എംവി ജയരാജന്‍ തലശ്ശേരിയിലേക്ക്? ചെന്താരകത്തിന് വെട്ട്; പി.ജെക്കും ഇപിക്കും സീറ്റില്ല; പേരാവൂര്‍ പിടിക്കാന്‍ ശൈലജ ടീച്ചര്‍; തളിപ്പറമ്പിലും പയ്യന്നൂരിലും തര്‍ക്കം; ഇപി കടുത്ത അമര്‍ഷത്തില്‍; പിജെ ഫാന്‍സ് പരസ്യ പ്രതികരണം നടത്തില്ല. സിപിഎമ്മിന് കണ്ണൂരില്‍ നിര്‍ണ്ണായക ജില്ലാ സെക്രട്ടേറിയറ്റ്

Update: 2026-03-03 04:08 GMT

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍ കണ്ണൂരില്‍ ചൊവ്വാഴ്ച നിര്‍ണ്ണായക ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരും. പി. ജയരാജനും ഇ.പി. ജയരാജനും ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന സൂചനകള്‍ ശക്തമായതോടെ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ തെളിയുകയാണ്. പി. ജയരാജന് വേണ്ടി വാദിക്കാന്‍ പൊളിറ്റ് ബ്യൂറോയില്‍ പോലും ആളില്ലാത്ത സാഹചര്യം ജയരാജന്‍ പക്ഷത്തിന് തിരിച്ചടിയാകുന്നു.

മുന്‍ മന്ത്രി കെ.കെ. ശൈലജ പേരാവൂരില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഏകദേശ ധാരണയായതായാണ് വിവരം. പേരാവൂര്‍ മണ്ഡലം തിരിച്ചുപിടിക്കുക എന്ന വെല്ലുവിളി ശൈലജ ഏറ്റെടുക്കണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട്. മണ്ഡലത്തില്‍ മത്സരിക്കുന്നതിനോട് ശൈലജയ്ക്ക് വ്യക്തിപരമായി താല്പര്യക്കുറവുണ്ടെങ്കിലും പാര്‍ട്ടി തീരുമാനം വന്നാല്‍ വഴങ്ങേണ്ടി വരും. ഇതോടെ ശൈലജയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ക്കും വിരാമമാകും.

ജയരാജന്മാരില്‍ ഇത്തവണ മത്സരരംഗത്തുണ്ടാകാന്‍ സാധ്യത എം.വി. ജയരാജന് മാത്രമാണ്. എ.എന്‍. ഷംസീറിന് പകരം എം.വി. ജയരാജനെ തലശ്ശേരിയില്‍ പരീക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. കാരായി രാജന്റെ പേരും ഇവിടെ പരിഗണനയിലുണ്ട്. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് തന്നെ ജനവിധി തേടും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മത്സരരംഗത്തുണ്ടാകില്ല.

തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലിയാണ് കഴിഞ്ഞ യോഗത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടന്നത്. തളിപ്പറമ്പില്‍ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയുടെ പേര് ഉയര്‍ന്നു കേട്ടെങ്കിലും ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ശ്യാമള ഇല്ലെങ്കില്‍ എന്‍. സുകന്യയ്ക്കായിരിക്കും നറുക്ക് വീഴുക. പയ്യന്നൂരില്‍ ഫണ്ട് വിവാദത്തില്‍ ആരോപണം നേരിടുന്ന ടി.ഐ. മധുസൂദനനെ തന്നെ നിലനിര്‍ത്താനാണ് സാധ്യത. മധുസൂദനനെ മാറ്റിയാല്‍ ആരോപണങ്ങള്‍ ശരിയാണെന്ന് പാര്‍ട്ടിക്ക് സമ്മതിക്കേണ്ടി വരുമെന്ന ഭയമാണ് ഇതിന് പിന്നില്‍.

സി.പി.എം. കോട്ടകളില്‍ പുതുമുഖങ്ങളെ ഇറക്കിയും പ്രമുഖരെ ഒഴിവാക്കിയും വലിയ പരീക്ഷണങ്ങള്‍ക്കാണ് പാര്‍ട്ടി ഒരുങ്ങുന്നത്. ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശയില്‍ സംസ്ഥാന കമ്മിറ്റിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഇ.പി. ജയരാജനും പി. ജയരാജനും എടുക്കുന്ന നിലപാട് പാര്‍ട്ടി അണികള്‍ക്കിടയില്‍ നിര്‍ണ്ണായകമാകും. എംവി നികേഷ് കുമാറിന് സീറ്റുണ്ടാകുമോ എന്നതും ഉയരുന്ന ചോദ്യമാണ്. ഏതായാലും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം നിര്‍ണ്ണായകമായി മാറും.

ഇത്തവണയും രണ്ട് ടേം നിബന്ധനയില്‍ കടുത്ത നിലപാട് പാര്‍ട്ടി സ്വീകരിച്ചാല്‍ പല പ്രമുഖ എം.എല്‍.എമാര്‍ക്കും സീറ്റ് നഷ്ടമാകും. എന്നാല്‍ കണ്ണൂരില്‍ ശൈലജ ടീച്ചര്‍ക്ക് നല്‍കുന്നതുപോലെ 'വിജയസാധ്യത' മുന്‍നിര്‍ത്തി ചിലര്‍ക്ക് ഇളവ് നല്‍കിയേക്കാം. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതൃത്വത്തില്‍ നിന്ന് കൂടുതല്‍ പേരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Tags:    

Similar News