ആര്‍എസ്എസിനെ നിരോധിച്ചത് പട്ടേലായിരുന്നു; നെഹ്റുവുമായി കടുത്ത ഭിന്നതയെന്നത് സംഘപരിവാര്‍ സൃഷ്ടി; 'ഇന്ത്യയുടെ ഐക്യത്തിന്റെ സ്ഥാപകന്‍' എന്നാണ് നെഹ്റു പട്ടേലിനെ വിശേഷിപ്പിച്ചത്; ഇന്ത്യയുടെ ഉരുക്കുമനുഷ്യനെ ബിജെപിയില്‍ നിന്ന് മോചിപ്പിക്കാന്‍ ക്യാമ്പയിനുമായി കോണ്‍ഗ്രസ്
ആര്‍എസ്എസിനെ നിരോധിച്ചത് പട്ടേലായിരുന്നു; നെഹ്റുവുമായി കടുത്ത ഭിന്നതയെന്നത് സംഘപരിവാര്‍ സൃഷ്ടി
അഹമ്മദാബാദ്: ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ, സംഘപരിവാറിന്റെ കൈയില്‍നിന്ന് തിരിച്ചുപിടിക്കാനുള്ള ശക്തമായ കാമ്പയിനുമായി കോണ്‍ഗ്രസ്. പട്ടേല്‍ പ്രതിമയടക്കം സ്ഥാപിച്ച് ഈ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഇപ്പോള്‍ ബിജെപി ഹൈജാക്ക് ചെയ്തിരിക്കയാണ്. അത് മറികടക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിനെതിരേ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലെടുത്ത നിലപാടുകളെ ഉയര്‍ത്തിക്കാട്ടുന്ന പ്രമേയം, ഗുജറാത്തിലെ അഹമ്മദബാദില്‍ നടക്കുന്ന എഐസിസി വിശാലപ്രവര്‍ത്തക സമിതിയോഗം അംഗീകരിച്ചു. പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികം പ്രമാണിച്ച് അഹമ്മദാബാദ് ഷാഹിബാഗിലെ പട്ടേല്‍ സ്മാരകത്തിലാണ് യോഗംചേര്‍ന്നത്. വല്ലഭ്ഭായ് പട്ടേലിന്റെ പൈതൃകം ഏറ്റെടുക്കാനും നെഹ്‌റു-പട്ടേല്‍ വൈരുധ്യം പ്രചരിപ്പിക്കാനും ബിജെപി ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ നീക്കം. 'ഞങ്ങളുടെ സര്‍ദാര്‍' എന്ന തലക്കെട്ടിലുള്ള പ്രമേയത്തില്‍ ഗാന്ധിവധത്തെത്തുടര്‍ന്ന് 1948 ഫെബ്രുവരി എട്ടിന് ആര്‍എസ്എസിനെ നിരോധിച്ചത് ഉപപ്രധാനമന്ത്രിയായിരുന്ന പട്ടേലായിരുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്നു. അന്ന് നെഹ്‌റുവിനൊപ്പം പട്ടേലിനെയും ഗാന്ധിവധത്തിന് പിന്നിലെ ശക്തികള്‍ വിമര്‍ശിച്ചു. തന്നെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് ഇക്കൂട്ടര്‍ ആവശ്യപ്പെട്ടതായി പട്ടേല്‍തന്നെ ശ്യാമപ്രസാദ് മുഖര്‍ജിക്കുള്ള കത്തില്‍ സൂചിപ്പിരുന്നതായി പ്രമേയത്തില്‍ പറയുന്നു. ഇന്ന് അതേ വര്‍ഗീയതയുടെ ശക്തികള്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുമ്പോള്‍ 'ഉരുക്കുമനുഷ്യന്റെ' പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മതധ്രുവീകരണത്തിന് എതിരേ പോരാടാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും പ്രമേയം പറയുന്നു.
അവര്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍
തന്റെ പ്രസംഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയും ഇക്കാര്യമാണ് എടുത്തു പറഞ്ഞത്. -''നെഹ്‌റുവും പട്ടേലും എതിരാളികളായിരുന്നുവെന്ന്സ്ഥാപിക്കാനുള്ള കള്ളപ്രചാരണമാണ് സംഘപരിവാര്‍ നടത്തുന്നത്. സര്‍ദാര്‍ പട്ടേലിനെ 'ഇന്ത്യയുടെ ഐക്യത്തിന്റെ സ്ഥാപകന്‍' എന്നാണ് നെഹ്റു വിശേഷിപ്പിച്ചത്. സര്‍ദാര്‍ പട്ടേല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കറാച്ചി കോണ്‍ഗ്രസില്‍ പാസാക്കിയ മൗലികാവകാശങ്ങളെക്കുറിച്ചുള്ള പ്രമേയങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവാണ്.സര്‍ദാര്‍ പട്ടേലും പണ്ഡിറ്റ് നെഹ്റുവും തമ്മിലുള്ള ബന്ധം ഊഷ്മളമായിരുന്നു. സത്യം പറഞ്ഞാല്‍, അവര്‍ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായിരുന്നു. പല സംഭവങ്ങളും രേഖകളും അവരുടെ സൗഹാര്‍ദ്ദപരമായ ബന്ധത്തിന്റെ സാക്ഷ്യപത്രങ്ങളാണ്.
