'ഇന്ത്യയുടെ പ്രധാനമന്ത്രി മോദിയാണ്, ട്രംപ് അല്ല'; ഇരുട്ടില്‍ ട്രംപിന്റെ പ്രഖ്യാപനം; അറിയാന്‍ ഇന്ത്യക്കാര്‍ക്ക് അവകാശമുണ്ട്; നയപരമായ പ്രഖ്യാപനങ്ങള്‍ പാര്‍ലമെന്റില്‍ നടത്തണമെന്ന ആരോഗ്യകരമായ കീഴ്‌വഴക്കം ലംഘിക്കപ്പെട്ടു; വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്; ലോക്‌സഭ സ്തംഭിപ്പിച്ചു പ്രതിപക്ഷം
'ഇന്ത്യയുടെ പ്രധാനമന്ത്രി മോദിയാണ്, ട്രംപ് അല്ല
ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങി എന്നു പറഞ്ഞാണ് പ്രതിപക്ഷം മോദിക്കെതിരെ രംഗത്തുവന്നത്. നയപരമായ പ്രഖ്യാപനങ്ങള്‍ പാര്‍ലമെന്റില്‍ നടത്തണമെന്ന ആരോഗ്യകരമായ കീഴ് വഴക്കം ലംഘിക്കപ്പെട്ടെന്ന് സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു.
അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ഇന്ത്യയ്ക്ക് നിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചപ്പോള്‍, ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ഇന്ത്യക്കാരെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട്, ഇന്ത്യയില്‍ ഇരുട്ടായിരുന്ന സമയത്ത് ട്രംപ് നടത്തിയ പ്രഖ്യാപനങ്ങളുടെ വിശദാംശങ്ങള്‍ അറിയാന്‍ നമുക്ക് അവകാശമുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
'രാജ്യത്തിനാകെ ബാധകമായ ഒരു പ്രഖ്യാപനം വിദേശ രാജ്യത്തിരുന്ന് വിദേശ രാജ്യത്തിന്റെ പ്രസിഡന്റ് അദ്ദേഹത്തിന് ഉതകുന്ന സമയത്ത് നടത്തി എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. രാത്രിയുടെ അന്ത്യയാമങ്ങളില്‍ എലോണ്‍ മസ്‌കിന്റെ എക്‌സിലാണ് നാമമാത്ര വിവരങ്ങള്‍ മന്ത്രിമാര്‍ നല്‍കിയത്. നയപരമായ പ്രഖ്യാപനങ്ങള്‍ പാര്‍ലമെന്റില്‍ നടത്തണമെന്ന ആരോഗ്യകരമായ കീഴ് വഴക്കം പോലും ലംഘിക്കപ്പെട്ടു. ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് 50 ശതമാനത്തിലേറെ അമേരിക്കയില്‍ നിന്നായിരിക്കും എന്നാണ് ട്രംപ് പറഞ്ഞത്.
ഇന്ത്യക്കാരെ ഇരുട്ടില്‍നിര്‍ത്തിക്കൊണ്ട്, ഇന്ത്യയില്‍ ഇരുട്ടായിരുന്ന സമയത്ത് ട്രംപ് നടത്തിയ പ്രഖ്യാപനങ്ങളുടെ വിശദാംശങ്ങള്‍ അറിയാന്‍ നമുക്ക് അവകാശമുണ്ട്. അത് പാര്‍ലമെന്റില്‍ തന്നെ പറയണം. ഇതുവരെ നടന്നത് ദൌര്‍ഭാഗ്യകരമായ കാര്യമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, ഡോണള്‍ഡ് ട്രംപ് അല്ല എന്നെങ്കിലും ജനങ്ങളെ ബോധ്യപ്പെടുത്തണം'- ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു.
അതേസമയം ഇന്ത്യ - അമേരിക്ക വ്യാപാര കരാറിനായുള്ള ധാരണയില്‍ എത്തിയതില്‍ പ്രധാനമന്ത്രിയെ എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗം അഭിനന്ദിച്ചു. മുദ്രാവാക്യം വിളിയോടെ എന്‍ഡിഎ അംഗങ്ങള്‍ പ്രധാനമന്ത്രിയെ വരവേറ്റു. നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിനു ശേഷം ഇന്ത്യ അമേരിക്ക വ്യാപാര കരാറിനെക്കുറിച്ച് ഇന്നലെ രാത്രി ആദ്യം വിവരം നല്കിയത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആയിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള അധിക തീരുവ ഉള്‍പ്പടെ യുഎസ് ചുമത്തിയ 50 ശതമാനം തീരുവയാണ് ട്രംപ് 18 ആയി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയെന്നും ട്രംപ് പറയുന്നു. 45 ലക്ഷം കോടിയുടെ ഉത്പന്നങ്ങള്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യ വാങ്ങുമെന്നും തീരുവ ഇന്ത്യ പൂജ്യത്തിലേക്ക് എത്തിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
കരാര്‍ ഇന്ത്യയ്ക്ക് നിര്‍ണായകമെന്നും വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും നരേന്ദ്ര മോദി എന്‍ഡിഎ പാര്‍ലമെന്റിറി പാര്‍ട്ടി യോഗത്തെ അറിയിച്ചു. ലോകക്രമം മാറുന്നു എന്നും ഉത്പാദന രംഗത്ത് ഇത് വലിയ നേട്ടമാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു. എന്നാല്‍ മോദി അമേരിക്കയ്ക്ക് കീഴടങ്ങി എന്ന വാദം പ്രതിപക്ഷം ശക്തമാക്കുകയാണ്. 'സറണ്ടര്‍ മോദി' എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം രണ്ടു സഭകളിലും നടുത്തളത്തില്‍ ഇറങ്ങി. ഇന്ത്യയുടെ നയം പ്രഖ്യാപിക്കാന്‍ ആരാണ് ഡോണള്‍ഡ് ട്രംപിന് പുറം കരാര്‍ നല്കിയെന്ന് ചോദിച്ച് പ്രതിപക്ഷം ബഹളം വച്ചതോടെ ലോക്‌സഭ നടപടികള്‍ ഉച്ചവരെ സ്തംഭിച്ചു.
