ഡിഎംകെയുടെ ഭാവി നായകന്‍ ഉദയനിധി സ്റ്റാലിന്‍ തന്നെ! തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാക്കാന്‍ കുടുംബത്തില്‍ തീരുമാനം; പ്രഖ്യാപനം വൈകാതെ; അടുത്ത തിരഞ്ഞെടുപ്പില്‍ ഇളയദളപതിയുമായി ഫേസ്ഓഫിന് ഉദയനിധി

ഡിഎംകെയുടെ ഭാവി നായകന്‍ ഉദയനിധി സ്റ്റാലിന്‍ തന്നെ!

Update: 2024-09-18 07:07 GMT

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രി ആയേക്കുമെന്ന് സൂചനകള്‍. നിലവില്‍ കായിക വകുപ്പ് മന്ത്രിയാണ് ഉദയനിധി സ്റ്റാലിന്‍. ചിലപ്പോള്‍ ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. എം കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മകന്‍ എം കെ സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയായിരുന്നു. ഉദയനിഥി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രി പദത്തിലേക്ക് എത്തുമെന്ന് സൂചനകള്‍ നേരത്തെ തന്നെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നല്‍കിയിരുന്നു. ഇതോടെ ഉദയനിധിയാണ് ഡിഎംകെയുടെ ഭാവി നായകനെന്ന കാര്യം ഏതാണ്ട് ഉറപ്പായി.

നിങ്ങള്‍ മനസില്‍ വിചാരിക്കുന്ന കാര്യങ്ങള്‍ സംഭവിക്കുന്ന സാഹചര്യമുണ്ടാകും എന്നായിരുന്നു എം കെ സ്റ്റാലിന്‍ പറഞ്ഞു. എം കെ സ്റ്റാലിന്‍ അമേരിക്കയില്‍ നിന്നും തിരിച്ചെത്തി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രിസഭ പുനസംഘടന ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ വാക്കുകള്‍, 'ഡിഎംകെ പറഞ്ഞ കാര്യങ്ങള്‍ ചെയ്യും. ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ പറയൂ. നിങ്ങള്‍ മനസില്‍ ആഗ്രഹിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകും', എന്നായിരുന്നു മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞത്. നേരെത്തെ തന്നെ ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം ആദ്യം ഉദയനിധിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് വാദങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും എം കെ സ്റ്റാലിന്‍ അതെല്ലാം നിഷേധിച്ചിരുന്നു.

നേരത്തെ കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്. സ്റ്റാലിന്റെ പാതയില്‍ തന്നെയാണ് ഉദയനിധിക്കും വഴിയൊരുക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരില്‍ കൂടുതല്‍ ആധിപത്യം സ്ഥാപിക്കുന്നതിനും ഭരണത്തില്‍ പിതാവിനെ സഹായിക്കുന്നതിനുമാണ് സ്ഥാനക്കയറ്റത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

2026 നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉദയനിധി സ്റ്റാലിനെ പാര്‍ട്ടിയുടെ മുഖമായി മാറ്റാനും പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഡിഎംകെയുടെ യുവജന വിഭാഗം നേതാവായ ഉദയനിധി ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. 2022 ഡിസംബറിലാണ് അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ഉദയനിധി നേതൃത്വത്തിലേക്ക് എത്തുന്നതോടെ അടുത്ത നിയസഭാ തെരഞ്ഞെടുപ്പില്‍ വിജയിന്റ തമിഴക വെട്രി കഴകവുമായി നേരിട്ടു ഫേസ്ഓഫ് ഉണ്ടാകുമെന്നാ സൂചനകള്‍. നിലവില്‍ അണ്ണാ ഡിഎംകെ രാഷ്ട്രീയമായി ക്ഷീണിച്ച അവസ്ഥയിലാണ്. ബിജെപിക്കും ക്ലച്ചുപിടിക്കാന്‍ സാധിച്ചിട്ടില്ല. നേരത്തെ തമിഴ് നടന്‍ വിജയ് രൂപം കൊടുത്ത തമിഴക വെട്രി കഴകം പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പു കമ്മിഷന്റെ അംഗീകാരവും ലഭിച്ചിരുന്നു.

അപേക്ഷ സമര്‍പ്പിച്ച് ഏഴ് മാസത്തിനു ശേഷമാണ് അംഗീകാരം ലഭിക്കുന്നത്. നമ്മുടെ ആദ്യ വാതില്‍ തുറന്നുവെന്ന് താരം സമൂഹമാധ്യമത്തില്‍ കുറിച്ചു. കഴിഞ്ഞ മാസമാണ് വിജയ് പാര്‍ട്ടിയുടെ പതാക പുറത്തു വിട്ടത്. മഞ്ഞയും ചുവപ്പു നിറങ്ങളുടെ നടുവില്‍ ആനകളും വാകപ്പൂവും ഉള്‍പ്പെടുത്തിയാണ് പതാക രൂപപ്പെടുത്തിയിരിക്കുന്നത്.

ഫെബ്രുവരി രണ്ടിനായിരുന്നു പാര്‍ട്ടി അംഗീകരത്തിന് വേണ്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് നിയമപരമായ പരിശോധനകള്‍ക്ക് ശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നല്‍കിയെന്ന് വിജയ് പ്രതികരിച്ചു. അധികം വൈകാതെ പാര്‍ട്ടിയുടെ സമ്മേളനം പ്രഖ്യാപിച്ചേക്കും. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പു മുന്‍ നിര്‍ത്തിയാണ് വിജയ് കരുക്കള്‍ നീക്കുന്നതെന്നാണ് നിരീക്ഷണം.

Tags:    

Similar News