1937-ല്‍ ഗുജറാത്ത് വിദ്യാപീഠത്തില്‍ സര്‍ദാര്‍ പട്ടേല്‍ നടത്തിയ പ്രസംഗം ഇതിന്റെ ഉദാഹരണമാണ്. ആ സമയത്ത് നെഹ്റു കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു, ഗുജറാത്തിലെ യുവാക്കള്‍ നെഹ്റുജിയെ പ്രവിശ്യാ തെരഞ്ഞെടുപ്പുകളില്‍ പ്രചാരണത്തിന് ക്ഷണിക്കണമെന്ന് ആഗ്രഹിച്ചു. 1937 മാര്‍ച്ച് 7-ന് സര്‍ദാര്‍ പട്ടേല്‍ പറഞ്ഞു, ''ഗുജറാത്ത് തെരഞ്ഞെടുപ്പ് നമ്മള്‍ വിജയിക്കുകയും കോണ്‍ഗ്രസിനോടുള്ള വിശ്വസ്തത തെളിയിക്കുകയും ചെയ്യുന്ന ദിവസം, ഞങ്ങള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് നെഹ്റുജിയെ പൂക്കളാലും തുറന്ന കൈകളാലും സ്വാഗതം ചെയ്യും.''ഇതില്‍ നിന്ന് സര്‍ദാര്‍ പട്ടേല്‍ നെഹ്റുജിയെ എത്രമാത്രം സ്‌നേഹിച്ചിരുന്നുവെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാം.
1949 ഒക്ടോബര്‍ 14-ന് സര്‍ദാര്‍ പട്ടേല്‍ നെഹ്റുവിനുള്ള തന്റെ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു, 'കഴിഞ്ഞ രണ്ട് ദുഷ്‌കരമായ വര്‍ഷങ്ങളില്‍ നെഹ്റുജി രാജ്യത്തിനായി നടത്തിയ അക്ഷീണ പരിശ്രമത്തെക്കുറിച്ച് എന്നെക്കാള്‍ നന്നായി മറ്റാര്‍ക്കും അറിയില്ല. ഈ സമയത്ത്, വലിയ ഉത്തരവാദിത്തങ്ങളുടെ ഭാരം കാരണം അദ്ദേഹം വളരെ വേഗത്തില്‍ വാര്‍ധക്യം പ്രാപിക്കുന്നത് ഞാന്‍ കണ്ടു.' പൊതുരേഖകളില്‍ ഈ കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുവരും തമ്മില്‍ മിക്കവാറും എല്ലാ ദിവസവും കത്തിടപാടുകള്‍ ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും നെഹ്റു അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കാറുണ്ടായിരുന്നു. പട്ടേലിന്റെ സൗകര്യാര്‍ത്ഥം, സിഡബ്ല്യുസി മീറ്റിങുകള്‍ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു നടന്നത്.
സര്‍ദാര്‍ പട്ടേലിന്റെ പ്രത്യയശാസ്ത്രം ആര്‍എസ്എസിന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. അദ്ദേഹം ആര്‍എസ്എസിനെ പോലും നിരോധിച്ചിരുന്നു. എന്നാല്‍ ഇന്ന് ആ സംഘടനയിലെ ആളുകള്‍ സര്‍ദാര്‍ പട്ടേലിന്റെ പാരമ്പര്യം അവകാശപ്പെടുന്നത് പരിഹാസ്യമാണ്.''- ഖാര്‍ഗേ ചൂണ്ടിക്കാട്ടി.
''മഹാത്മാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാര്‍ഷികവേളയില്‍ നടക്കുന്ന സമ്മേളനത്തിന് ചരിത്രപ്രാധാന്യമുണ്ടെന്ന് ഖാര്‍ഗെ പറഞ്ഞു. '1924 ഡിസംബറില്‍, രാഷ്ട്രപിതാവ് മഹാത്മാഗാന്ധി എന്റെ ജന്മനാടായ കര്‍ണാടകയിലെ ബെലഗാവിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിന്റെ പ്രസിഡന്റായി. ഡിസംബര്‍ 26 ന് ഞങ്ങള്‍ കര്‍ണാടകയില്‍ ഈ ശതാബ്ദി ആഘോഷിച്ചു.ഗുജറാത്ത് മണ്ണില്‍ ജനിച്ച മൂന്ന് മഹാത്മാക്കള്‍ ലോകമെമ്പാടും കോണ്‍ഗ്രസിന്റെ പേര് പ്രശസ്തമാക്കി. ദാദാഭായ് നവറോജി, മഹാത്മാഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ - ഇവരെല്ലാം നമ്മുടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റുമാരായിരുന്നു.അനീതിക്കെതിരായ സത്യത്തിന്റെയും അഹിംസയുടെയും ആയുധം ഗാന്ധിജി നമുക്ക് നല്‍കി. ഒരു ശക്തിക്കും അതിന് മുന്നില്‍ നില്‍ക്കാന്‍ കഴിയാത്തത്ര ശക്തമായ ഒരു പ്രത്യയശാസ്ത്ര ആയുധമാണിത് ' -ഖാര്‍ഗെ അഭിപ്രായപ്പെട്ടു.