പാര്‍ട്ടിയെ കുറിച്ച് വ്യക്തമായ ചിത്രം തന്റെ മനസ്സിലുണ്ട്; ആള്‍ബലമുള്ള പാര്‍ട്ടിയായി അത് മാറും; കാത്തിരുന്നു കണ്ടോളൂവെന്നും അന്‍വര്‍; ലീഗും കോണ്‍ഗ്രസും അടുപ്പിക്കില്ല; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നിലമ്പൂരിലെ സ്വതന്ത്ര എംഎല്‍എ

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പി.വി. അന്‍വര്‍ എംഎല്‍എ

Update: 2024-10-02 06:24 GMT

മലപ്പുറം: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പി.വി. അന്‍വര്‍ എംഎല്‍എ. മതേതരത്വം ഊന്നിയുള്ള പാര്‍ട്ടിയാകും രൂപീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് കൃത്യമായ പദ്ധതി തയാറാക്കും. തദ്ദേശ തെഞ്ഞെടുപ്പില്‍ എല്ലാ പഞ്ചായത്തുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തും.

സിപിഎമ്മില്‍ നിന്ന് ഒരു ഹിന്ദു പുറത്തുപോയാല്‍ അവരെ സംഘിയാക്കും. മുസ്ലിമാണെങ്കില്‍ 'സുഡാപ്പി'യും ജമാഅത്തെ ഇസ്ലാമിയുമാക്കും. ആ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോകുകയോ ബന്ധം ഉപേക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് സിപിഎം ചാര്‍ത്തി കൊടുക്കുന്ന പേരുകളാണിതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

യുവാക്കള്‍ അടക്കമുള്ള പുതിയ ടീം വരും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളുണ്ടാവുമെന്നും മതേതരത്തില്‍ ഊന്നി ദളിത്, പിന്നോക്കക്കാരെയും കൂട്ടി ചേര്‍ത്ത് ആയിരിക്കും പുതിയ പാര്‍ട്ടിയെന്നും അന്‍വര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന വാര്‍ത്ത നേരത്തെ അന്‍വര്‍ തള്ളിയിരുന്നു. ഇത് മാറ്റുകയാണ് അന്‍വര്‍. കോണ്‍ഗ്രസും മുസ്ലീ ലീഗും താല്‍പ്പര്യം കാട്ടുന്നില്ലെന്നത് തിരിച്ചറിഞ്ഞാണ് അന്‍വറിന്റെ പുതിയ നീക്കം.

''രാജ്യം നേരിടുന്ന പ്രശ്‌നം മതേതരത്വമാണ്. ആ മതേതരത്വം ഉയര്‍ത്തി പിടിക്കുന്ന സെക്യുലര്‍ പാര്‍ട്ടിയായിരിക്കും. ആ പാര്‍ട്ടിയുടെ കാഴ്ചപ്പാടുകള്‍ നിങ്ങളോട് വിശദീകരിക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമ്പോള്‍ പ്രത്യേക സമ്മേളനം തന്നെ വിളിക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി വേണം. ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണയുണ്ടാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംസ്ഥാനമൊട്ടാകെ മത്സരിക്കും'.' അന്‍വര്‍ പറഞ്ഞു.

ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖ വിവാദത്തിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി.വി. അന്‍വര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഹിന്ദു പത്രവുമായി മുഖ്യമന്ത്രി അഡ്ജസ്റ്റ്‌മെന്റ് നടത്തിയെന്നാണ് അന്‍വറിന്റെ ആരോപണം. ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണ്. അഭിമുഖത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സി ഇല്ല എന്നാണ് ആദ്യം പറഞ്ഞത്. വാര്‍ത്ത തെറ്റെങ്കില്‍ എന്തുകൊണ് ആദ്യം പറഞ്ഞില്ലെന്നും അന്‍വര്‍ ചോദിച്ചു.

പത്രം ഇറക്കി 32 മണിക്കൂര്‍ കഴിഞ്ഞ് ചര്‍ച്ച ആയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും അന്‍വര്‍ ആരോപിച്ചു. കരിപ്പൂര്‍ എന്ന വാക്ക്, കോഴിക്കോട് എയര്‍പോര്‍ട്ട് എന്ന വാക്കും ആദ്യമായി മുഖ്യമന്ത്രിയില്‍ നിന്ന് കേട്ടു. സ്വര്‍ണക്കള്ളക്കടത്തില്‍ ധൈര്യമുണ്ടങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തട്ടേയെന്നും അന്‍വര്‍ വെല്ലുവിളിച്ചു.

പാര്‍ട്ടിയെ കുറിച്ച് വ്യക്തമായ ചിത്രം തന്റെ മനസ്സിലുണ്ടെന്നും അന്‍വര്‍ പറഞ്ഞു. ആള്‍ബലമുള്ള പാര്‍ട്ടിയായി അത് മാറും. കാത്തിരുന്നു കണ്ടോളൂവെന്നും അന്‍വര്‍ പറഞ്ഞു.

Tags:    

Similar News