പ്രശാന്ത് ശിവനെ പാലക്കാട്ടെ ജില്ലാ പ്രസിഡന്റാക്കിയാല്‍ രാജിവയ്ക്കുമെന്ന് 9 ബിജെപി കൗണ്‍സിലര്‍മാര്‍; ആര്‍ എസ് എസ് ഇടപെടാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു; നേട്ടമുണ്ടാക്കാന്‍ സന്ദീപ് വാര്യരെ ഇറക്കി കോണ്‍ഗ്രസ്; പാലക്കാട്ടെ ബിജെപിയില്‍ സമവായം ഉണ്ടാകുമോ? നഗരസഭാ ഭരണം പ്രതിസന്ധിയിലേക്ക്
പാലക്കാട് : പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെ പ്രതിഷേധിച്ച് രാജിക്കൊരുങ്ങി ദേശീയ കൌണ്‍സില്‍ അംഗം അടക്കം നേതാക്കള്‍. പാലക്കാട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ രാജി സന്നദ്ധത അറിയിച്ചു.
കൗണ്‍സിലര്‍ കൂടിയായ സാബുവിനെ ബിജെപി അധ്യക്ഷനാക്കണമെന്നതാണ് ഭൂരിപക്ഷ അഭിപ്രായം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിലൊരു ധാരണ അനൗദ്യോഗികമായി ഉണ്ടായിരുന്നു. എന്നാല്‍ അത് അട്ടിമറിക്കുകയാണ്. എന്നാല്‍ പാലക്കാട് തോല്‍വിക്ക് കാരണം മറു വിഭാഗമാണമെന്നാണ് കൃഷ്ണകുമാര്‍ പക്ഷത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പ്രശാന്ത് ശിവനെ പ്രസിഡന്റാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
9 കൗണ്‍സിലര്‍മാര്‍ നാളെ ബിജെ പി സംസ്ഥാന നേതൃത്വത്തിന് രാജി കത്ത് നല്‍കും. വിമത യോഗത്തില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാര്‍ രാജിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. മാനദണ്ഡങ്ങള്‍ തെറ്റിച്ചാണ് തെരഞ്ഞെടുപ്പെന്നാണ് ആക്ഷേപം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് ലഭിച്ചവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി പ്രസിഡന്റിനെ തെരഞ്ഞെടുത്തുവെന്നും പാലക്കാട്ടെ മുതിര്‍ന്ന ബിജെപി നേതാവ് സി കൃഷ്ണകുമാര്‍, തന്റെ ബെനാമിയെ തിരുകി കയറ്റുന്നുവെന്നുമാണ് പ്രധാന ആക്ഷേപം.
അതിനിടെ ഇടഞ്ഞു നില്‍ക്കുന്ന ബിജെപി കൗണ്‍സിലര്‍മാരെ മറുകണ്ടം ചാടിക്കാന്‍ കോണ്‍ഗ്രസും നീക്കം തുടങ്ങി. ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യര്‍ വഴി ചര്‍ച്ചകള്‍ നടത്തുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും വിമത കൌണ്‍സിലര്‍മാരെ ബന്ധപ്പെട്ടു. കൗണ്‍സിലര്‍മാര്‍ രാജിവെക്കുകയാണെങ്കില്‍ നഗരസഭ ബിജെപിക്ക് നഷ്ടമാകും. പാലക്കാട്ടെ 52 -ാം ഭരണസമിതിയില്‍ ബിജെപി 28, യുഡിഎഫ് 16, സിപിഎം ഏഴ്, വെല്‍ഫെയര്‍ പാര്‍്ട്ടി ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. ഒന്‍പതു പേര്‍ രാജിവയ്ക്കുന്നതോടെ ബിജെപിയുടെ അംഗ ബലം 19 ആകും. എങ്കിലും യുഡിഎഫും സിപിഎമ്മും ഒരുമിച്ചില്ലെങ്കില്‍ ബിജെപിക്ക് ഭരണം തുടരാനാകും.
കൗണ്‍സിലര്‍മാര്‍ രാജിവയ്ക്കാതെ അവിശ്വാസം കൊണ്ടു വന്നാല്‍ അത് ബിജെപിക്ക് തിരിച്ചടിയാകും. ഇതിന് വേണ്ടിയാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. അതിനിടെ പാലക്കാട്ടെ ബിജിയിലെ പ്രശ്‌നങ്ങളില്‍ അനുനയത്തിന് ആര്‍ എസ് എസ് ഇല്ല. ഇതോടെ കൗണ്‍സിലര്‍മാര്‍ക്ക് എന്ത് തീരുമാനവും എടുക്കാവുന്ന അവസ്ഥയിലാണ്. കൗണ്‍സിലര്‍മാര്‍ രാജിവയ്ക്കുന്നതും തങ്ങള്‍ ആര്‍ എസ് എസിനൊപ്പമാണെന്ന സന്ദേശം നല്‍കാനാണെന്നും സൂചനയുണ്ട്. അല്ലാത്ത പക്ഷം അവിശ്വാസത്തിന് പോയാല്‍ പോരേ എന്നാണ് അവരുടെ ചോദ്യം.