'ഇൻഡ്യ' മുന്നണിയ്ക്കായി പ്രചാരണം നടത്തുന്നത് മൂന്ന് കുരങ്ങന്മാർ'; 'പപ്പു'വിന് സത്യം പറയാനറിയില്ല, 'ടപ്പു'വിന് സത്യം കാണാൻ കഴിയില്ല, 'അക്കു'വിന് സത്യം കേൾക്കാൻ കഴിയില്ല; പരിഹാസവുമായി യോഗി ആദിത്യനാഥ്
ബിഹാർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷമായ 'ഇൻഡ്യ' മുന്നണിയിലെ പ്രധാന നേതാക്കളെ പരിഹസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഹുൽ ഗാന്ധി, തേജസ്വി യാദവ്, അഖിലേഷ് യാദവ് എന്നിവരെ 'പപ്പു', 'ടപ്പു', 'അക്കു' എന്നിങ്ങനെ വിളിച്ച് വിശേഷിപ്പിച്ചാണ് യോഗി ആദിത്യനാഥ് വിമർശനം ഉന്നയിച്ചത്. ബിഹാറിലെ ദർഭംഗയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.
'ഇൻഡ്യ' മുന്നണി പ്രതിപക്ഷത്തിനായി മൂന്ന് കുരങ്ങന്മാരാണ് പ്രചാരണം നടത്തുന്നതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. "മഹാത്മ ഗാന്ധിക്ക് മൂന്ന് കുരങ്ങന്മാരുണ്ടായിരുന്നതു പോലെ, ഇന്ന് 'പപ്പു', 'ടപ്പു', 'അക്കു' എന്നീ പേരുകളുള്ള കുരങ്ങന്മാരാണ് 'ഇൻഡ്യ' മുന്നണിക്കുള്ളത്. 'പപ്പു'വിന് സത്യം പറയാനോ നല്ല കാര്യങ്ങൾ ചെയ്യാനോ കഴിയില്ല. 'ടപ്പു'വിന് സത്യം കാണാൻ കഴിയില്ല, 'അക്കു'വിന് സത്യം കേൾക്കാൻ കഴിയില്ല. രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, തേജസ്വി യാദവ് എന്നിവർ 'ഇൻഡ്യ' സഖ്യത്തിന്റെ പുതിയ മൂന്ന് കുരങ്ങന്മാരാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ നേതാക്കൾ ജാതിയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും കലാപങ്ങൾ ഉണ്ടാക്കാനും ശ്രമിക്കുകയാണെന്ന് യോഗി ആരോപിച്ചു. കുടുംബ മാഫിയകളെ പ്രലോഭിപ്പിച്ച് ശിഷ്യന്മാരാക്കി ബിഹാറിന്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബിഹാറിൽ ജാതികളെ തമ്മിലടിപ്പിച്ച് തോക്കുകളും പിസ്റ്റളുകളും ഉപയോഗിച്ച് സംസ്ഥാനത്തിന്റെ സംവിധാനം താറുമാറാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസും ആർ.ജെ.ഡിയും സമാജ്വാദി പാർട്ടിയും ബിഹാറിൽ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തിന്റെ സുരക്ഷ അപകടത്തിലാക്കുകയാണെന്നും യോഗി ആരോപിച്ചു. "നമ്മൾ ഭിന്നിക്കില്ല, പരസ്പരം പോരടിക്കില്ല എന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. ആർ.ജെ.ഡി-കോൺഗ്രസ് സഖ്യം അധികാരത്തിലിരുന്നപ്പോൾ റേഷൻ കടകൾ കൊള്ളയടിക്കപ്പെട്ടു. ഇന്ന് ബിഹാറിലുള്ളവർ ഉൾപ്പെടെ 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നുണ്ട്," അദ്ദേഹം പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന ബി.ജെ.പിയുടെ വാഗ്ദാനം നിറവേറ്റിയെന്നും, ഇനി സീതാമഡിയിൽ മാ ജാനകിയുടെ ക്ഷേത്രം നിർമ്മിച്ച് അതിനെ രാം ജാനകി മാർഗ് വഴി അയോധ്യയുമായി ബന്ധിപ്പിക്കുമെന്നും യു.പി മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷം വിഭജന രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ജാതിയുടെ പേരിൽ വോട്ട് നേടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങളെയും സുരക്ഷാ നയങ്ങളെയും അദ്ദേഹം പ്രശംസിച്ചു. 'ഇൻഡ്യ' മുന്നണി നേതാക്കൾ രാജ്യത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവരാണെന്നും അദ്ദേഹം വിമർശിച്ചു. ഈ തെരഞ്ഞെടുപ്പ് യഥാർത്ഥ ഇന്ത്യയുടെ ഭാവിക്കും വികസനത്തിനും വേണ്ടിയുള്ളതാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
