മുനമ്പം ബിജെപിക്ക് രാഷ്ട്രീയ വിഷയം മാത്രം, തനിക്ക് മുനമ്പം വ്യക്തിപരമായ വിഷയം; ഞാന്‍ മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗം; ന്യൂനപക്ഷത്തിന്റെ അവകാശം തട്ടിയെടുക്കാന്‍ ശ്രമമെന്ന് വഖഫ് ബില്‍ ചര്‍ച്ചയില്‍ ഹൈബി ഈഡന്‍; കോണ്‍ഗ്രസുകാര്‍ ബിഷപ്പു ഹൗസ് ആക്രമിച്ചവരെന്ന് തിരിച്ചടിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും

മുനമ്പം ബിജെപിക്ക് രാഷ്ട്രീയ വിഷയം മാത്രം, തനിക്ക് മുനമ്പം വ്യക്തിപരമായ വിഷയം; ഞാന്‍ മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗം

Update: 2025-04-02 17:14 GMT

ന്യൂഡല്‍ഹി: വഖഫ് ബില്ലില്‍ രാത്രി വൈകിയും ലോക്‌സഭയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ചര്‍ച്ചക്കിടെ ലോക്‌സഭയില്‍ ഹൈബി ഈഡന്‍ എംപിയും കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനും തമ്മില്‍ കോര്‍ത്തു. മുനമ്പം വിഷയത്തില്‍ ഹൈബിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഈ പശ്ചാത്തലത്തില്‍ അല്‍്പ്പം വൈകാരികമായാണ് ഹൈബി ലോക്‌സഭയില്‍ പ്രസംഗിച്ചത്.

ന്യൂനക്ഷത്തിന്റെ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമമെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. വഖഫ് ബില്ലിന്‍മേല്‍ ചര്‍ച്ച പുരോഗമിക്കേവ ആയിരുന്നു ഹൈബി ഈഡന്റെ പ്രതികരണം. മുനമ്പം ബിജെപിക്ക് രാഷ്ട്രീയ വിഷയം മാത്രമാണ്. എന്നാല്‍ തനിക്ക് മുനമ്പം വ്യക്തിപരമായ വിഷയമാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു. താനും മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നാണ്. ഞാനും അവരില്‍ ഒരാളെന്നും ഹൈബി പറഞ്ഞു.

ഈ ബില്ല് വഴി മുനമ്പത്തുകാര്‍ക്ക് എങ്ങനെ ഭൂമി തിരിച്ചുകിട്ടുമെന്ന് വ്യക്തമാക്കണം. കേരളത്തിലെ മുസ്ലിം-ക്രിസ്ത്യന്‍ സമുദായങ്ങളെ അകറ്റാനാണ് ബിജെപിയുടെ ശ്രമം. മണിപ്പൂര്‍ കത്തിയപ്പോള്‍ സിബിസിഐ പറഞ്ഞത് സര്‍ക്കാര്‍ എന്തുകൊണ്ട് കേട്ടില്ല? ആഗ്ലോ ഇന്ത്യന്‍ സംവരണം ഇല്ലാതെയാക്കിയ സര്‍ക്കാരാണിതെന്നും ഹൈബി കുറ്റപ്പെടുത്തി.

അതേസമയം ഹൈബി ഈഡന് മറുപടിയുമായി മന്ത്രി ജോര്‍ജ് കുര്യന്‍ രംഗത്തെത്തി. കോണ്‍ഗ്രസുകാര്‍ 2014 ല്‍ ഇടുക്കി ബിഷപ്പ് ഹൗസ് ആക്രമിച്ച കേസ് പരാമര്‍ശിച്ചായിരുന്നു ജോര്‍ജ് കുര്യന്റെ പ്രതികരണം. 2021 ല്‍ പാലാ ബിഷപ്പ് ഹൌസ് പിഎഫ്‌ഐ ആക്രമിച്ചു. അന്ന് ഇന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞത് ബിഷപ്പിനെതിരെ കേസെടുക്കാനാണ്. നരേന്ദ്ര മോദിക്ക് മാത്രമേ മുനമ്പത്തുകാരെ രക്ഷിക്കാന്‍ സാധിക്കൂ എന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേരളത്തിലെ ബിഷപ്പുമാര്‍ മോദിയെ കാണാന്‍ എത്തുകയാണ്. നിങ്ങള്‍ വടക്കോട്ട് നോക്കിയിരിക്കൂ എന്നും ജോര്‍ജ് കുര്യന്‍ പരിഹസിച്ചു.


Full View

അതേസമയം ജോര്‍ജ്ജ് കുര്യന്‍ ഇടപെട്ടു സംസാരിച്ചതിനെ കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. എന്തുകൊണ്ടാണ് ജോര്‍ജ് കുര്യന്‍ സംസാരിച്ചതെന്ന് കെസി വേണുഗോപാല്‍ ചോദിച്ചു. മന്ത്രിയെന്ന നിലയില്‍ ജോര്‍ജ് കുര്യന് സംസാരിക്കാമെന്നായിരുന്നു ചെയറിന്റെ മറുപടി. അതേസമയം വഖഫ് നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരായ ഹൈബി ഈഡന്റേയും ഡീന്‍ കുര്യാക്കോസിന്റെയും ഓഫിസിലേക്ക് ബിജെപി മാര്‍ച്ച് നടത്തിയിരുന്നു.

കൊച്ചി കലൂരുനിന്ന് ഹൈബി ഈഡന്റെ ഓഫിസിലേക്കായിരുന്നു മാര്‍ച്ച്. ഇടുക്കിയില്‍ ചെറുതോണിയിലുള്ള ഡീന്‍ കുര്യാക്കോസിന്റെ ഓഫിസിലേക്കായിരുന്നു മാര്‍ച്ച്. ''വഖഫ് അധിനിവേശത്തെ തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയില്‍ നില്‍ക്കുന്ന മുനമ്പം ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കേരളത്തില്‍ നിന്നുള്ള യുഡിഎഫ് - എല്‍ഡിഎഫ് എംപിമാര്‍ പാര്‍ലമെന്റില്‍ വഖഫ് നിയമഭേദഗതിയെ എതിര്‍ക്കുന്നത് മുനമ്പം ജനതയോട് ചെയ്യുന്ന വഞ്ചനയാണ്'' എന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ഡോ.കെ.എസ്.രാധാകൃഷ്ണന്‍ പറഞ്ഞു.

കലൂര്‍ മെട്രോ സ്റ്റേഷന് മുന്നില്‍ നിന്നും ഹൈബി ഈഡന്റെ ഓഫിസിലേക്ക് ആരംഭിച്ച ബിജെപി മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്.ഷൈജു അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപിയുടെ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുത്തു. ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയാണ് ഡീന്‍ കുര്യാക്കോസിന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്.

Tags:    

Similar News