അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രത്തില്‍ നിന്ന് ഒരു രൂപപോലും കിട്ടുന്നില്ല; നികുതിയായി കര്‍ണാടക കേന്ദ്രത്തിന് നല്‍കുന്ന ഓരോ രൂപയ്ക്കും, തിരികെ ലഭിക്കുന്നത് വെറും 14-15 പൈസ: വിമര്‍ശിച്ചു സിദ്ധരാമയ്യ
അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രത്തില്‍ നിന്ന് ഒരു രൂപപോലും കിട്ടുന്നില്ല
ബംഗളുരു: അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രത്തില്‍ നിന്ന് ഒരു രൂപപോലും കിട്ടുന്നില്ലെന്ന് കുറ്റപ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന നീതി നിഷേധത്തില്‍ കര്‍ണാടകത്തിലെ ബിജെപി നേതാക്കള്‍ പാലിക്കുന്ന മൗനത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
ഈ വിഷയങ്ങള്‍ എന്തുകൊണ്ടാണ് അവര്‍ കേന്ദ്രത്തിന് മുന്നില്‍ ഉന്നയിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. നികുതിയായി കര്‍ണാടക കേന്ദ്രത്തിന് നല്‍കുന്ന ഓരോ രൂപയ്ക്കും, തിരികെ ലഭിക്കുന്നത് വെറും 14-15 പൈസ മാത്രമാണ്. ജിഎസ്ടി പരിഷ്‌കരണത്തിലും അനീതി നടക്കുന്നു.
എട്ട് വര്‍ഷത്തോളം ഉയര്‍ന്ന നികുതി പിരിച്ച ശേഷം ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ വെച്ച് 'ഇതൊരു ദീപാവലി സമ്മാനമാണ്' എന്ന് പറയുന്നു. ഇതെങ്ങനെ സമ്മാനമാകുമെന്നും അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളുടെ മോശം അവസ്ഥയെക്കുറിച്ച് മുന്‍ ഇന്‍ഫോസിസ് സിഎഫ്ഒ മോഹന്‍ദാസ് പൈയെ പോലുള്ള വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലുമുള്ള പണം നല്‍കുന്നതെന്ന വിമര്‍ശനം രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളും ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് സിദ്ദരാമയ്യയുടെ പ്രസ്താവന.