തലയ്ക്ക് സ്ഥിരതയുള്ളവര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വോട്ടു ചെയ്യൂ; അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് നാലായിരം വോട്ടുതികച്ചുകിട്ടില്ല; വെയിലുറയ്ക്കുമ്പോള്‍ ഒന്നുങ്കില്‍ കേറിപ്പോരുക അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് വീരമൃത്യു വരിക്കുക; വി ഡി സതീശനെ പിന്തുണച്ച് അഡ്വ. എ. ജയശങ്കര്‍
വി ഡി സതീശനെ പിന്തുണച്ച് അഡ്വ. എ. ജയശങ്കര്‍
പാലക്കാട്: പാലക്കാട്ടെയും ചേലക്കരയിലെയും സ്ഥാനാര്‍ത്ഥികളെ പി വി അന്‍വറിന് സൗകര്യമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാല്‍ മതിയെന്നും അന്‍വറിന്റെ ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും തുറന്നടിച്ച വിഡി സതീശനെ പിന്തുണച്ച് രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ.എ. ജയശങ്കര്‍. തലയ്ക്ക് സ്ഥിരതയുള്ളവര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വോട്ടു ചെയ്യൂ എന്നും പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യത്തില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ പി.വി. അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് കഴിയില്ലെന്നും ജയശങ്കര്‍ അഭിപ്രായപ്പെട്ടു.
'പ്രതിപക്ഷനേതാവ് പറഞ്ഞത് കൃത്യമല്ലേ. കോണ്‍ഗ്രസ് പോലെയൊരു പാര്‍ട്ടി അന്‍വറിന്റെ വീട്ടുപടിക്കല്‍ ചെന്ന് ഭിക്ഷ യാചിച്ചു നില്‍ക്കേണ്ട വല്ല കാര്യവുമുണ്ടോ. പി.വി. അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ പിന്തുണയ്ക്കട്ടെ. അദ്ദേഹത്തിന്റെ പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും പാലക്കാട്ട് ഒരു മാറ്റവുമുണ്ടാവാന്‍ പോകുന്നില്ല. അന്‍വര്‍ നിര്‍ത്തുന്ന സ്ഥാനാര്‍ഥിക്ക് നാലായിരം വോട്ടുപോലും തികച്ചുകിട്ടില്ല. അവിടുത്തെ രാഷ്ട്രീയസാഹചര്യം അതല്ലേ. ആരെങ്കിലും ഈ സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യുമോ. സാമുദായികമായിട്ടോ രാഷ്ട്രീയമായിട്ടോ എന്തെങ്കിലും തരത്തില്‍ ഈ സ്ഥാനാര്‍ഥിക്ക് ഒരു ചലനം സൃഷ്ടിക്കാന്‍ കഴിയുമോ.
'അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റാല്‍ ആരാ ജയിക്കാന്‍ പോകുന്നത് എന്ന് ആലോചിച്ചു നോക്കൂ. അങ്ങനെ ഒരു സാഹചര്യം ഒഴിവാക്കണമെന്ന് ആഗ്രഹമുള്ള എല്ലാ ആളുകളും, തലയ്ക്ക് സ്ഥിരതയുള്ള ആളുകള്‍ സ്വഭാവികമായിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തലിനു തന്നെ വോട്ടുചെയ്യും. ഇല്ലെങ്കില്‍ ബി.ജെ.പിയുടെ സി.കൃഷ്ണകുമാര്‍ ജയിക്കുമെന്ന കാര്യത്തില്‍ വല്ല സംശയവുമുണ്ടോ. അതുകൊണ്ട് പാലക്കാട്ട് ബി.ജെ.പി. ജയിക്കരുതെന്ന് ആഗ്രഹിക്കുന്ന എല്ലാവരും രാഹുലിനാണ് വോട്ടുചെയ്യുക.
'ബി.ജെ.പി. ജയിച്ചാലും കുഴപ്പമില്ല എന്ന് വിചാരിക്കുന്നവര്‍ക്ക് മറ്റു സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യാം. അത്ര വ്യത്യാസമേ ഉള്ളൂ. വി.ഡി. സതീശന്‍ മീന്‍ലോറിയില്‍ എത്രയോ കോടി രൂപ കടത്തികൊണ്ടുപോയി എന്ന് പറഞ്ഞയാളാണല്ലോ അന്‍വര്‍. അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായി എന്തെങ്കിലും തരത്തിലുള്ള ധാരണയുണ്ടാക്കുന്നത് ഒന്ന് ആലോചിച്ചു നോക്കൂ. അതും സാധ്യമല്ല. അന്‍വര്‍ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. ആ സ്ഥാനാര്‍ഥി വെയിലുറയ്ക്കുമ്പോള്‍ ഒന്നെങ്കില്‍ കേറിപ്പോരുക അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് വീരമൃത്യു വരിക്കുകയോ ചെയ്യാം. അതില്‍ വലിയ അത്ഭുതമൊന്നും സംഭവിക്കില്ല.
അദ്ദേഹത്തെ ഇടതുപക്ഷവും ഗൗനിക്കില്ല വലതുപക്ഷവും ഗൗനിക്കില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലും നിലനില്‍ക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.' എ. ജയശങ്കര്‍ അഭിപ്രായപ്പെട്ടു.