'അഫ്‌സല്‍ ഗുരുവിനെ പൂമാലയിട്ട് സ്വീകരിക്കണമായിരുന്നോ?' ഒമര്‍ അബ്ദുള്ളയുടെ പരാമര്‍ശത്തിന് കടുത്തഭാഷയില്‍ മറുപടിനല്‍കി രാജ്നാഥ് സിങ്

പാക് അധീന കശ്മീരിലെ ജനങ്ങള്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു

Update: 2024-09-08 13:49 GMT

ജമ്മു: 2001-ലെ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ മറുപടിയുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. വിഘടനവാദി നേതാവായ അഫ്സല്‍ ഗുരുവിനെ പൂമാലയിട്ട് സ്വീകരിക്കണമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജമ്മു കശ്മീരിലെ റാംബാനില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഒമര്‍ അബ്ദുല്ല അത്തരമൊരു പരാമര്‍ശം നടത്തിയതു നിര്‍ഭാഗ്യകരമാണ്. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റരുതായിരുന്നു എങ്കില്‍ പിന്നെ നമ്മള്‍ എന്താണു ചെയ്യേണ്ടിയിരുന്നത്? നമ്മള്‍ അഫ്‌സല്‍ ഗുരുവിനു പരസ്യമായി പൂമാലയിടണമായിരുന്നോ?'' രാജ്‌നാഥ് ചോദിച്ചു. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിലൂടെ ഒന്നും നേടാനായില്ലെന്നും അന്നത്തെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ വധശിക്ഷയ്ക്ക് അംഗീകാരം നല്‍കില്ലായിരുന്നു എന്നുമാണ് ഒമര്‍ അബ്ദുല്ല കഴിഞ്ഞദിവസം പറഞ്ഞത്.


വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കഴിഞ്ഞ ദിവസം ഒമര്‍ അബ്ദുള്ള വിവാദ പരാമര്‍ശം നടത്തിയത്. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതുവഴി ഒരു ലക്ഷ്യവും നേടാന്‍ സാധിച്ചില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നായിരുന്നു ഒമര്‍ അബ്ദുള്ള പറഞ്ഞത്.

ജമ്മു കശ്മീരിലെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ട പാക് അധീന കശ്മീരിലെ ജനങ്ങള്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു. 'ജമ്മു കശ്മീരില്‍ ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിക്കണമെന്ന് ഞാന്‍ എല്ലാവരോടും ആവശ്യപ്പെടുകയാണ്. ജമ്മു കശ്മീരിലെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ പാക് അധീന കശ്മീരിലെ ജനങ്ങള്‍ പറയും, തങ്ങള്‍ പാകിസ്താനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ല, ഇന്ത്യയ്ക്കൊപ്പം പോകണമെന്ന്. പാകിസ്താനിലെ ജനങ്ങള്‍ അവരെ വിദേശികളായാണ് കാണുന്നത്. എന്നാല്‍ ഇന്ത്യ അവരെ സ്വന്തം ജനങ്ങളായാണ് പരിഗണിക്കുന്നത്. വരൂ, ഞങ്ങള്‍ക്കൊപ്പം ചേരൂ.' -രാജ്നാഥ് സിങ് പറഞ്ഞു.

'ടെററിസം കേന്ദ്രമായിരുന്ന (ഭീകരവാദ കേന്ദ്രം) ജമ്മു കശ്മീര്‍ ഇന്ന് ടൂറിസം കേന്ദ്രമായി മാറിയിരിക്കുകയാണ്. മുമ്പ് കശ്മീര്‍ താഴ്വരയിലെ യുവാക്കളുടെ കൈകളില്‍ തോക്കുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അവിടെ പോയി മാറ്റം കാണൂ. തോക്കുകള്‍ക്ക് പകരം അവരുടെ കൈകളില്‍ ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളുമാണുള്ളത്. ഇത് വലിയ മാറ്റമാണ്. 2022-ന് ശേഷം ഒരു കല്ലേറ് പോലും ഉണ്ടായിട്ടില്ല. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം പുനഃസ്ഥാപിക്കുമെന്നും ഇവര്‍ (നാഷണല്‍ കോണ്‍ഫറന്‍സ്) പറയുന്നു. ബി.ജെ.പി. ഇന്ത്യയില്‍ ഉള്ളിടത്തോളം കാലം അതിനുള്ള ധൈര്യം ആര്‍ക്കുമുണ്ടാകില്ല.' -പ്രതിരോധ മന്ത്രി കൂട്ടിച്ചേര്‍ത്തു.

കശ്മീരില്‍ ഭീകരതയ്ക്കു പിന്തുണ നല്‍കുന്നതു പാക്കിസ്ഥാന്‍ അവസാനിപ്പിച്ചാല്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇന്ത്യ തയാറാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ''ഭീകരവാദത്തിനു പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കുക എന്ന ഒറ്റക്കാര്യം പാക്കിസ്ഥാന്‍ ചെയ്താല്‍, അയല്‍രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താന്‍ ആര് ആഗ്രഹിക്കാതിരിക്കും? നിങ്ങള്‍ക്ക് ഒരു സുഹൃത്തിനെ മാറ്റാന്‍ കഴിയും, പക്ഷേ അയല്‍ക്കാരനെ മാറ്റാനാവില്ല എന്ന യാഥാര്‍ഥ്യം എനിക്കറിയാം. പാക്കിസ്ഥാനുമായി മെച്ചപ്പെട്ട ബന്ധമാണ് ആഗ്രഹിക്കുന്നത്, പക്ഷേ ആദ്യം അവര്‍ ഭീകരവാദം അവസാനിപ്പിക്കണം'' രാജ്‌നാഥ് വ്യക്തമാക്കി.'അഫ്‌സല്‍ ഗുരുവിനെ പൂമാലയിട്ട് സ്വീകരിക്കണമായിരുന്നോ?' ഒമര്‍ അബ്ദുള്ളയുടെ പരാമര്‍ശത്തിന് കടുത്തഭാഷയില്‍ മറുപടിനല്‍കി രാജ്നാഥ് സിങ്

Tags:    

Similar News