തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം പ്രഖ്യാപിച്ച് വിജയ്; രാഹുല്‍ ഗാന്ധിയെയും പിണറായി വിജയനെയും ചടങ്ങിന് ക്ഷണിച്ചേക്കും

തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം പ്രഖ്യാപിച്ച് വിജയ്

Update: 2024-09-20 08:35 GMT

ചെന്നൈ: നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം ഒക്ബോബര്‍ 27 ന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ നടക്കും. വിജയ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമമായ എക്സിലൂടെ അറിയിച്ചത്. ഈ സമ്മേളനത്തില്‍വച്ച് പാര്‍ട്ടി നയത്തിന്റെയും ഭാരവാഹികളുടെയും പ്രഖ്യാപനവും ഉണ്ടാകും. മണ്ണിന്റെ മകനായ തനിക്ക് തമിഴ്നാടിന്റെയും തമിഴ് ജനതയുടെയും അനുഗ്രഹം ഉണ്ടാകണമെന്നും വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസ് അനുമതി കിട്ടാന്‍ വൈകിയതാണ് സമ്മേളനം നീണ്ടുപോകാന്‍ ഇടയാക്കിയത്. 21 ഉപാധികളോടെയാണ് വിജയ്യുടെ പാര്‍ട്ടിക്ക് സമ്മേളനം നടത്താന്‍ പൊലീസ് അനുമതി നല്‍കിയിട്ടുള്ളത്.

തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പങ്കെടുപ്പിക്കാന്‍ വിജയ് നീക്കം നടത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, രാഹുല്‍ ഗാന്ധി, ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരേയും വിജയ് ക്ഷണിച്ചേക്കുമെന്നും സൂചനയുണ്ട്

കേരളത്തിലും തമിഴ്നാട്ടിലും അടക്കം വലിയ ആരാധക പിന്തുണയുള്ള വിജയ് ഫെബ്രുവരിയിലാണ് തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും, സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റം കൊണ്ടുവരുമെന്നും, രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു പിന്നാലെ വിജയ് പ്രസ്താവനയിറക്കിയിരുന്നു. തമിഴ് ചലച്ചിത്ര മേഖലയില്‍ രജനീകാന്തിനൊപ്പം ആരാധക പിന്തുണയുള്ള താരമാണ് വിജയ്.

വിജയ്യുടെ അരങ്ങേറ്റ ചിത്രമായ വെട്രിയുടെ പേരാണ് തന്റെ പാര്‍ട്ടിയുടെ പേരായ 'തമിഴക വെട്രി കഴകം' ത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തമിഴക വിജയ സംഘം എന്നാണ് ഇതിന്റെ അര്‍ഥം. പാര്‍ട്ടി പതാകയും പുറത്തിറക്കിയിരുന്നു. ചുവപ്പും മഞ്ഞയുമാണ് പതാകയുടെ നിറം. വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകള്‍ നില്‍ക്കുന്ന ചിഹ്നവും പതാകയിലുണ്ട്. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

അതേസമയം പതാക അനാച്ഛാദനം ചെയ്തതോടെ വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഈ പതാക മറ്റു പല പ്രശസ്ത പതാകകളില്‍ നിന്നും മുദ്രകളില്‍ നിന്നും പകര്‍ത്തിയത് എന്നാണ് വിവാദം ഉയരുന്നത്. 'കൊടുങ്കാറ്റിനു മുമ്പുള്ള നിശബ്ദത പോലെ, പതാകയ്ക്ക് പിന്നില്‍ രസകരമായ ഒരു ചരിത്ര പരാമര്‍ശമുണ്ട്' എന്നും ഈ വിശദാംശങ്ങള്‍ പാര്‍ട്ടി സമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നും വിജയ് പറഞ്ഞു.

സ്പെയിനിന്റെ ദേശീയപതാക അതേപടി പകര്‍ത്തിയതാണെന്നും ഇതു സ്പെയിന്‍ ജനതയുടെ വികാരങ്ങളെ അവഹേളിക്കുന്നതാണെന്നും ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകനായ സെല്‍വം ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി.

പതാകയില്‍ ആനയെ ഉപയോഗിച്ചതിനെതിരെ ബിഎസ്പി രംഗത്തു വന്നിരുന്നു. അതിനിടെ, കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവുമായി സാമ്യമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രമുഖ ബ്രാന്‍ഡായ ഫെവികോള്‍, മറ്റൊരു പ്ലൈവുഡ് കമ്പനി എന്നിവയുടെ ലോഗോയുമായി സാമ്യമുണ്ടെന്നും പലരും പരിഹസിച്ചു. പതാകയിലെ പുഷ്പം വാകപ്പൂവ് അല്ലെന്നും വിമര്‍ശനമുണ്ട്. സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെ വിമര്‍ശനം ശക്തമായതോടെ വിഷയത്തില്‍ പ്രതികരണവുമായി ടിവികെ രംഗത്തെത്തി.

പതാകയിലെ ആന വിവാദത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടാല്‍ പ്രതികരിക്കാന്‍ തയാറാണെന്നും പാര്‍ട്ടിക്ക് സ്വന്തം പതാക രൂപകല്‍പന ചെയ്യാനുള്ള അവകാശമുണ്ടെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

Tags:    

Similar News