'ഞാന്‍ പതിനാല് തവണ മത്സരിച്ചു ജയിച്ചു; എവിടെയെങ്കിലും വച്ച് നിര്‍ത്തേണ്ടി വരും; ബാരാമതിയിലെ വോട്ടര്‍മാര്‍ക്ക് നന്ദി'; രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുമെന്ന സൂചന നല്‍കി ശരദ് പവാര്‍
വരാനിരിക്കുന്ന ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് ശരദ് പവാര്‍
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം തുടരുന്നതിനിടെ ആറ് പതിറ്റാണ്ട് നീണ്ട തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ താന്‍ മത്സരിക്കാനില്ലെന്നും പുതുതലമുറയ്ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി മുമ്പോട്ട് പോകുമെന്നും ശരദ് പവാര്‍ ചൊവ്വാഴ്ച ബരാമതിയില്‍ വെച്ച് നടന്ന പൊതുപരിപാടിയില്‍ പറഞ്ഞു. 2014 മുതല്‍ രാജ്യസഭാംഗമായ പവാറിന്റെ കാലാവധി 2026 ഏപ്രിലില്‍ അവസാനിക്കും. അംഗത്വ കാലാവധി 18 മാസം കൂടി ബാക്കിനില്‍ക്കെയാണ് അദ്ദേഹം വിരമിക്കല്‍ സൂചന നല്‍കിയത്.
'ഞാന്‍ അധികാരത്തില്‍ ഇല്ല. എന്നാല്‍ രാജ്യസഭയില്‍ ഉണ്ടാകും. ഒന്നരവര്‍ഷത്തോളം കാലാവധി ഇനിയും ബാക്കിയുണ്ട്. അതിനു ശേഷം രാജ്യസഭയിലേക്ക് പോകണോ വേണ്ടയോ എന്ന കാര്യം ആലോചിക്കും. ലോക്‌സഭയിലേക്ക് ഇനി മത്സരിക്കില്ല. വരാനിരിക്കുന്ന ഒരു തിരഞ്ഞെടുപ്പിലും താന്‍ മത്സരിക്കില്ല' - ബരാമതിയില്‍ യുഗേന്ദ്ര പവാറിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവെ ശരദ് പവാര്‍ പറഞ്ഞു.
'ഞാന്‍ പതിനാല് തവണ മത്സരിച്ചു. ഒരിക്കല്‍ പോലും നിങ്ങളെന്നെ തിരികെ വീട്ടിലേക്ക് അയച്ചിട്ടില്ല. ഓരോ പ്രാവശ്യവും നിങ്ങളെന്നെ തിരഞ്ഞെടുത്തു. പക്ഷെ, ഇപ്പോള്‍ എനിക്കെവിടെയെങ്കിലും ഇത് അവസാനിപ്പിക്കണം. എന്നാല്‍ അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും എന്നല്ല. എനിക്ക് അധികാരം വേണ്ട. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും.
നിങ്ങളെന്നെ ഒന്നോ രണ്ടോ തവണയല്ല, നാല് തവണയാണ് മുഖ്യമന്ത്രിയാക്കിയത്. 1967 ല്‍ എന്നെ നിങ്ങള്‍ തിരഞ്ഞെടുത്തു. 25 വര്‍ഷക്കാലം ഞാന്‍ ഇവിടെ പ്രവര്‍ത്തിച്ചു. ഇനി ഭാവി നോക്കാനുള്ള സമയമാണ്. അടുത്ത 30 വര്‍ഷത്തേക്കാവശ്യമായ നേതാക്കളെ വളര്‍ത്തിക്കൊണ്ട് വരാനുണ്ട്'- പവാര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പവാറിന്റെ വിരമിക്കലിനെ പറ്റി കുറച്ചുകാലമായി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. 1999ല്‍ എന്‍സിപി സ്ഥാപിച്ച ശരദ് പവാറിന് മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. അനന്തരവന്‍ അജിത് പവാറുമായി നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ ഏത് എന്‍സിപിയെ ആയിരിക്കും ജനം പിന്തുണയ്ക്കുക എന്നതാണ് ഉയരുന്ന ചോദ്യം.
പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ബാരാമതിക്ക് വേണ്ടിയുള്ള പോരാട്ടം വോട്ടര്‍മാര്‍ക്കിടയില്‍ യഥാര്‍ഥ എന്‍സിപിക്ക് വേണ്ടിയുള്ള ജനഹിത പരിശോധനയായി കണക്കാക്കപ്പെടുമെന്ന് ഉറപ്പാണ്.
നേരത്തേ ബാരാമതിയില്‍നിന്ന് 5 തവണ അജിത് പവാര്‍ എംഎല്‍എയായിട്ടുണ്ടെങ്കിലും അതെല്ലാം ശരദ് പവാറിന്റെ തണലിലായിരുന്നു. ഇത്തവണ സ്വന്തം കരുത്തിലാണ് എന്‍ഡിഎ പക്ഷത്തുനിന്ന് അജിത് മത്സരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. യുഗേന്ദ്ര പവാറിനെയാണ് ഇവിടെ അജിത്തിനെതിരെ ശരദ് പവാര്‍ വിഭാഗം നിര്‍ത്തിയിരിക്കുന്നത്.
ബാരാമതി ലോക്സഭാ മണ്ഡലത്തില്‍ നടന്ന 'പവാര്‍' പോരാട്ടത്തില്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുളെയ്ക്കായിരുന്നു ഇവിടെ വിജയം. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ ഒന്നര ലക്ഷത്തോളം വോട്ടുകള്‍ക്കാണ് സുപ്രിയ ഇവിടെ പരാജയപ്പെടുത്തിയത്.
നാല് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി പവാര്‍ സേവനമനുഷ്ടിച്ചത്. യുപിഎ സര്‍ക്കാര്‍ കാലത്ത് പ്രതിരോധം, കൃഷി തുടങ്ങിയ വകുപ്പുകളും കേന്ദ്രത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 1999-ലാണ് പവാര്‍ എന്‍.സി.പി. രൂപീകരിക്കുന്നത്. 2023-ല്‍ എന്‍.സി.പി. പിളര്‍ന്ന് അജിത് പവാറിന്റെ നേതൃത്വത്തില്‍ പുതിയൊരു എന്‍സിപി രൂപീകരിച്ചിരുന്നു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി. ഇന്ത്യ സഖ്യത്തിനൊപ്പം ചേര്‍ന്ന് മഹാരാഷ്ട്രാ തിരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്. മറുപക്ഷത്ത് അജിത് പവാര്‍ എന്‍ഡിഎ പക്ഷത്തും ഉണ്ട്.
നേരത്തെ എന്‍സിപിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് ശരദ് പവാര്‍ ഞെട്ടിച്ചിരുന്നു. അനന്തരവന്‍ അജിത് പവാര്‍ ബിജെപിയുമായി ധാരണയുണ്ടാക്കുന്നു എന്ന തിരിച്ചറിവിന് പിന്നാലെയായിരുന്നു അദ്ദേഹം 2023-ല്‍ എന്‍സിപി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹം രാജി പിന്‍വലിച്ച് വീണ്ടും എന്‍സിപി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തിയിരുന്നു.