സമരച്ചൂടില്‍ തലസ്ഥാന നഗരി! അവഗണിക്കുന്ന സര്‍ക്കാരിന് താക്കീതുമായി ആശാ വര്‍ക്കര്‍മാരുടെ നിയമസഭാ മാര്‍ച്ച്; പൊരിവെയിലത്തും മഞ്ഞത്തും മഴയത്തും തളരാതെ അവകാശപ്പോരാട്ടം; പിന്തുണയുമായി പ്രതിപക്ഷ നേതാക്കള്‍

സര്‍ക്കാരിന് താക്കീതുമായി ആശാ വര്‍ക്കര്‍മാരുടെ നിയമസഭാ മാര്‍ച്ച്

Update: 2025-03-03 08:52 GMT

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ ദിവസങ്ങള്‍ നീണ്ട സമരം കണ്ടില്ലെന്നു നടിച്ച സര്‍ക്കാരിനു കടുത്ത താക്കീതുമായി ആശാ വര്‍ക്കര്‍മാരുടെ നിയമസഭ മാര്‍ച്ച്. സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന രാപകല്‍ സമരത്തിന്റെ 22-ാം ദിവസമാണ് ആശാ വര്‍ക്കര്‍മാരുടെ നിയമസഭാ മാര്‍ച്ച്. നൂറുകണക്കിന് ആശാ വര്‍ക്കര്‍മാരാണു കൊടുംചൂടില്‍ തളരാതെ അവകാശപ്പോരാട്ടത്തിനായി നിയമസഭാ മാര്‍ച്ചില്‍ അണിനിരന്നത്. വനിതാ പ്രവര്‍ത്തകരുടെ ചോരാത്ത ആവേശം സിപിഎം നേതാക്കളുടെ ഉള്‍പ്പെടെ പരിഹാസ വാക്കുകള്‍ക്കുള്ള ശക്തമായ മറുപടിയായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു നൂറുകണക്കിന് ആശാ വര്‍ക്കര്‍മാരാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

സമരം 22-ാം ദിവസത്തിലേക്കു കടക്കുന്ന ഘട്ടത്തില്‍ നിയമസഭാ സമ്മേളനം തുടങ്ങിയതു കണക്കിലെടുത്താണ് ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഓണറേറിയവും ഇന്‍സന്റീവ് കുടിശികയും സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ഓണറേറിയം വര്‍ധിപ്പിക്കുക, ഉപാധികള്‍ പിന്‍വലിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍നിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരസമിതി. ഓണറേറിയം വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസ്സില്‍ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിക്കുക, 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളില്‍ ഉറച്ച് നിന്നാണ് ആശാ വര്‍ക്കര്‍മാരുടെ പ്രക്ഷോഭം. കോണ്‍ഗ്രസ് ഉള്‍പ്പെടെ സമരത്തിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

അതേസമയം, ആശ (അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ്) എന്നത് കേന്ദ്ര പദ്ധതിയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. ആശാ വര്‍ക്കര്‍മാരെ സന്നദ്ധപ്രവര്‍ത്തകരായാണു പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അവരെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓണറേറിയമായ 7000 രൂപ നല്‍കുന്നത് കേരളത്തിലാണ്.

ഇതുകൂടാതെ 3000 രൂപ ഫിക്സഡ് ഇന്‍സെന്റീവ് ഉണ്ട്. ഇതിനു പുറമേയാണ് സേവനങ്ങള്‍ക്കുള്ള പ്രതിഫലം. കേരളത്തില്‍ ജനുവരിയിലെ കണക്കനുസരിച്ച് 90% ആശമാര്‍ക്കും 10,000-13,000 രൂപ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണറേറിയം ലഭിക്കുന്നതിനുള്ള 10 മാനദണ്ഡങ്ങള്‍ മാറ്റണമെന്നു സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. അതിനനുസരിച്ചു മാനദണ്ഡങ്ങള്‍ എല്ലാം മാറ്റിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആശമാര്‍ക്ക് കൊടുക്കേണ്ട 100 കോടി രൂപയില്‍ ഒരു രൂപ പോലും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.

അതിനിടെ, പൊരിവെയിലത്തും മഞ്ഞത്തും മഴയത്തും സമരം ചെയ്യുന്ന ആശമാരോട് സര്‍ക്കാരിന് അനുകമ്പ തോന്നിയില്ലെങ്കില്‍ പിന്നെ അവരൊക്കെ എങ്ങനെയാണ് മനുഷ്യരാകുന്നതെന്ന് സമരത്തിനെത്തിയ ഒരു സ്ത്രീ ചോദിച്ചു. നിങ്ങള്‍ എന്തു കമ്യൂണിസ്റ്റാണെന്നാണ് മുഖ്യമന്ത്രിയോടു ചോദിക്കാനുള്ളതെന്ന് ആശമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചോദിച്ചു. സമരം ചെയ്യുന്ന തൊഴിലാളികളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതാണോ കമ്യൂണിസ്റ്റ് രീതി. ആരോടാണ് യുദ്ധപ്രഖ്യാപനം. തീവ്ര വലതുപക്ഷ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും സമരസ്ഥലത്തെത്തിയ വി.ഡി.സതീശന്‍ പറഞ്ഞു.

സമരത്തെ അവഹേളിക്കുന്ന ഭരണകൂടം ചവട്ടുകൊട്ടയില്‍ ആകുമെന്ന് ആശാ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെകെ രമ പറഞ്ഞു. ഇവിടെ ഒരു സമരത്തിന് സിപിഎമ്മിന്റെ തിട്ടൂരം വേണ്ട. അവരുടെ മുദ്രാവാക്യം ഏറ്റെടുക്കാനല്ല സമരം. ഏത് ആശമാര്‍ക്കാണ് ഇവിടെ 13000 രൂപ കിട്ടുന്നത് മന്ത്രി പച്ചക്കള്ളം പറയുകയാണ്. മുഖ്യമന്ത്രി സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കണം. വേണ്ടിവന്നാല്‍ സമരക്കാര്‍ക്കൊപ്പം ഇരിക്കുമെന്ന് കെകെ രമ പ്രഖ്യാപിച്ചു. ആശ വര്‍ക്കര്‍മാരുടെ നിയമസഭ മാര്‍ച്ച് തുടങ്ങും മുമ്പ് വിഷയം ഭരണപക്ഷം സഭയില്‍ ഉയര്‍ത്തി.

Tags:    

Similar News