വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ എത്തിക്കാന്‍ കേന്ദ്ര നീക്കം; നാളെ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന; ക്രിസ്ത്യന്‍ സംഘടന കേന്ദ്രത്തിനൊപ്പം; കേരള എംപിമാര്‍ സര്‍വത്ര ആശയക്കുഴപ്പത്തില്‍; മുസ്ലിം വോട്ടുബാങ്കുള്ള നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും തീരുമാനങ്ങളും ബില്ലില്‍ നിര്‍ണായകമാകും
വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ എത്തിക്കാന്‍ കേന്ദ്ര നീക്കം
ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. നാളെ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചനകള്‍. അതേസമയം വിഷയം കടുപ്പിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചാല്‍ അതിന്റെ അനുരണനങ്ങള്‍ കേരളത്തിലും ഉണ്ടാകുമന്നതാണ് ആശങ്കയ്ക്ക് ഇയാക്കുന്ന കാര്യം. കെസിബിസിയും സിബിസിഐയും ബില്ലിനെ പിന്തുണച്ചത് പ്രതിപക്ഷത്തെ സഭയ്ക്ക് ഉള്ളില്‍ പ്രതിസന്ധിയില്‍ ആകും. തെരഞ്ഞെടുപ്പു അടുത്ത കേരളത്തില്‍ അടക്കം ഇത് കോണ്‍ഗ്രസിന് വെല്ലുവിളഇ ഉയര്‍ത്തും.
പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും. ലോക്സഭയില്‍ കോസ്റ്റല്‍ ഷിപ്പിങ് ബില്ലും ഇന്ന് അവതരിപ്പിക്കും. വഖഫ് നിയമ ഭേദഗതി ബില്ല് ഈ സഭാ കാലയളവില്‍ അവതരിപ്പിക്കാനാണ് നീക്കം. ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും ബില്ല് നാളെ ലോക്സഭയില്‍ അവതരിപ്പിക്കാന്‍ ആണ് സാധ്യത എന്നും വിവരം ഉണ്ട്. രാജ്യസഭയില്‍ ത്രിഭുവന്‍ സഹകാരി യൂണിവേഴ്സിറ്റി ബില്ലിന്മേലുള്ള ചര്‍ച്ച ഇന്നും തുടരും.
വഖഫ് ഭേദഗതി ബില്ലിനെ കേരള എംപിമാര്‍ അനുകൂലിക്കണമെന്ന കെസിബിസിയുടെ ആവശ്യത്തിന് പിന്നാലെയാണ് സിബിസിഐയും രംഗത്തെത്തിയത്. നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭരണഘടനക്കും മതേതര മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്നും സിബിസിഐ വ്യക്തമാക്കി.മുനമ്പത്തെ 600ലധികം കുടുംബങ്ങളുടെ വസതികള്‍ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോര്‍ഡ് ഈ വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തിയെന്നും സിബിസിഐ പറഞ്ഞു.
ഭരണഘടനയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണമെന്നും. മുനമ്പം ഉള്‍പ്പടെയുള്ള ഭൂമി തര്‍ക്കങ്ങള്‍ക്ക് വഖഫ് നിയമ ഭേദഗതി ശാശ്വത പരിഹാരമായിരിക്കു'മെന്നും സിബിസിഐയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ തത്വങ്ങള്‍ക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യണം എന്നും സിബിസിഐ വ്യക്തമാക്കി.
അതേസമയം വഖഫ് ഭേദഗതി ബില്ലില്‍ എന്‍ഡിഎയിലെ ഘടകകക്ഷികളുടെ നിലപാടും നിര്‍ണായകമാകും. കേന്ദ്രത്തെ പിന്തുണയ്ക്കുന്ന ജെഡിയു, ടിഡിപി, എല്‍ജെപി, ആര്‍എല്‍ഡി പാര്‍ട്ടികള്‍ സമ്മര്‍ദത്തിലാണ്. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലാണ് ആദ്യത്തെ അഗ്നിപരീക്ഷ. ബില്ലിനെ നിതീഷ് കുമാര്‍ പിന്തുണച്ചാല്‍ 17.6 ശതമാനം മുസ്ലിം സാന്നിധ്യമുള്ള ബിഹാറില്‍ ജെഡിയുവിന്റെ മുസ്ലിം വോട്ടുബാങ്കില്‍ വിള്ളല്‍വീഴാനിടയുണ്ട്.
ബില്ലിനെ എതിര്‍ക്കുന്നവര്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് എന്‍ഡിഎ ഘടകകക്ഷികളിലാണ്. ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍, ചിരാഗ് പാസ്വാന്‍, ജയന്ത് ചൗധരി എന്നിവര്‍ പറഞ്ഞാല്‍ ബില്‍ കൊണ്ടുവരില്ലെന്നായിരുന്നു കഴിഞ്ഞദിവസം മുസ്ലിം പേഴ്‌സണല്‍ ലാ ബോര്‍ഡ് നേതാക്കള്‍ പറഞ്ഞത്.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ജെഡിയു നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് രഞ്ജന്‍ സിങ് ബില്ലിനെ ആദ്യം പിന്തുണച്ചെങ്കിലും പ്രാദേശികരാഷ്ട്രീയം തിരിച്ചറിഞ്ഞ് ജെഡിയു നിലപാട് മാറ്റി. മുസ്ലിങ്ങളുടെ താത്പര്യം ഉള്‍ക്കൊണ്ടുമാത്രമേ ബില്ലുമായി മുന്നോട്ടുപോകാവൂ എന്ന സമീപനം സ്വീകരിച്ചു. മുസ്ലിംവോട്ട് നിര്‍ണായകമായ ആന്ധ്രയില്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ആശയക്കുഴപ്പത്തിലാണ്.
അതേസമയം, ബില്ലിനെ പിന്തുണച്ച് പ്രമുഖ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തുവന്നത് കേന്ദ്രസര്‍ക്കാരിന് നേട്ടമായി. ബില്ലിനെ പിന്തുണച്ച് ഞായറാഴ്ച കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ എഴുതിയ കത്തിനെ സ്വാഗതംചെയ്ത് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനും ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവും രംഗത്തുവന്നു.