ഐആര്‍സിടിസി അഴിമതി കേസ്: ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും എതിരെ അഴിമതി കുറ്റം ചുമത്തി ഡല്‍ഹി കോടതി; പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വിക്ക് എതിരെ ചുമത്തിയത് ഗൂഢാലോചന, വഞ്ചന കുറ്റങ്ങള്‍; തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ ആര്‍ജെഡിക്ക് ഇരുട്ടടിയായി വിധി

ആര്‍ജെഡിക്ക് ഇരുട്ടടിയായി വിധി

Update: 2025-10-13 09:41 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസി ഹോട്ടലുകളുടെ പ്രവര്‍ത്തന കരാറുകളുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ലാലു പ്രസാദ് യാദവിനെതിരെ ഡല്‍ഹി പ്രത്യേക കോടതി കുറ്റം ചുമത്തി. അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ വകുപ്പുകളാണ് ലാലു പ്രസാദ് യാദവിനെതിരെ ചുമത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മകനും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്, ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി എന്നിവര്‍ക്കെതിരെയും സമാനമായ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഗൂഢാലോചന, വഞ്ചന എന്നിവയുള്‍പ്പെടെ കുറ്റങ്ങളാണ് തേജസ്വിക്കെതിരെ ചുമത്തിയിരിക്കുന്നത്.കേസില്‍ ഉടന്‍ വിചാരണ ആരംഭിക്കുമെന്ന് കോടതി അറിയിച്ചു.

2004 നും 2014 നും ഇടയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്. പുരിയിലെയും റാഞ്ചിയിലെയും ഇന്ത്യന്‍ റെയില്‍വേയുടെ ബിഎന്‍ആര്‍ ഹോട്ടലുകള്‍ ഐആര്‍സിടിസിക്ക് കൈമാറിയ ശേഷം, പ്രവര്‍ത്തന, അറ്റകുറ്റപ്പണി, പരിപാലന കരാറുകള്‍ ബിഹാറിലെ പട്‌ന ആസ്ഥാനമായുള്ള സുജാത ഹോട്ടല്‍സിന് അനധികൃതമായി നല്‍കിയെന്നാണ് സിബിഐയുടെ ആരോപണം. ടെന്‍ഡര്‍ നടപടികളില്‍ കൃത്രിമം കാണിക്കുകയും സുജാത ഹോട്ടല്‍സിന് അനുകൂലമായി വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തതായി സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

ഐആര്‍സിടിസിയുടെ അന്നത്തെ ഗ്രൂപ്പ് ജനറല്‍ മാനേജര്‍മാരായ വി.കെ അസ്താന, ആര്‍.കെ ഗോയല്‍ എന്നിവരും സുജാത ഹോട്ടല്‍സിന്റെ ഡയറക്ടര്‍മാരും ചാണക്യ ഹോട്ടല്‍ ഉടമകളുമായ വിജയ് കൊച്ചാര്‍, വിനയ് കൊച്ചാര്‍ എന്നിവരും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രതിപക്ഷ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ തേജസ്വി യാദവിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ ആര്‍ജെഡിക്ക് രാഷ്ട്രീയമായി തിരിച്ചടിയാണ്.

Tags:    

Similar News