വിജയയുടെ ആദ്യ സംസ്ഥാന പര്യടനത്തിന് ആവേശകരമായ തുടക്കം; കനത്ത വെയിലില്‍ സമ്മേളനത്തിന് എത്തിയത് പതിനായിരങ്ങള്‍; ഡിഎംകെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വിജയ്

Update: 2025-09-14 03:09 GMT

ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയിന്റെ ആദ്യ സംസ്ഥാന പര്യടനത്തിന് ആവേശകരമായ തുടക്കം. പതിനായിരങ്ങള്‍ ഒഴുകിയെത്തിയതോടെ നഗരത്തില്‍ വലിയ ജനക്കൂട്ടം. വിമാനത്താവളത്തില്‍ നിന്ന് സമ്മേളന വേദിയിലേക്കുള്ള ഏഴര കിലോമീറ്റര്‍ ദൂരം വിജയ് പിന്നിടാന്‍ കനത്ത തിരക്കിനെ തുടര്‍ന്ന് നാലര മണിക്കൂര്‍ എടുത്തു. കനത്ത വെയിലില്‍ മണിക്കൂറുകളോളം കാത്തുനിന്ന ഗര്‍ഭിണി ഉള്‍പ്പെടെ 25 പേര്‍ അസ്വസ്ഥരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

വൈകിയെത്തിയ വിജയ് പ്രത്യേകമായി ഒരുക്കിയ ആധുനിക കാരവാനില്‍ നിന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ഡിഎംകെ സര്‍ക്കാരിനെ കടുത്ത വിമര്‍ശനത്തിന് വിധേയമാക്കി. തിരുച്ചിറപ്പള്ളി മുന്‍ മുഖ്യമന്ത്രിമാരായ അണ്ണാദുരൈയും എം.ജി.ആറും ചരിത്രപരമായ തീരുമാനങ്ങള്‍ എടുത്ത വേദിയാണെന്നും, സ്വന്തം രാഷ്ട്രീയ യാത്രയും പുതിയ വഴിത്തിരിവാകുമെന്നും വിജയ് പ്രസ്താവിച്ചു. എന്നാല്‍ ശബ്ദ സംവിധാനത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് 15 മിനിറ്റിനുള്ളില്‍ പ്രസംഗം അവസാനിപ്പിക്കേണ്ടിവന്നു.

പോലീസ് അനുവദിച്ചിരുന്ന രാവിലെ 10:35 മുതല്‍ 11 വരെ സമയപരിധി പാലിക്കാതെയും റോഡ് ഷോ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ അവഗണിച്ചും നടന്ന പരിപാടി നഗരത്തില്‍ ഗതാഗത കുരുക്കുണ്ടാക്കി. പൊലീസ് നിര്‍ദേശങ്ങള്‍ മറികടന്ന ടിവികെ പ്രവര്‍ത്തകരുടെ നടപടിയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജില്ലാ പൊലീസ് അധികൃതര്‍ ആരംഭിച്ചു. തുടര്‍ പരിപാടികള്‍ക്കു നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ സൂചന നല്‍കി.

വിജയിന്റെ സംസ്ഥാന പര്യടനം ഡിസംബര്‍ 20 വരെ 38 ജില്ലകളിലൂടെയും കടന്നുപോകും. പ്രചാരണത്തിന് തുടക്കം കുറിച്ച തിരുച്ചിറപ്പള്ളി സമ്മേളനം ടിവികെയുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് കൂടുതല്‍ ശക്തി നല്‍കുമെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

Tags:    

Similar News