടി ഹൈക്കമാന്‍ഡ് പുതിയ നേതൃത്വത്തെ നിയോഗിച്ചു. അഖിലേഷ് പ്രസാദ് സിങ്ങിനെ മാറ്റി സംസ്ഥാനത്തെ പ്രമുഖ ദലിത് മുഖമായ രാജേഷ് കുമാറിനെ ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (ബിപിസിസി) പുതിയ അദ്ധ്യക്ഷനായി നിയമിച്ചു.

സംസ്ഥാനത്ത് ദലിത് പിന്തുണ ഏകീകരിക്കാനുള്ള പാര്‍ട്ടിയുടെ ശ്രമമായാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്. കുടുംബയില്‍ നിന്നുള്ള ദലിത് നേതാവും സിറ്റിംഗ് എംഎല്‍എയുമായ രാജേഷ് കുമാര്‍, രാഹുല്‍ ഗാന്ധിയുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന നേതാവാണ്. ദളിത് - മുസ്ലീം വോട്ടുബാങ്കുകള്‍ കോണ്‍ഗ്രസിന് ഉറപ്പിക്കുകയാണ് ആദ്യതന്ത്രം. ഇതിന്റെ ഭാഗമായാണ് പുതിയ നിയമനം.

അഖിലേഷ് പ്രസാദ് സിങ്ങിനും പാര്‍ട്ടിയുടെ ബിഹാര്‍ ചുമതലയുള്ള നേതാക്കളും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടിരുന്നു. പാര്‍ട്ടി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍, പ്രത്യേകിച്ച് ജനസമ്പര്‍ക്ക പരിപാടികളുമായി ബന്ധപ്പെട്ട് സിംഗ് അടുത്തിടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ മാറ്റി രാജേഷ് കുമാറിന് ചുമതല്‍ നല്‍കുന്നത്.

രാജേഷ് കുമാറിനെ ബിഹാറിന്റ അദ്ധ്യക്ഷനാക്കമെന്ന് ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ അന്നത്തെ സാഹചര്യങ്ങളനുസരിച്ച് സിങിനെ തെരഞ്ഞെടുക്കുകയായിരുന്നു. ഏറെ സ്വാധീനമുള്ള ഭൂമിഹാര്‍ സമുദായത്തില്‍പ്പെട്ട സിങ്, ആര്‍ജെഡി മേധാവി ലാലു പ്രസാദ് യാദവുമായുള്ള അടുപ്പമുള്ളയാളാണ്. എന്നിരുന്നാലും ലോക്സഭാ തെരഞ്ഞെടുപ്പ് അദ്ദേഹം കൈകാര്യം ചെയ്തതില്‍, പ്രത്യേകിച്ച് മകന് ടിക്കറ്റ് ഉറപ്പാക്കിയതിലും ആര്‍ജെഡിയുമായി സീറ്റ് പങ്കിടല്‍ ചര്‍ച്ചകളിലും അദ്ദേഹം വഹിച്ച പങ്ക് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

അതേസമയം രാജേഷ് കുമാറിനെ നിയമിക്കുന്നതിലൂടെ, ദലിത് വോട്ടര്‍മാര്‍ക്കിടയില്‍ തങ്ങളുടെ അടിത്തറ ശക്തിപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന വ്യക്തമായ സന്ദേശം നല്‍കുകയാണ്. അതേസമയം ആര്‍ജെഡിയുമായുള്ള സഖ്യചര്‍ച്ചകളില്‍ രാജേഷ് കുമാറിന് എന്തൊക്കെ ചെയ്യാനാകും എന്നതും ഉറ്റുനോക്കുന്നു. കനയ്യ കുമാറിനെയും ബിഹാറില്‍ കോണ്‍ഗ്രസിന്റെ മുഖമായി വളര്‍ത്താന്‍ കോണ്‍ഗ്രസിന് നീക്കമുണ്ട്. ഈ വര്‍ഷം അവസാനമാണ് ബിഹാറിലെ തെരഞ്ഞെടുപ്പ്.

Tags:    

Similar News