ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ ഗണേശ പൂജയ്ക്കെത്തി പ്രധാനമന്ത്രി മോദി; വിമര്‍ശനവുമായി പ്രതിപക്ഷം; ഭരണഘടനാ ലംഘനമെന്നും ആക്ഷേപം

ഗണേശ പൂജയില്‍ പങ്കെടുക്കുന്നത് കുറ്റകരമല്ലെന്ന് ബിജെപി

Update: 2024-09-12 12:47 GMT

ന്യൂഡല്‍ഹി: ഗണേശ പൂജയ്ക്കായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തിയതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍. സന്ദര്‍ശനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതാടെയാണ് എം.പിയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവുമായ സഞ്ജയ് റാവത്ത് വിമര്‍ശനവുമായി രംഗത്തെത്തിയത്. ചീഫ് ജസ്റ്റിസിനും ഭാര്യ കല്‍പ്പന ദാസിനുമൊപ്പം മോദി പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു ഉയര്‍ന്ന് വന്ന പ്രധാന വിമര്‍ശനം. ഭരണഘടനയിലെ സംരക്ഷകരായി നിലകൊള്ളേണ്ടവര്‍ രാഷ്ട്രീയക്കാരോടോപ്പം ചേരുന്നത് ജനങ്ങളില്‍ സംശയം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഗണേശ പൂജയില്‍ പങ്കെടുക്കുന്നത് കുറ്റകരമല്ലെന്നും ജഡ്ജിമാരും രാഷ്ട്രീയക്കാരും പല അവസരങ്ങളിലും വേദി പങ്കിടാറുണ്ടെന്നും ശിവസേന നേതാവിന്റെ പ്രസ്താവനയില്‍ ബിജെപി മറുപടി പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയിലെ ചടങ്ങില്‍ പങ്കെടുത്തത്തിന്റെ ദൃശ്യം നരേന്ദ്ര മോദിയും തന്റെ സമൂഹ മാധ്യമ ഹാന്‍ഡിലായ എക്സിലൂടെ പങ്കുവെച്ചിരുന്നു.

ശിവസേനയിലെ ഉദ്ധവ് താക്കറെ, ഏകനാഥ് ഷിന്‍ഡെ വിഭാഗവും തമ്മില്‍ സുപ്രീം കോടതിയില്‍ നടക്കുന്ന കേസ് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡന്‍ അധ്യക്ഷനായ ബെഞ്ചാണ്. ഈ സാഹചര്യത്തിലാണ് സഞ്ജയ് റാവത്തിന്റെ വിമര്‍ശനം. തങ്ങളുടെ പക്ഷത്തിനു നീതി ലഭിക്കുമോയെന്ന് സംശയമുണ്ടെന്നും അതിനു കാരണം കേസില്‍ എതിര്‍ വശത്തുള്ളത് കേന്ദ്രസര്‍ക്കാരായതിനാലാണ്. പ്രധാന മന്ത്രിയുമായുള്ള കൂടികാഴ്ചയില്‍ നിന്നും ചീഫ് ജസ്റ്റിസും ഭരണപക്ഷവുമായുള്ള അടുപ്പമാണ് പരസ്യമായി പുറത്തുവരുന്നതെന്നും. അതിനാല്‍ ചീഫ് ജസ്റ്റിസ് ഈ കേസില്‍ നിന്ന് മാറി നില്‍ക്കണമെന്നും റാവത്ത് പറഞ്ഞു.

ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദിയും വിമര്‍ശനവുമായി വന്നിരുന്നു ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 10ന്റെ അവഗണനയാണ് ചീഫ് ജസ്റ്റിസ് നടത്തിയതെന്നും സേന കേസിന്റെ വാദം കേള്‍ക്കുന്നത് അദ്ദേഹം അവസാനിപ്പിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഗണപതിപൂജ വ്യക്തിപരമായ അവകാശമാണ്. പക്ഷേ, അതിന്റെ ചിത്രമെടുത്ത് പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ചില സംശയങ്ങള്‍ ജനിപ്പിക്കുന്നുണ്ടെന്ന് ആര്‍ജെഡി നേതാവ് മനോജ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ജുഡീഷ്യറിയുടെയും എക്‌സിക്യൂട്ടിവിന്റെയും അധികാരങ്ങള്‍ തമ്മിലെ വേര്‍തിരിവില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ചവരുത്തി. ചീഫ് ജസ്റ്റിസിന്റെ സ്വതന്ത്ര നിലപാടുകളിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. ചീഫ് ജസ്റ്റിസിന്റെ നടപടിയെ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ അപലപിക്കണമെന്നും ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു


Tags:    

Similar News